വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷൻ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച

ഈരാറ്റുപേട്ട: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസും പ്രവാസി സേവാ കേന്ദ്രവും ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിക്കുന്ന പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടന വേളയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രവാസി വെൽഫെയർ ബോർഡ് ഓഫീസർ അജിത്, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ , കോട്ടയം ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അമാനത്, നഗരസഭാ കൗൺസിലർമാർ, മറ്റു സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.  തിരിച്ചുവന്ന പ്രവാസികള്‍ക്കായി, അവരുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമാക്കിയാണ് പ്രവാസി സേവാ കേന്ദ്രം പ്രവർത്തിക്കുക. ക്ഷേമനിധി, നോര്‍ക്ക, വിസ, ടിക്കറ്റ്, ടൂർസ്, മണി ട്രാന്‍സ്ഫര്‍, കോര്‍പ്പറേറ്റ് സര്‍വ്വീസസ്, ജി.എസ്.ടി രജിസ്‌ട്രേഷന്‍സ് തുടങ്ങിയ എല്ലാവിധ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുമായുള്ള ഒരു ഏകീകൃത കേന്ദ്രമാണ് പ്രവാസി സേവാകേന്ദ്രം.   സൌദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറു രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന പ്രവാസികളുടെയും മുൻ പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നാട്ടിൽനിന്നും പ്രവാസ ലോകത്തേക്ക് പോകുന്ന ഉദ്യോഗാർഥികളെ പിന്തുണക്കുന്നതിനുമാണ് ഇ.ജി.എ മുൻഗണന നൽകി പ്രവർത്തിച്ചുവരുന്നത്.ഉദ്ഘാടന സമ്മേളനത്തിലേക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശികം

വെരി റവ ഫാ മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ ഉജ്ജ്വല വരവേൽപ്പ്.

അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയുടെ വികാരിയായും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് മാനേജരായും ചുമതലയേറ്റ ശേഷം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ എത്തിയ വെരി റവ ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ വരവേൽപ്പു നൽകി. അദ്ധ്യാപക അനദ്ധ്യാപക ജീവനകാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. അദ്ധ്യാപക സമൂഹത്തിൻ്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ്, കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രാദേശികം

'ഈരാറിനഴകായ് ഈരാറ്റുപേട്ട’: സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കം

ഈരാറ്റുപേട്ട: നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഈരാറിനഴകായ് ഈരാറ്റുപേട്ട’ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ്ണ ജൈവ മാലിന്യ സംസ്കരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായി 14-ാം വാർഡിലാണ് (മുളന്താനം ഡിവിഷൻ) പൈലറ്റ് പ്രൊജക്ട് നടപ്പാക്കുന്നത്. ശേഷം ഈരാറ്റുപേട്ടയുടെ മറ്റുവാർഡുകളും ഇതിന്റെ ഭാഗമാകും. അതിന്റെ ഭാഗമായി പ്രാഥമിക ഘട്ട സർവ്വേയുടെ ഉദ്ഘാടനം ഇന്ന് (ബുധൻ) വൈകുന്നേരം 4:30-ന് നടക്കും. നഗരസഭാ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന ടീച്ചർ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൻ ഫാത്തിമ അൻസർ, ഡിവിഷൻ കൌൺസിലർ അമീൻ പിട്ടയിൽ എന്നിവർ ആശംസ നേരും. ഓരോ വീടുകളും നേരിട്ട് സന്ദർശിച്ച്, നിലവിലെ രീതികൾ മനസ്സിലാക്കി കൃത്യമായതും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ പദ്ധതി ആവിഷ്കരിക്കാനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ നാടിനെ മാലിന്യമുക്തവും സുന്ദരവുമാക്കി മാറ്റാനുള്ള ഈ വലിയ ഉദ്യമത്തിൽ എല്ലാ ജനങ്ങളുടെയും പൂർണ്ണ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ അഭ്യർഥിച്ചു.ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയുമായി ആരോഗ്യവിഭാഗം രംഗത്തുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ നഗരസഭക്ക് കൈമാറിയാൽ പാരിതോഷികവും നൽകുന്നതാണ്.

