വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് : ഹ്രസ്വകാല സൗജന്യ സിവിൽ സർവീസ് കോഴ്സ്

ഈരാറ്റുപേട്ട.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിലുള്ള  എംഎൽഎ സർവീസ് ആർമി പൂഞ്ഞാർ നടത്തിവരുന്ന  വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ  ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി  അവധിക്കാല സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ്  മെയ് ഒമ്പതാം തീയതി ആരംഭിക്കുന്നു.   ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം മെയ് 9-)o തിയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ  വച്ച്  സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്  നിർവഹിക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഈ രംഗത്തെ പ്രഗൽഭരായ അധ്യാപകർ ഈ ഹ്രസ്വകാല  സിവിൽ സർവീസ് ക്യാമ്പിന് നേതൃത്വം നൽകും.  കൂടാതെ ഐഎഎസ്, ഐപിഎസ്, ഐആർഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിലവിൽ സർവീസിൽ ഉള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരും ക്യാമ്പിൽ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കും.  വൈകുന്നേരം 5 മണിവരെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകും. തുടർന്ന് ദിവസങ്ങളിൽ  ഓൺലൈൻ ക്ലാസുകളിലൂടെ ആയിരിക്കും കോഴ്സ് പൂർത്തീകരിക്കുക.    എട്ടു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ  പഠിക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ സ്ഥിരതാമസമുള്ള  വിദ്യാർത്ഥികൾക്കായിരിക്കും കോഴ്സിൽ ചേരുന്നതിന് അവസരം ലഭിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   പേര് , അഡ്രസ്സ്, കോൺടാക്ട് നമ്പർ, പഠിക്കുന്ന സ്കൂൾ തുടങ്ങിയ വിശദാംശങ്ങൾ  05.05.2025 നകം  ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ താഴെപ്പറയുന്നവരുടെ നമ്പറുകളിൽ വാട്സ്ആപ്പ് മുഖേന നൽകേണ്ടതാണ്. സുജ എം. ജി : 94466 02182, പ്രിയാ അഭിലാഷ്: +91 94003 76678, സാൻജോ ഡെന്നി : +91 79026 09306  എന്നീ നമ്പറുകളിൽ ഏതിലെങ്കിലും  അറിയിക്കുക.  ക്യാമ്പിലേക്ക് അപേക്ഷിക്കുന്നവരിൽ നിന്നും  മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന 60 വിദ്യാർത്ഥികൾക്ക്  മാത്രമായിരിക്കും കോഴ്സിൽ പ്രവേശനം ലഭിക്കുക. ഈ കോഴ്സ് തികച്ചും സൗജന്യമായിരിക്കും.

വിദ്യാഭ്യാസം

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്; മൂല്യനിർണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ  2,17,696  ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി. റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ 2,815 ആൺകുട്ടികളും 242 പെൺകുട്ടികളുമുണ്ട്. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.

കോട്ടയം

എന്റെ കേരളം പ്രദര്‍ശന വിപണനമേളയിൽ ശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് ആന

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കേരള വനം-വന്യജീവി വകുപ്പിന്റെ സ്റ്റാളില്‍ വന്നാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന പനച്ചിക്കാട് കൊച്ചയ്യപ്പന്‍ എന്ന 'കൊമ്പനെ' കാണാം. പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ അതേ ഗാംഭീര്യമാണ് ഇവന്. തുമ്പി കുലുക്കി ചെവികളാട്ടി നില്‍ക്കുന്ന ഈ ഇലക്ടിക്ക് ആന ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. നാട്ടാനകള്‍ നേരിടുന്ന ക്രൂരതകള്‍ തുറന്ന് കാട്ടുകയാണ് ഈ സ്റ്റാളില്‍. തൊട്ടപ്പുറത്തെ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്റ്റാള്‍ കാണാം. ഇവിടെ ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴിലുള്ള മാണിക്യമംഗലം സംഘത്തിന്റെ നെറ്റിപ്പട്ട ശേഖരമാണ് കാണാന്‍ കഴിയുന്നത്. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കീഴില്‍ പരിശീലനം നേടിയ 12-ഓളം സ്ത്രീകളുടെ കരവിരുതാണ് ഇവ. ഒന്നര അടി ഉയരമുള്ള നെറ്റിപ്പട്ടത്തിന് 1200 മുതല്‍ 1300 രൂപ വരെയും ഉയരം കുറവുള്ളവയ്ക്ക് 500 രൂപ മുതലുമാണ് വില. പൂരങ്ങളിലെ പ്രധാനിയായ ആലവട്ടത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗൃഹപ്രവേശനം തൊട്ട് വിവാഹവാര്‍ഷികം വരെയുള്ള മുഹൂര്‍ത്തങ്ങളില്‍ സമ്മാനമായി തിളങ്ങുന്ന ഇവയെ മാണിക്യമംഗലത്തെ സ്ത്രീകള്‍ ആവശ്യത്തിന് അനുസരിച്ച് നിര്‍മിച്ചുനല്‍കും. 2022 മുതല്‍ ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്ന സംഘം പ്രധാനമായും തൃശൂര്‍, കൊല്ലം മേഖലയില്‍ നിന്നാണ് അവശ്യവസ്തുക്കള്‍ എടുക്കുന്നത്.

