വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ മത്സരിക്കും

പാലാ: മെയ്‌ 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും.പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ് പി. മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്)റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ⁠ജോർജ് ജോസഫ് (മീനച്ചിൽ കോ-ഓപ്പറേറ്റീവ് ഹൗസ്സിങ് സൊസൈറ്റി)ക്ഷീര സംഘങ്ങളിൽ നിന്ന് ജോഷി മാത്യു (കടപ്ലാമറ്റം ക്ഷീര വ്യവസായ സഹ. സംഘം)പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിലെ ജീവന ക്കാരുടെ പ്രതിനിധിയായി കെ. സി. ഇ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ അനിൽകുമാർ പി.ജി (മുത്തോലി ഈസ്റ്റ്‌ സർവീസ് സഹ. ബാങ്ക്)ഇതരസംഘങ്ങളിൽപെട്ട ജീവനക്കാരുടെ പ്രതിനിധിയായി കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി അംഗം ⁠റിനോജ് മാത്യു (മീനച്ചിൽ ഈസ്റ്റ്‌ അർബൻ സഹ. ബാങ്ക്)വനിതാ പ്രതിനിധിയായി ലാലി മൈക്കിൾ (കടനാട് അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം)പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന്റെ പ്രതിനിധിയായി രാമൻ പി.വി (വലവൂർ അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹ. സംഘം) എന്നിവർ മത്സരിക്കും.മെയ്‌ 16 നു പാലാ ളാലം സെന്റ്. ജോർജ് പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി.

കേരളം

കാലവര്‍ഷം മെയ് 13ഓടെ എത്തും: വെള്ളിയാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം വളരെ നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കോട്ടയം

മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ

കോട്ടയം: മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അടിയന്തര പ്രാധാന്യത്തോടെ നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുമേധാവികളുടെ യോഗം തീരുമാനിച്ചു. അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനടക്കമുള്ള കാര്യങ്ങൾ യോഗം വിലയിരുത്തി.  മഴ ശക്തമാകുന്ന ദിവസങ്ങളിൽ ജില്ലാ- താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം മുഴുവൻ സമയവും ഉറപ്പുവരുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കും.  രണ്ടു ദിവസം തുടർച്ചയായി മഴ പെയ്യുന്ന വില്ലേജുകളിലെ പാറമടകളിൽ പാറ പൊട്ടിക്കുന്നത് നിർത്തിവെപ്പിക്കും.  പൊതുസ്ഥലങ്ങളിലുള്ള അപകടകരമായ മരങ്ങളും ശിഖരങ്ങളും നീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥലങ്ങളിൽ അപകടകരമായ മരങ്ങൾ നീക്കം ചെയ്യാൻ നിർദേശിക്കുകയും അതുറപ്പുവരുത്തുകയും ചെയ്യണം.  തദ്ദേശ എൻജിനീയറിങ് വകുപ്പ്, പൊതുമരാമത്തു വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെ ഉപയോഗിച്ച് നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കും.  എല്ലാ സ്‌കൂളുകളിലെയും കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശ-സ്വയംഭരണ എൻജിനീയറിങ് വിഭാഗം വിലയിരുത്തും. അറ്റകുറ്റപ്പണികൾ നടത്തി അധ്യയനം നടത്താൻ യോഗ്യമാക്കുന്നതിന് വിദ്യാഭ്യാസവകുപ്പിനാണ് ചുമതല.ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതവും നഗരസഭകൾക്ക് രണ്ടുലക്ഷം രൂപ വീതവും ദുരന്തപ്രതികരണ നിധിയിൽ നിന്നനുവദിക്കും.ക്യാമ്പുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തും. മഴക്കാല രോഗങ്ങൾക്കുള്ള മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ഉണ്ടെന്നുറപ്പാക്കും. പക്ഷികൾക്കും മൃഗങ്ങൾക്കും മഴക്കാലത്ത് ഉണ്ടാകാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വകുപ്പ് ജില്ലാതല പദ്ധതി തയാറാക്കും. മരുന്നുകളും ഉറപ്പാക്കും.  മുഴുവൻ പാലങ്ങളുടെയും ബലം പരിശോധിച്ച് മഴക്കാലത്ത് വാഹന ഗതാഗതം നിരോധിക്കേണ്ടതുണ്ടോ എന്ന്  പരിശോധിക്കും.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ  താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിലേക്ക് നൽകിയ ടി.വി., മൊബൈൽ ഫോൺ എന്നിവ തഹസീൽദാർമാർക്ക്  ജില്ലാ കളക്ടർ കൈമാറി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ എന്നിവർ പങ്കെടുത്തു.   

കോട്ടയം

ഹൈസ്കൂൾ വിദ്യാർഥികൾക്കായി എസ്.ഐ.ഒ ജില്ലാ ടീൻസ് മീറ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  എസ്.ഐ.ഒ കോട്ടയം ജില്ലാ കമ്മിറ്റി ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടീൻസ് മീറ്റ് സംഘടിപ്പിച്ചു. 'തഅമ്മുൽ: പ്രതീക്ഷയുടെ പ്രഭാതങ്ങൾ വിദൂരമല്ല' എന്ന അവധിക്കാല ക്യാമ്പയിനോടനുബന്ധിച്ചാണ്  ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിൽ മൂന്നു ദിവസത്തെ ക്യാമ്പ് നടത്തിയത്.  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സജീദ് പി.എം. ഉദ്ഘാടനം ചെയ്തു. വിവിധ കലാ കായിക മത്സരങ്ങളും ഇലവീഴാപൂഞ്ചിറയിലേക്ക് ട്രക്കിംഗും സംഘടിപ്പിച്ചു. ബെസ്റ്റ് ക്യാമ്പറായി ആരിഫ് അൻസാരി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ്, ടീൻസ് മീറ്റ് ജില്ലാ കോഡിനേറ്റർ മുഖ്താർ നജീബ് എന്നിവർ സംസാരിച്ചു.  

