വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

ഈരാറ്റുപേട്ട : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ ഈരാറ്റുപേട്ട ഗവൺമെൻ്റ്  ഹയർ സെക്കൻഡറി സ്‌കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിൻ്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്‌തു.  ലയൺസ്  ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം  മുഖ്യപ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ അഫ്സൽ വി നൗഷാദ് ,പി.റ്റി.എ. പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.ടി.എ.വൈസ് പ്രസിഡന്റ് അനസ് പാറയിൽ , പ്രിൻസിപ്പൽ ഷീജ എസ് ,ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, ലയൺ അംഗങ്ങളായ  വി.എം മാത്യു വെള്ളാപ്പാണിയിൽ സ്റ്റാൻലി മാത്യു തട്ടാരുപറമ്പിൽ ,മനോജ് മേലുകാവ്, എന്നിവർ  ആശംസകൾ അർപ്പിച്ചു.

കേരളം

സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച്‌ പൊലീസ്‌

കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌  പൊലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു.  കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ്/ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന്‌ പൊലീസ്‌ പറയുന്നു. യഥാർഥ വെബ്സൈറ്റിന്റെ വ്യാജനെ സൃഷ്ടിച്ചോ വിശ്വസനീയമായ ഉറവിടമെന്നു തെറ്റിദ്ധരിപ്പിച്ചോ ഉപയോക്താക്കളുമായി ആശയവിനിമയം നടത്തി പണവും വ്യക്തിവിവരങ്ങളും ചോർത്തുന്ന സൈബർ തട്ടിപ്പ് രീതിയായ ‘ഫിഷിങ്’ ആണിതെന്നും പൊലീസ്‌ വ്യക്തമാക്കി. ഇത്തരം ലിങ്ക് തുറക്കുന്നതും വ്യക്തിവിവരങ്ങൾ നൽകുന്നതും അപകടമാണ്. വ്യാജ ലിങ്കുകളിൽ പ്രവേശിച്ചാൽ വൈറസോ മാൽവേറുകളോ ലിങ്ക് തുറക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണത്തിൽ കയറാം. വിവരങ്ങൾ നൽകുന്ന ഉടൻ തട്ടിപ്പുകാർ ഒടിപി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതും അപകടമാണ്‌. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ ചിലപ്പോൾ കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റുണ്ടായേക്കാം. ചിലപ്പോൾ കൃത്യമായ പേരിനുപകരം പരസ്പരബന്ധമില്ലാത്ത അക്ഷരങ്ങളോ സംഖ്യകളോ ആയിരിക്കും ഉണ്ടാകുക.ലിങ്ക് തുറന്നിട്ടുണ്ടെങ്കിൽ ഫോണിൽ മാൽവെയറുകൾ ഇൻസ്‌റ്റാൾ ആയിട്ടില്ല എന്ന് ഉറപ്പാക്കണം. ബാങ്കിൽനിന്ന്‌ പണം പിൻവലിക്കുകയോ അതിന്‌ ശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം. സാമ്പത്തിക തട്ടിപ്പിന്‌ വിധേയനായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട്‌ പരാതി രജിസ്‌റ്റർ ചെയ്യണമെന്നും പൊലീസ്‌ അറിയിച്ചു.

പ്രാദേശികം

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ

അരുവിത്തുറ :സെൻ്റ് ജോർജ് കോളജിലെ കോളേജ് യൂണിയൻ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. പരിപാടികളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,സ്റ്റാഫ് കോഡിനേറ്റർ ഡോ.തോമസ് പുളിയ്ക്കൻ, കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ ,ജനറൽ സെക്രട്ടറി ജോൺസൺ ജോണി, വൈസ് ചെയർപേഴ്സൺ എയ്ഞ്ചലിനാ മനോജ്,മാഗസിൻ എഡിറ്റർ സ്വാതി എസ് തുടങ്ങിയവർ സംസാരിച്ചു.കോളേജ് ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രശസ്ത കലാകാരൻ ഷാഫി കൊല്ലം കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മോടികൂട്ടി.

