വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു

മുണ്ടക്കയം ; സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തിന്റെ ധനകാര്യ നില ഭദ്രമാണെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. കഴിഞ്ഞ 43 വർഷമായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചിരുന്ന സബ് ട്രഷറിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 10 സെന്റ് സ്ഥലം ലഭ്യമാക്കുകയായിരുന്നു. തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് ഫണ്ട് അനുവദിപ്പിച്ച് ട്രഷറി നിർമ്മാണം നടത്തുകയായിരുന്നു. ക്യാഷ് കൗണ്ടറുകൾ, ഓഫീസ് സൗകര്യം, സ്ട്രോങ്ങ് റൂം, വിശ്രമമുറി, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ 2 നിലകളിലായി 2700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. യോഗത്തിൽ ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പി ബിജുമോൻ സ്വാഗതം ആശംസിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ പീതാംബരൻ, മുണ്ടക്കയം പഞ്ചായത്ത് മെമ്പർമാരായ താരാ മോബി, സി.വി അനിൽകുമാർ, സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ, വിവിധ രാഷ്ട്രീയ,സാമൂഹ്യ നേതാക്കന്മാരായ എം.ജി രാജു, സുലോചന സുരേഷ്, ചാർലി കോശി, വിവിധ യൂണിയൻ നേതാക്കന്മാരായ എസ്. അനൂപ്, സതീഷ് ജോർജ്, കെ.എ ദേവസ്യ, ജെ.ജോൺ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ രവീന്ദ്രൻ വൈദ്യർ, മുണ്ടക്കയം ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന ഏറ്റവും മുതിർന്ന പെൻഷനറായ പി.ച്ച് മുഹമ്മദ് ബഷീർ, പ്രവർത്തി പൂർത്തീകരിച്ച കോൺട്രാക്ടർ മനോജ് എം നായർ എന്നിവരെ എംഎൽഎ ആദരിച്ചു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ അന്തർദേശീയ ശാസ്ത്ര സെമിനാറും പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ,ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല  പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.മോളിക്യൂളർ മെഡിസിനും മരുന്ന് രൂപകൽപ്പനയും: രാസ ശാസ്ത്രത്തിൻ്റെ പുതിയ അതിരുകൾഎന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ  സി എസ് ഐ ആർ -എൻ ഐ ഐ എസ് ടിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജുബി ജോൺ ഉദ്ഘാടനം ചെയ്തു.   വൈറസുകൾ, രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലുറൈനിലെ  പോസ്റ്റ്‌ഡോക്ടറൽ ഗവേഷക ഡോ. ഹരിത ഫലപ്രദമായ ഔഷധ നിർമ്മാണത്തിനായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടേയും മെഷീൻ ലേണിംഗിൻ്റെയും സമന്വയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും രസതന്ത്രവും സംയോജിപ്പിച്ച് മരുന്ന് വികസനം  മെച്ചപ്പെടുത്താമെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോഡിനേറ്റർ ഡോ. നിഹിത ലിൻസൺ തുടങ്ങിയവർ സംസാരിച്ചു. കെംസ്പയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ നോസിസ് സ്സ് 2.0” എന്ന പേരിൽ അഖില കേരള പേപ്പർ അവതരണ മത്സരവും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള യു.ജി., പി.ജി. വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.നോസിസ് 2.0 പേപ്പർ അവതരണ മത്സരത്തിൽ പാലാ അൽഫോൻസാ കോളേജിലെ നന്ദന ദിനേശ്, ഗോപിക പി വി എന്നിവർ ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ് ബി കോളേജിലെ ജുവൽ ബെന്നി തോമസ്, ആഞ്ജലീന ടെസ്സ മരിയ എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

കേരളം

വയനാട്ടിൽ മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യ ഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന്

കല്‍പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മ്മിച്ച ആദ്യഘട്ടത്തിലെ 51 വീടുകളുടെ കൈമാറ്റം ഇന്ന് നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വെെകീട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും. പ്രിയങ്കാ ഗാന്ധി എംപിയാണ് ചടങ്ങില്‍ മുഖ്യ അതിഥി. മുസ്ലിം ലീഗ് ദേശീയ സംസ്ഥാനതല നേതാക്കളും യുഡിഎഫിന്‍റെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് മുസ്ലിം ലീഗിന്റെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റിലായി മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത് റൂം, അടുക്കള, ഡ്രൈനിംഗ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്.  

കോട്ടയം

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു

കോട്ടയം

​ഗർഭാശയഗള കാൻസറിന് പ്രതിരോധം:

കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 28) രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയാകും   ഗർഭാശയ ഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങുന്നത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.     ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്‌സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായെന്നാണ് കണക്ക്. സമയബന്ധിതമായ എച്ച്.പി.വി.  വാക്‌സിനേഷനും സെർവിക്കൽ സ്‌ക്രീനിംഗും വഴി കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രതിരോധകുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതി(എൻ.ടി.എ.ജി.ഐ)യും ലോകാരോഗ്യ സംഘടനയും ഗർഭാശയഗള കാൻസറിനെതിരേ എച്ച്പിവി വാക്‌സിനേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വെബ്‌സൈറ്: https://uwin.mohfw.gov.in/home .

