വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

വിദ്യാഭ്യാസം

പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന് പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ടാബുലേഷൻ പ്രവൃത്തികള്‍ നടന്നു വരികയാണ്. 444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 413581 ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികള്‍ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണ്.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നിന്നുള്ള ഹാജിമാർക്ക് യാത്രയയപ്പ്

ഈരാറ്റുപേട്ട: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി കേരളത്തിൽ നിന്ന് പുറപ്പെടുന്ന തീർഥാടകർക്കായി മൂന്ന് ഹജ്ജ് ക്യാമ്പിലും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം മുഹമ്മദ് സക്കീർ അറിയിച്ചു.ഈരാറ്റുപേട്ട നൈനാർ മസ്‌ജിദിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാജിമാരുടെ ആദ്യസംഘം മേയ് 10ന് കരിപ്പൂ ർ വിമാനത്താവളം വഴി യാത്ര തിരിക്കും. 11ന് കണ്ണൂർ നിന്നും 16 ന് നെടുമ്പാശ്ശേരിയിൽ നിന്നും തീർഥാടകർ പുറപ്പെടൽ ആരംഭിക്കും. മേയ് 30 ന് മുമ്പായി സംസ്ഥാനത്ത് നിന്നുള്ള 16000 ഹാജിമാരും മക്കയിൽ എത്തും. മേയ് ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിക്കും. കണ്ണൂർ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നടത്തുമെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു.ഇമാം അഷറഫ് മൗലവി അൽ കൗസരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അബ്ദുൽ വഹാബ്, വി.പി. മജീദ്, അഡ്വ. സലീം എ.എസ്, മാഹിൻ കുറുമുളംതടം, സഅദുദ്ദീൻ മൗലവി, വി.കെ. താജുദ്ദീൻ, വി.ടി. ഹബീബ് എന്നിവർ സംസാരിച്ചു.

കോട്ടയം

ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. കാർഡ് ഒഴികെയുള്ള എല്ലാ ബാങ്കിങ് സൗകര്യങ്ങളും ഇന്ന് ട്രഷറികളിൽ ലഭ്യമാണ്.അർഹതപ്പെട്ട പണം പോലും തരാതെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കിടയിലും വികസന പ്രവർത്തനങ്ങൾക്ക് യാതൊരു കോട്ടവും വരുത്താതെയാണ് സംസ്ഥന സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന വർഷം 33000 കോടി രൂപ കേന്ദ്ര സഹായം ലഭിച്ചിടത്ത് ഈ വർഷം കിട്ടിയത് 6000 കോടി മാത്രം. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി അണാ പൈസ പോലും കേന്ദ്ര സർക്കാർ മുടക്കിയില്ല. മുണ്ടക്കയത്തെ സബ് ട്രഷറിയുടെ നിർമാണം ഒൻപതു മാസം കൊണ്ടുപൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപ്പാലം,ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി.വി. അനിൽകുമാർ, ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജു മോൻ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ് കെ. ജെ. ജോസ് മോൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. ജി. രാജു, കെ.എസ്.രാജു, ചാർലി കോശി, ടി.സി. സെയ്ദ് മുഹമ്മദ്, സിജു കൈതമറ്റം, സംഘടനാപ്രതിനിധികളായ പ്രദീപ് പി. നായർ, ഷെമീർ വി. മുഹമ്മദ്, രഞ്ജു കെ. മാത്യു, കെ.എ. ദേവസ്യജെ. ജോൺ, എന്നിവർ പ്രസംഗിച്ചു.      

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി. സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നാളെ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി വിദ്യലയമായ ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ. പി സ്കൂൾ ഇനി മുതൽ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ. ഡിജിറ്റൽ സ്കൂളിൻ്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾഖാദർ നാളെ ചൊവ്വ രാവിലെ 10.30 ന് നിർവ്വഹിക്കും. പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകൾ ആണ് ഡിജിറ്റൽ ക്ലാസ്സ് റൂമുകളായി മാറുന്നത്. ഈ മഹത്തായ കർമ്മത്തിന് സാക്ഷിയാകാൻ ഏവരെയും നാളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന്ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് അറിയിച്ചു. എഇഒ ശ്രീമതി ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ് , പിടിഎ പ്രസിഡൻ്റ് കെ.എൻ ഹുസ്സൈൻ, യോഗത്തിൽ പങ്കെടുക്കും.