കേരളം

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി

മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ വ്യാജനാണെന്ന മുന്നറിയിപ്പുമായി എംവിഡി. വാട്സ് ആപ്പ് നമ്പരിലേക്ക് എത്തുന് മലയാളത്തിൽ ഉള്ള ഇ ചലാനൊപ്പം എത്തുന്ന ഫയലുകൾ തുറന്നാൽ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട് എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ട്രാഫിക്ക് വയലേഷൻ നോട്ടീസ് (Traffic violation notice) എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും എംപരിവാഹൻ (mParivahan) എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് ഡീറ്റയിൽസ്, പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.

ഇൻഡ്യ

എടിഎം വഴി പണം പിൻവലിക്കുന്നതിന്റെ നിരക്ക് കൂട്ടി ആർബിഐ

ന്യൂഡൽഹി: എടിഎം കൗണ്ടറുകൾ മുഖേനയുള്ള പണമിടപാടിൽ നിരക്ക് വർധനയുമായി ആർബിഐ. മെയ് ഒന്ന് മുതൽ എടിഎം വഴി പിൻവലിക്കുന്ന പണത്തിന് നൽകേണ്ട തുകയിലാണ് വർധന.  നിലവിൽ സൗജന്യ ഇടപാടുകൾക്കു ശേഷം നടത്തുന്ന പണം പിൻവലിക്കലിന് 21 രൂപയാണ് നൽകേണ്ടത്. ഈ തുക 23 ആയാണ് വർധിപ്പിച്ചത്. എംടിഎം കൗണ്ടറുകൾ നിലനിർത്തുന്നതിനും മറ്റും അമിതമായ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം  

കോട്ടയം

പോലീസകണോ...അതോ പ്രതിയാകണോ... കാക്കി അണിയാനും ജയിലിൽ കിടക്കാനും അവസരമൊരുക്കി പോലീസ്.

കോട്ടയം: പോലീസാകണോ...അതോ പ്രതിയാകണോ... രണ്ടിനും അവസരമൊരുക്കുകയാണ് നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേള. മേളയിലെ പൊലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് ഇതിനുള്ള അവസരം. ജയിലിൽ കിടന്നും  പോലീസായും ഫോട്ടോയെടുക്കാൻ ക്യൂവാണിവിടെ. അതോടൊപ്പം, അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് വകുപ്പിനെ  ബന്ധപ്പെടാനുള്ള നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ മാർഗങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഗ്രനേഡുകൾ, പിസ്റ്റളുകൾ, റിവോൾവറുകൾ, ബുള്ളറ്റ്സ്, വയർലസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ എന്നിവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൈബർ സുരക്ഷയേക്കുറിച്ചുള്ള അവബോധന ക്ലാസും ക്വിസ് മൽസരവും ഇവിടെ സംഘടിപ്പിക്കുന്നു. അതേ സമയം, ജില്ലാ ജയിലിന്റെ സ്റ്റാളിലും തിരക്കേറുകയാണ്. എങ്ങനെയാണ് ഒരു ജയിലിലെ സെൽ ഉള്ളതെന്നും പ്രതിയ്ക്ക് എന്തൊക്കെ സാധനങ്ങളാണ് സെല്ലിൽ നൽകുന്നതെന്നും കാണിച്ചിട്ടുണ്ട്. തൂക്കു കയറും ജയിലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനം മാത്രമല്ല, വിപണനവും ഇവിടെ തകൃതിയായി നടക്കുന്നു. ജയിൽ നിവാസികൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ, കുടകൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം.  

