വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

അവിശ്വാസം പാസായതിന് പിന്നാലെ മറുപടിയുമായി ദിയ ബിനു. മാധ്യമങ്ങള്‍ക്ക് പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് പറയാനുള്ളത് ദിയ വ്യക്തമാക്കിയത്

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാൻ പൂർണ ബഹുമാനത്തോടെ സ്വീകരിക്കുന്നു.അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങൾ വിനയപൂർവ്വം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സർക്കാർ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും അതിനെ പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. അതിൽ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്.ചെയർപേഴ്സൺ എന്ന നിലയിൽ ചുമതലയേറ്റ ആദ്യ ദിവസം മുതൽ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു — പൊതുപദവി ഒരു അധികാരമല്ല; ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്. എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. എല്ലാ തീരുമാനങ്ങളും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാൽ ജനപ്രിയമായ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിച്ചത്.   ഈ അവസരത്തിൽ നഗരസഭയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരുടെ ആത്മാർത്ഥ സേവനമാണ് നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നത്. അതോടൊപ്പം, എല്ലാ പ്രതിസന്ധികളിലും എന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിന്ന സഹപ്രവർത്തകരായ കൗൺസിലർമാർക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു. പാലായിലെ ജനങ്ങളോട് എനിക്ക് ഉറപ്പോടെ പറയാനുള്ളത് ഇത്രമാത്രമാണ്:   * ഞാൻ അഴിമതിക്ക് വഴങ്ങിയിട്ടില്ല. * ഞാൻ നിയമം ലംഘിച്ചിട്ടില്ല. * പൊതുപണത്തെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിനിയോഗിച്ചിട്ടില്ല. * ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.   ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ കൗൺസിൽ എടുത്ത തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിലർ എന്ന നിലയിൽ എന്റെ പൊതുപ്രവർത്തനം തുടരും. സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താൽപര്യം എന്നീ മൂല്യങ്ങളിൽ ഞാൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.പൊതുജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ യുവാവിനും യുവതിക്കും ഞാൻ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു.പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല; മൂല്യങ്ങളാണ്. പദവികൾ താൽക്കാലികമാണ്. മൂല്യങ്ങൾ ശാശ്വതമാണ്.ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച കാലയളവിൽ പൊതുപദവിയെ ഞാൻ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല. അത് ജനങ്ങൾ എന്നെ ഏൽപ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമായാണ് ഞാൻ കണ്ടത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും.ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാർഗനിർദേശവും പിന്തുണയും നൽകിയ പാലായിലെ ജനങ്ങൾക്കും, ഗുരുതുല്യരായ മുതിർന്ന നേതാക്കൾക്കും, നഗരസഭാ ജീവനക്കാർക്കും, മാധ്യമ സുഹൃത്തുകൾക്കും, എല്ലാ അഭ്യുദയകാംക്ഷികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല. അത് നമ്മുടെ നാടിന്റെ പൊതുതാൽപര്യമാണ്.പദവികൾ വരും, പോകും. എന്നാൽ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാൻ ഇനിയും പൊതുരംഗത്ത് പ്രവർത്തിക്കുക.പാലായിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഒരിക്കൽക്കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.   നന്ദി. 🙏 സ്നേഹാദരങ്ങളോടെ, ദിയ ബിനു പുളിക്കകണ്ടം

കേരളം

പൊലീസ് വണ്ടിയിൽ മദ്യകുപ്പിയും ചീട്ടും; പൊലീസുകാരെ തടഞ്ഞുവെച്ച തൊടുപുഴ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ 200 പേർക്കെതിരെ കേസെടുത്തു

തൊടുപുഴ: മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്നാരോപിച്ച് ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ എസ് ഐയെയും ഡ്രൈവറുമടക്കുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. തൊടുപുഴ ഈസ്റ്റ്‌ ഏരിയാ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസ്. ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ടുകവലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് കരിമണ്ണൂർ എസ് ഐ യെയും ഡ്രൈവറെയും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ചത്.  നാട്ടുകാരുടെ പരിശോധനയിൽ ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും പുകയില ഉത്പന്നങ്ങളും ചീട്ടുകെട്ടും കണ്ടെത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മദ്യപിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. രക്തസാമ്പിളുകളുടെ വിദഗ്ധ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തിൽ ഇടുക്കി എസ് പി അന്വേഷണം തുടങ്ങി. ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിടത്ത് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്ന് ആരോപിച്ചാണ് നാട്ടുകാർ പൊലീസിനെതിരെ തിരിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ, ലോകകപ്പ് ഫുട് ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ നടത്താൻ തുടങ്ങുന്നതിനിടെയാണ് മങ്ങാട്ടുകവലയിൽ നാടകീയ രംഗങ്ങളുണ്ടായത്. മങ്ങാട്ടുകലവയിൽ ഡ്യൂട്ടിക്കെത്തിയ കരിമണ്ണൂർ എസ് ആയ റോയ് സുകുമാരനും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനും മദ്യപിച്ചാണെത്തിയതെന്ന ആരോപണത്തെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വച്ചു. ഇതിനിടെ, തൊടുപുഴ എസ് എച്ച് ഒ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും, ചീട്ടുകെട്ടും കണ്ടെടുത്തു. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ബ്രീത്ത് അനലൈസറിൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 

കോട്ടയം

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശനം നടത്തി.