പ്രാദേശികം

ബഹിരാകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ച് അരുവിത്തുറ കോളേജിൽ കോസ്മിക്ക് വാച്ച് 2.0 താരനിശ .

ഈരാറ്റുപേട്ട :അരുവിത്തുറയുടെ ആകാശത്തു തെളിഞ്ഞ ചന്ദ്രനെയും താരങ്ങളെയും അടുത്തു കണ്ട് വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം മുന്നൂറോളം പേരാണ് ആവേശത്തിലായത്. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഒരുക്കിയ ആകാശ കാഴ്ചകൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭൂതി പകർന്നു.   അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച്  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറച്ചു  ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ്  സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.കുണ്ടുകളും കുഴികളും നിറഞ്ഞ ചന്ദ്രോപരിതലവും വ്യാഴവും കാലിസ്റ്റോ ഉൾപ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങളും സിറിയസ് എന്ന 9 പ്രകാശവർഷങ്ങൾ അകലെയുള്ള കൂറ്റൻ നക്ഷത്രവുംഓറിയോൺ എന്ന മനോഹരമായ നെബുലയും വിദ്യാർത്ഥികൾ ടെലസ്കോപ്പിലൂടെ കണ്ടു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ . പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ,ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിനൊപ്പം ഫിസിക്സിലെ വിഭാഗത്തിലെ മറ്റ് അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച്ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും  ഫിസിക്സിലെ ആശയങ്ങളെ മനസിലാക്കുവാൻ സഹായിക്കുന്ന ലളിതമായ പരീക്ഷണങ്ങളുടെ പ്രദർശനംഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു.

കോട്ടയം

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ജീരാജ് , ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് അംഗം താര മോബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ എം.ജി രാജു , സുലോചന സുരേഷ്, ചാർലി കോശി, കെ. എസ് രാജു , അനൂപ് പൂവത്തോലി, പി. യു അൻസാരി, ഷാജി അറത്തിൽ , സിജു കൈതമറ്റം, രാജീവ് അലക്സാണ്ടർ, വിവിധ യൂണിയൻ ഭാരവാഹികളായ എസ്. അനൂപ്, സി.എ നിയാസ്, ഷമീർ വി മുഹമ്മദ് , സതീഷ് ജോർജ്, ശ്യാംരാജ് ആർ.എൽ, കെ.എ ദേവസ്യ, ജെ.ജോൺ , വ്യാപാരി വ്യവസായി പ്രതിനിധി ടി.എസ് റഷീദ് തുടങ്ങിയവർ പ്രസംഗിക്കും.     മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് ട്രഷറി നിർമ്മാണം നടത്തിയത്.  43 വർഷമായി വാടക കെട്ടിടത്തിൽ വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് മുണ്ടക്കയം സബ് ട്രഷറി ഇതുവരെ പ്രവർത്തിച്ചു വന്നിരുന്നത്. സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതും മൂലം പെൻഷൻകാർ ഉൾപ്പെടെ ട്രഷറിയുടെ വിവിധ സേവന ഉപഭോക്താക്കൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന പെൻഷൻകാരുടെയും മറ്റും ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സർക്കാരിൽ നിന്നും 1.88 കോടി രൂപ അനുവദിപ്പിച്ച് പുതിയ കെട്ടിടം നിർമ്മാണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 10 സെന്റ് സ്ഥലത്ത് 2700 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. ഓഫീസ് സൗകര്യം, കൗണ്ടർ, സ്ട്രോങ്ങ് റൂം , വിശ്രമ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ ട്രഷറിയിൽ എത്തുന്ന എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരളം

കേരള' ഇനി 'കേരളം'; സംസ്ഥാന നാമമാറ്റത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതില്‍ നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ അംഗീകാരം നല്‍കിയതായി അറിയിച്ചു. സംസ്ഥാന നാമമാറ്റവുമായി ബന്ധപ്പെട്ട പ്രമേയം 2024 ജൂണ്‍ 24നു കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. 2023ല്‍ പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച ചില സാങ്കേതിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയ പ്രമേയമാണ് പിന്നീട് വീണ്ടും നിയമസഭ അംഗീകരിച്ചത്. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ പേരുമാറ്റം ഔദ്യോഗികമായി നിലവില്‍ വരൂ. ഇതിനായി പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ടെന്നാണ് നിയമനടപടി. ബില്ല് പാസായാല്‍ സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളിലും 'കേരളം' എന്നായിരിക്കും രേഖപ്പെടുത്തുക