കോട്ടയം

അക്ഷയ സംരംഭകരാകാൻ നിങ്ങൾക്കും അവസരം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.പൊതുവിഭാഗത്തിൽ നിന്നും 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും 20 ലൊക്കേഷനുകളിലേക്കും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം.എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകം. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവർക്ക് അധിക മാർക്ക് ലഭിക്കും.പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്. 750 രൂപയാണ് അപേക്ഷാ ഫീസ്.https://lbsedp.Ibscentre.in/akshaya26 / എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 7 ആണ്. കൂടുതൽ വിവരങ്ങൾ https://akshaya.kerala.gov.in/m വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

കോട്ടയം

എ ഐ വൈ എഫ് മുണ്ടക്കയം മണ്ഡലം കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ; എ ഐ വൈ എഫ്  മുണ്ടക്കയം മണ്ഡലം  കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി  സഖാവ്  ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് T R അധ്യക്ഷത വഹിച്ച യോഗത്തിൽ ബിനീഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ്, സെക്രട്ടറിയേറ്റ് അംഗം പ്രസാദ്, AIYF ജില്ലാ എക്സിക്യൂട്ടീവ് ആർ രതീഷ്,ജില്ലാ കമ്മിറ്റി അംഗം കിരൺ രാജൻ, aisf മണ്ഡലം സെക്രട്ടറി ദീപക് ദിലീഷ് എന്നിവർ കൺവെൻഷനിൽ അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറിയായി ബിനീഷ് എ വി, പ്രസിഡന്റയി  മേഘ സുരേഷിനെയും തെരഞ്ഞെടുത്തു 

കോട്ടയം

എരുമേലി- ശബരിമല ഇടത്താവളം:ഉദ്ഘാടനം മാർച്ച്‌ 3ന്

എരുമേലി: ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച്‌ 3 ന് രാവിലെ 10.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.  വിപുലമായ സൗകര്യങ്ങളോടുകൂടിയുള്ള അന്നദാന പന്തൽ, കോൺഫറൻസ് ഹാളുകൾ, ഗസ്റ്റ് റൂമുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയാണ് ഇടത്താവളത്തിൽ ക്രമീകരിച്ചിട്ടുള്ളത്.  ഇതു കൂടാതെ തീർത്ഥാടകരുടെ സൗകര്യം കണക്കാക്കി എരുമേലി മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ടമായി 10 കോടി രൂപയും സംസ്ഥാന സർക്കാറിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ ശുചിമറി കോംപ്ലക്‌സ്, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ആധുനിക സൗകര്യങ്ങളോടെ കവേർഡ് ബാത്ത് ഏരിയ, ഓവർ ഹെഡ് വാട്ടർ ടാങ്ക് മുതലായവയും നിർമ്മിക്കും. കൂടാതെ തീർത്ഥാടന കാലത്തെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനും, പേട്ടതുള്ളൽ പാതയിലൂടെ ഉള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യം വെച്ച് എരുമേലി ടൗൺ പ്രദേശത്ത് എരുമേലി ബസ്റ്റാൻഡ് - ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ -ഓരുങ്കൽ കടവ് റോഡ്, എം.ടി.എച്ച്.എസ്- എൻ.എം.എൽ.പി.എസ്- കാരിത്തോട് റോഡ് - പട്ടാളിപ്പടി -കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബി.എസ്.എൻ.എൽ പടി റോഡ് എന്നീ പ്രാദേശിക റോഡുകൾ പദ്ധതിയുടെ ഭാഗമായി റിംഗ് റോഡുകളായി വികസിപ്പിക്കും. അതോടൊപ്പം എരുമേലി- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലൂടെ തീർത്ഥാടകർ കാനനപാതയിലേക്ക് നടന്നുപോകുന്നത് ഒഴിവാക്കാൻ കൊച്ചമ്പലം മുതൽ പേരൂർതോട് വരെയുള്ള പരമ്പരാഗത പാത നവീക രിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വലിയമ്പലം കോമ്പൗണ്ടിൽ ജലസ്രോതസ്സ് ശക്തിപ്പെടുത്തുന്നതിന് ചെക്ക് ഡാം നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.   ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയുമാണ്.    

കേരളം

നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട്/നെടുമ്പാശേരി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയും ശുചിത്വ മിഷനും നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

ഈരാറ്റുപേട്ട: കുട്ടികളിൽ ശുചിത്വാവബോധം വർധിപ്പിക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി ഈരാറ്റുപേട്ട നഗരസഭയും സംസ്ഥാന ശുചിത്വ മിഷനും സംസ്ഥാന മാലിന്യ നിർമാർജന പ്രൊജക്ടും സംയുക്തമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിദ്യാർഥി ഹരിത സേന സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളുടെ കൂടിച്ചേരലും സംഘടിപ്പിച്ചു.  ആനിയിളപ്പിലെ തീക്കോയി ടെക്നിക്കൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൈന നടീച്ചർ അധ്യക്ഷത വഹിച്ചു.  വാർഡ് കൗൺസിലർ സുബൈർ വെള്ളാപ്പള്ളി, ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് ഇൻചാർജ് രാജൻ, ഹെഡ് ക്ലർക്ക് പ്രദീപ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാസ് പാലയംപറമ്പിൽ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധയിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥികളുടെ തങ്ങളുടെ പ്രൊജക്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.