കോട്ടയം

ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർക്ക് അർഹമായ ആദരം നൽകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ.

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ മൃതദേഹം കണ്ടെത്താൻ മൂന്ന് ദിവസങ്ങളിലായി പരിശ്രമിച്ച ഈരാറ്റുപേട്ടയിലെ സന്നദ്ധ പ്രവർത്തകർക്ക് അർഹമായ ആദരം നൽകുമെന്ന് പാലാ എംഎൽഎ മാണി സി കാപ്പൻ. പോലീസിനും ഫയർഫോഴ്സിനും ഒപ്പം അവരെക്കാൾ കൂടുതൽ പ്രവർത്തിച്ചത് ഈ സംഘമാണ് . 50 ഓളം പേരടങ്ങുന്ന ഈ സംഘത്തിൻ് പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും എംഎൽഎ പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്താനായി പരിശ്രമിച്ച ഇവരെ ആദരിക്കാനും മൊമെന്റോ നൽകാനും തീരുമാനിച്ചതായും അതിനുള്ള നടപടികൾ ചെയ്യാൻ എഡി എമ്മിന് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ സാവധാനം പ്രവർത്തിച്ചപ്പോൾ ഈരാറ്റുപേട്ടിലെ സന്നദ്ധ പ്രവർത്തകരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് രണ്ട് ദിവസം കൊണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കാൻ ആയതെന്നും എംഎൽഎ പറഞ്ഞു.

കോട്ടയം

മീനച്ചിലാറ്റിൽ ശനിയാഴ്ച വൈകുന്നേരം കാണാതായ അമൽ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി*

ഭരണങ്ങാനം: മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടേയും മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മേരിഗിരി ഭാഗത്തെ ആറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.  അടിമാലി സ്വദേശി അമൽ കെ. ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.  ഫയർഫോഴ്‌സിനൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള സന്നദ്ധ സംഘടനകളായ നന്മക്കൂട്ടം, ടീം എമർജൻസി, എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്. 

കോട്ടയം

കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു

ഈരാറ്റുപേട്ട : കാണാതായ വിദ്യാർത്ഥിക്കായി പാലാ കളരിയമ്മാക്കൽ ഭാഗത്ത് രാവിലെ തന്നെ തെരച്ചിൽ ആരംഭിച്ചു.നന്മക്കോട്ടം ;ഈരാറ്റുപേട്ട എമര്ജന്സി ;ഫയർഫോഴ്‌സ്‌ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടങ്ങിയിട്ടുള്ളത് ഇന്നലെ മുണ്ടക്കയം സ്വദേശിയുടെ മൃതദേഹം ലഭിച്ചിരുന്നു.ഭരണങ്ങാനം അസീസിയിൽ ജർമൻ ഭാഷ പഠിക്കാനെത്തിയ സംഘത്തിൽ പെട്ട നാലു വിദ്യാർത്ഥികളാണ് ഭരണങ്ങാനം വിലങ്ങുപാറ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ടത് .രാവിലെ തന്നെ പൊതു പ്രവർത്തകരായ പ്രസാദ് പെരുമ്പള്ളി ;ടോണി തൈപ്പറമ്പിൽ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നലെ നടന്ന തിരച്ചിലിലും ഇവർ ഇരുവരും നേതൃത്വം വഹിച്ചിരുന്നു .

കോട്ടയം

ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ കാണാതായ രണ്ട്  വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. പാലാ, ഈരാറ്റുപേട്ട ഫയർഫോഴ്സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലാണ് ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്. ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് പുരോഗമിക്കുന്നത്. പാലാ മുതൽ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്.