മേലുകാവ് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറ  ടൂറിസം വികസനവുമായി ബന്ധപ്പെട്ട്  പാലാ MLA മാണി സി കാപ്പന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ  ചേതൻകുമാർ മീണ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ജോയി സ്കറിയ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ബിൻസി റ്റോമി, വൈസ് പ്രസിഡന്റ്‌, ശ്രീ ക്രിസ്റ്റിൻ ജോൺസൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ. സുനിൽ ഐസക്ക്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രസന്ന സോമൻ, പഞ്ചായത്ത്‌ മെംബേർസ്,  RDO ഓഫീസേർസ്,, റവന്യൂ  ഉദ്യോഗസ്ഥർ, എന്നിവർ സന്ദർശിച്ചപ്പോൾ

പ്രാദേശികം

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാനതലത്തിൽ  നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ ഈരാറ്റുപേട്ട ഉപജില്ലാതല മത്സരം ഹയാത്തുദ്ദീൻ എച്ച്. എസിൽ വെച്ച് നടന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷ അനുസ്മരണവും മുനിസിപ്പൽ കൗൺസിലർ അബ്സാർ മുരിക്കോലിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബഷീർ തൈത്തോട്ടം  സമ്മാന വിതരണം നടത്തി. കെ. എ. റ്റി. എഫ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി. ബിഷറുൽ ഹാഫി ആശംസകൾ അർപ്പിച്ചു. എൽ പി വിഭാഗത്തിൽ ഫഹീം ഫാരിസ്  ( ഗവ. മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ട), ഇഷാൻ അഹമ്മദ് ( ഗവ.മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ട),നഹാ മറിയം ( എസ്.ജി.എം യു.പി.എസ് ഒളയനാട്) എന്നിവരും യുപി വിഭാഗത്തിൽ ഫഹാന മറിയം ( എം. എം. എം.യു.എം യു പി എസ് കാരക്കാട് ) അൽ അസഹർ സി എസ് ( ഹയാത്തുദ്ദീൻ എച്ച്.എസ് ഈരാറ്റുപേട്ട ) അംന ഫാത്തിമ ( എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) ഹൈസ്കൂൾ വിഭാഗത്തിൽ നസ്റിൻ ഫാത്തിമ (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) മുഹമ്മദ് വസീം ( ഹയാത്തുദ്ദീൻ എച്ച്. എസ് ഈരാറ്റുപേട്ട) മിസ്ബാഹുൽ ഫായിസ് ( ഹയാത്തുദ്ദീൻ എച്ച്. എസ് ഈരാറ്റുപേട്ട) എച്ച്.എസ്.എസ് വിഭാഗത്തിൽ ഫാത്തിമ നവാസ്, സന ഇർഷാദ്, അൽഫിയ ബിൻസാദ് (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അലിഫ് കൺവീനർ ആസിം കെ എച്ച് അധ്യക്ഷത വഹിച്ച യോഗത്തിന് മുഹ് താർ സ്വാഗതവും മുഹമ്മദ് അഫ്സൽ നന്ദിയും പറഞ്ഞു.

പ്രാദേശികം

പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ 'എക്സലൻസ് ഡേ സമുചിതമായി ആഘോഷിച്ചു