പ്രാദേശികം

*ഫെയ്സ് സാഹിത്യ വേദി എം.ജി.എസിനെ അനുസ്മരിച്ചു

ഈരാറ്റുപേട്ട :പ്രമുഖ ചരിത്രകാരനായ എംജിഎസ് നാരായണന്റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് ഫെയ്സ് സാഹിത്യ വേദി അനുസ്മരണം സംഘടിപ്പിച്ചു.ഫെയ്സ് ഓഫീസ് ഹാളിൽ ചേർന്ന യോഗം സാഹിത്യവേദി വർക്കിംഗ് പ്രസിഡന്റ് കെഎം ജാഫർ അധ്യക്ഷത വഹിച്ചു.ഫെയ്സ് വിമൻസ് ക്ലബ്ബ് സെക്രട്ടറി റസീന ജാഫർ യോഗം ഉദ്ഘാടനം ചെയ്തു. മുഹ്സിൻ പി. എം. അനുസ്മരണ പ്രഭാഷണം നടത്തി.ഫെയ്സ് സെക്രട്ടറി കെ.പി.എ. നടക്കൽ,ഫെയ്സ് വൈസ് പ്രസിഡൻ്റ് റഫീഖ് പട്ടരുപറമ്പിൽ,ഹാഷിം ലബ്ബ, കെ.പി. ത്വാഹ,നാസർ,സിറാജ് പടിപ്പുരക്കൽ, റഷീദ നിജാസ്, താഹിറഎം.എ എന്നിവർ സംസാരിച്ചു.

കോട്ടയം

തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം കൂടി അനുവദിച്ചു

തീക്കോയി : ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തീകരണത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ കൂടി അനുവദിച്ചു. 80 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് തുക. നേരത്തെ പല ഘട്ടങ്ങളിലായി ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്തുകളുടെ വിഹിതമായി 50 ലക്ഷം രൂപ നൽകിയിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇനി ബാക്കി നിൽക്കുന്ന 15 ലക്ഷം നാഷണൽ ഹെൽത്ത് മിഷൻ(NHM) വിഹിതമാണ്. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ PHC കിണർ നവീകരണം, പാർക്കിംഗ് ഷെഡ് നിർമ്മാണം, ചുറ്റുമതിൽ പൂർത്തീകരണം എന്നീ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. PHC ലേക്കുള്ള റോഡും മുറ്റവും കോൺക്രീറ്റും ടൈൽ പാകിയും വൃത്തിയാക്കിയിട്ടുണ്ട്. സോക്ക് പിറ്റ് നിർമ്മാണവും ഇതോടൊപ്പം പൂർത്തീകരിച്ചിട്ടുണ്ട്.   PHC യിൽ മരുന്നുവാങ്ങൽ ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. PHC യിൽ മരുന്നു വാങ്ങൽ 7 ലക്ഷം, പാലിയേറ്റീവ് കെയർ 11 ലക്ഷം, ലാബ് ടെക്നീഷ്യൻ വേതനം 3 ലക്ഷം, PHC കണ്ടിജന്റ് ചാർജ് 70,000/- എന്നീ പദ്ധതികൾക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 190 കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ പദ്ധതി പ്രകാരം പരിചരണം നൽകുന്നുണ്ട്. തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തീക്കോയി പഞ്ചായത്തിലെ ജനങ്ങൾക്ക് പുറമേ തലനാട്, പൂഞ്ഞാർ തെക്കേക്കര, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളും മരുന്നു വാങ്ങാൻ എത്തുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ചില മരുന്നുകൾക്ക് ക്ഷാമം ഉണ്ടെന്നും എന്നാൽ അത് സമയാസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും പ്രസിഡന്റ് കെസി ജയിംസ് അറിയിച്ചു.