ഇൻഡ്യ

തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. വൈകാതെ ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു. ഇന്ത്യൻ സേന അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്.‘ഓപ്പറേഷന്‍ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും.

കോട്ടയം

കോട്ടയം പൊൻകുന്നം സ്വദേശിയായ പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തി! പ്രതിയെന്ന് സംശയിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ പിടിയിൽ

കറുകച്ചാല്‍: യുവതിയെ കാറിടിച്ചു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുട‌ങ്ങി. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണൻ (36) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ 9നു ജോലിക്കു പോകുമ്പോൾ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടി റോഡിലാണ് അപകടം. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വഴിയിലൂടെ നടന്നു പോയിരുന്ന നീതുവിനെ ഒരു ഇന്നോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടത് എന്നാണ് വിവരം. വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. ഇന്നോവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ അതൊരു വാടകയ്‌ക്കെടുത്ത വാഹനമാണെന്ന് മനസിലായി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് മരിച്ച നീതുവിന്റെ ആണ്‍സുഹൃത്തിലേക്ക് എത്തി നില്‍ക്കുന്നത്. കസ്റ്റഡിയിലെടുത്ത അന്‍ഷാദിനെ ചോദ്യം ചെയ്തുവരികയാണ്.  

കേരളം

കേന്ദ്ര നിർദേശപ്രകാരം 14 ജില്ലകളിലും നാളെ മോക്ഡ്രിൽ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ മോക്‌‍ഡ്രില്‍ നടത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാളെ കേരളത്തില്‍ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മോക്‌ഡ്രില്‍ നടത്തും. നാളെ നാലു മണിക്കാണ് മോക്ഡ്രില്‍. സിവില്‍ ഡിഫന്‍സ് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കു വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക്ഡ്രില്‍ നടത്തുന്നതെന്ന് അഗ്നിരക്ഷാസേനാ മേധാവി മനോജ് ഏബ്രഹാം പറഞ്ഞു. ജില്ലാ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫിസര്‍മാരുമാണ് മോക് ഡ്രില്ലിനു നേതൃത്വം നല്‍കുന്നത്. ജനങ്ങള്‍ക്കും ഇതേക്കുറിച്ചു ധാരണയുണ്ടാകണം. ഓഫിസിലാണെങ്കില്‍ മുകള്‍ നിലയില്‍ നില്‍ക്കാതെ താഴത്തെ നിലയിലേക്കോ പാര്‍ക്കിങ്ങിലേക്കോ മാറണം. നാളെ ആദ്യത്തെ പരിപാടി എന്ന നിലയിലാണ് നടത്തുന്നതെന്നും ജനങ്ങള്‍ ഇക്കാര്യത്തില്‍ ബോധവാന്മാരായി ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ അതനുസരിച്ച് പെരുമാണമെന്നും മനോജ് ഏബ്രഹാം പറഞ്ഞു. മോക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂഗരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് പ്രധാനമായും ഇതുള്ളത്. ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലേക്കു സന്ദേശം നല്‍കുക. മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിൻ്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കലക്ട‌ർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യു, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പൊലീസ് മേധാവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ട‌ർ ജനറൽ, ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറിയും കമ്മിഷണറും, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്‌ടർ, ജില്ലാ കലക്‌ടർമാർ, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി തല ഇടപെടലുകള്‍ 1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാർഡന്മാരെ നിയോഗിക്കുക. 2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫൻസ് ബ്ലാക്ക്‌ഔട്ട് നിർദ്ദേശങ്ങള്‍ എത്തിക്കുക. 3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പൊതുജനങ്ങളെ അലർട്ട് ചെയ്യുക. 4. വാർഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക. 5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. 6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്‌ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്‌ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാർഡന്മാരുടെ നിർദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക. ഗാർഹികതല ഇടപെടലുകള്‍ 7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളില്‍ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്. 8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. 9. ബാറ്ററി/സോളാർ ടോർച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക. 10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്ബോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്. 11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക. 12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക. 13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ''ഫാമിലി ഡ്രില്‍'' നടത്തുക. 14. സൈറൻ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്. 15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്. 16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക. 17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്ബോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക. 18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.    

പ്രാദേശികം

സ്കൂൾ ബാഗ്, കുട എന്നിവയുടെ വിതരണോദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 - 26 അദ്ധ്യയന വർഷം സ്കൂൾ വിഭാഗത്തിൽ പുതിയതായി ചേരുന്ന വിദ്യാർത്ഥികൾക്ക് വാഗമൺ ഹൈറ്റ്സ് റിസോർട്ട് നൽകുന്ന സ്കൂൾ ബാഗ്, കുട എന്നിവയുടെ വിതരണോദ്ഘാടനം വാഗമൺ ഹൈറ്റ്സ് റിസോർട്ട് ഡയറക്ടർ എം.എ. റഷീദ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലീന എം.പി ഏറ്റുവാങ്ങി ​​​​