പൂഞ്ഞാർ:  ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (IHRD) ഈ വർഷത്തെ 'എക്സലൻസ് ഡേ 2K26' ആഘോഷങ്ങൾ സമുചിതമായി നടന്നു. പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ ഭദ്രദീപം കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അക്കാദമിക മികവുമാണ് നാടിന്റെ പുരോഗതിക്ക് ആധാരമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.ഐ.എച്ച്.ആർ.ഡി ഡയറക്ടർ പ്രൊഫ.(ഡോ.) എം. വി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) ജോൺ ജോർജ് സ്വാഗതപ്രസംഗം നടത്തി. സുരത്കൽ എൻ.ഐ.ടി.കെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജു ആർ മോഹൻ മുഖ്യപ്രഭാഷണം നടത്തി, ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ കൈവരിക്കേണ്ട തൊഴിൽ നൈപുണ്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള പ്രതിജ്ഞാ ചടങ്ങ് (Oath-Taking Ceremony) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ശ്രീമതി ഫ്ലവർ എബ്രഹാം മുണ്ടയ്ക്കൽ നിർവ്വഹിച്ചു. പഠനത്തിലും മറ്റ് അനുബന്ധ മേഖലകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.തുടർന്ന് കോളേജ് പിടിഎ  വാങ്ങി നല്കിയ പുതിയ കോളേജ് ബസ്സിന്റെ ഉദ്ഘാടനവും ബഹു. ഐ എച്ച് ആർ ഡി ഡയറക്ടർ പ്രൊഫസർ ഡോക്ടർ എം വി രാജേഷ് നിർവഹിച്ചു.പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ക്ലിന്റ് അരീപ്ലാക്കൽ, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജു വെട്ടത്താനം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും പ്രതിനിധികൾ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. കോളേജ് ഡീൻ ശ്രീ. ഷൈൻ പി. ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെയും ഫോട്ടോ സെഷനോടെയും പ്രോഗ്രാം വിജയകരമായി സമാപിച്ചു.  

ലോകം

ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ​ഗോൾ നേടാനായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിൻ ​ഗോൾ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം സ്പെയിന്റെ പ്രതിരോധ പ്ര​ക​ട​ന​ത്തി​ന് മു​ന്നി​ൽ അ​ർ​ജ​ന്‍റീ​ന​ പ​ത​റി.

കേരളം

ലോകകപ്പ് ഫൈനൽ ഇരുട്ടത്താകില്ല, നിയന്ത്രണം ഒഴിവാക്കാൻ നീക്കം; കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം രാജ്യത്തു പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളം ഇരുട്ടിലേക്ക്. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാൽ തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർ‍പ്പെടുത്തി. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി. ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകൾക്കു കെഎസ്ഇബി ശ്രമം തുടരുന്നു. ലഭ്യമായ വൈദ്യുതിയും വൈദ്യുതി ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്നു വൈദ്യുതി വാങ്ങുന്നതിനാൽ ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്. വൈദ്യുതി കിട്ടിയില്ലെങ്കിൽ, ലോഡ് കൂടിയ സബ് സ്റ്റേഷനുകളോട് നിശ്ചിത സമയം ഫീഡർ ഓഫ് ചെയ്യാൻ നിർദേശിക്കും. അതിനാൽ മുൻകൂട്ടി ഉപയോക്താക്കളെ വൈദ്യുതി മുടങ്ങുന്ന സമയം കൃത്യമായി അറിയിക്കാൻ കഴിയില്ലെന്ന പരിമിതിയുണ്ട്. നിയന്ത്രിച്ചാൽ രക്ഷപ്പെടാംഎല്ലാ വീട്ടിലും ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാൻ തീരുമാനിച്ചാൽ തന്നെ രാത്രി 10 മണിക്കു മുൻപുള്ള പവർകട്ട് ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി. എസി 25 ഡിഗ്രിക്കു മുകളിലാകണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺചെയ്യരുത്. ഇപ്പോൾ ഉപയോഗിക്കുന്നതിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കാനായാൽ പവർകട്ട് ഒഴിവാക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ 19, 20 തീയതികളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ കൂടിയ വിലയ്ക്ക് 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചുവെന്ന് കെഎസ്ഇബി സിഎംഡി രാജമാണിക്യം പറഞ്ഞു. രാത്രിയിലേക്കു മാത്രമായി ഒരു കമ്പനിയും വൈദ്യുതി നൽകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറിലേക്കു വാങ്ങാൻ നിർദേശം നൽകിയത്. കാസർകോട് ചീമേനിയിൽ ആണവനിലയം അപകടരഹിതമായി നടത്താൻ സാധിക്കുമെന്നും എല്ലാ കക്ഷി നേതാക്കളുമായും പൊതുജനങ്ങളുമായും ഇക്കാര്യം സംസാരിക്കാൻ തയാറാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സാങ്കേതിക പഠനവും എല്ലാവരും യോജിച്ചുള്ള പ്രവർത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം

ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടന്നു

ഈരാറ്റുപേട്ട: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയിലെ എൻ.എസ്.എസ് യൂണിറ്റ് , സൗഹൃദ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രം (FHC) ഈരാറ്റുപേട്ടയുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് ഇന്ന് (ജൂലൈ 16) ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ നടന്നു.ക്യാമ്പിൽ രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ പഞ്ചസാര പരിശോധന, BMI പരിശോധന, ആരോഗ്യ കൗൺസിലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കി. പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ, പ്രിൻസിപ്പാൾ ഷീജ എസ് , എഫ്.എച്ച്.സി ഈരാറ്റുപേട്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരിസൺ സി.ജി. എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും രോഗങ്ങൾ നേരത്തേ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.