കേരളം

കുതിക്കുന്ന സ്വര്‍ണവിലയില്‍ ജാഗ്രതൈ!, മോഷ്ടാക്കളെ കരുതിയിരിക്കണം,18 നിര്‍ദേശങ്ങളുമായി പൊലീസ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വര്‍ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മോഷണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. അയല്‍പക്കക്കാരുമായി നല്ല ബന്ധം പുലര്‍ത്തി ഫോണ്‍ നമ്പറുകള്‍ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രാത്രിയില്‍ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാല്‍ കതക് തുറക്കാതെ അയല്‍ക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തില്‍ അപരിചിതരെ കണ്ടാല്‍ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറില്‍ വിളിച്ചറിയിക്കണം. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ സംശയം തോന്നിയാല്‍ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേര്‍ന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവര്‍ അയല്‍ക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.  വില പിടിപ്പുള്ള സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനിലെ ആപ്പില്‍ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളില്‍ ചീറിപ്പായുന്നവരുടെ നമ്പര്‍ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈല്‍ ഫോണുകള്‍ അലക്ഷ്യമായി ഇടാതിരിക്കുക, സ്വര്‍ണം, പണം എന്നിവ ആരാധനാലയങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിര്‍ബന്ധമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസ് നല്‍കുന്നത്.

കേരളം

ആഘോഷങ്ങള്‍ക്ക് ദീപാലങ്കാരം നടത്തും മുൻപ് അറിയുക, ഈ അനുമതികള്‍ നിര്‍ബന്ധം; കെഎസ്‌ഇബിയുടെ അറിയിപ്പ്

തിരുവനന്തപുരം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി അലങ്കാരം നടത്തുമ്ബോള്‍ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങള്‍ക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെ എസ് ഇ ബിയുടെ അനുമതി ആവശ്യമാണ്.അനുമതി കൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. താത്കാലിക വൈദ്യുതി കണക്ഷനും എടുക്കുന്നതിനുമുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസില്‍ അറിയിച്ച്‌ അനുമതി വാങ്ങിയിരിക്കണം. ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്ന് കെഎസ്‌ഇബി ഓർമിപ്പിക്കുന്നു. കെഎസ്‌ഇബിയുടെ അറിയിപ്പ് കണക്ഷനുകളുടെ തുടക്കത്തില്‍ തന്നെ ആർസിസിബി അഥവാ ബിഎല്‍സിബി ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. ആർസിസിബി നിശ്ചിത ഇടവേളകളില്‍ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ അംഗീകാരമുള്ള കോണ്‍ട്രാക്ടർ മുഖേന മാത്രമേ നടത്താവൂ. ഇതിനും ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറുടെ മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം. വൈദ്യുതിസംബന്ധമായ എന്തുജോലിയും ചെയ്യുന്നതിനുമുമ്പ് വൈദ്യുതിബന്ധം വിച്ഛേദിച്ചു എന്നും ജനറേറ്ററില്‍ നിന്നുള്ള സപ്ലൈ കടന്നുവരുന്നില്ല എന്നും ഉറപ്പാക്കണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്. പൊതുഇടങ്ങളില്‍ ദീപാലങ്കാരം നടത്തുമ്പോള്‍ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകള്‍ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ബോർഡുകള്‍, കമാനങ്ങള്‍, തോരണങ്ങള്‍ തുടങ്ങിയവ വൈദ്യുതിലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറില്‍ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ലോഹനിർമ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. ലൈസൻസുള്ള കോണ്‍ട്രാക്ടറെ മാത്രമേ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യാൻ ചുമതലപ്പെടുത്താൻ പാടുള്ളു. താത്കാലിക വയറിംഗിന് ഗുണമേന്മയുള്ള വയറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആനയെഴുന്നള്ളിപ്പ് നടത്തുമ്പോഴും കെട്ടുകാഴ്ചകള്‍ ഒരുക്കുമ്പോഴും വൈദ്യുതിലൈനില്‍ നിന്ന് സുരക്ഷിത അകലത്തിലായിരിക്കാൻ ജാഗ്രത വേണം. വൈദ്യുതി ലൈനുകള്‍ക്ക് സമീപം കരിമരുന്ന് പ്രയോഗം നടത്തരുത്. വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുകൂടിയോ , അടിയിലൂടെയോ വൈദ്യുതീകരണത്തിനുള്ള വയറുകള്‍ അലക്ഷ്യമായി വലിക്കുകയോ എറിയുകയോ ചെയ്യരുത്.  

പ്രാദേശികം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് പ്രൗഢമായി

കഞ്ഞിരപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്കുള്ള സാങ്കേതിക പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം ഹാളിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ഈരാറ്റുപേട്ട ബറക്കാത്ത് ജു:അ മസ്ജിദ് ഇമാം ഹാരിസ് ഫലാഹി ഖിറാഅത്ത് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗൺ മസ്ജിദ് ഇമാം സൈനുൽ ആബിദീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ മണ്ഡലം ട്രെയിനർ അജി കെ മുഹമ്മദ് സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സുനിൽ തേനമ്മക്കൽ, കെ എം എ അസോസിയേഷൻ സെക്രട്ടറി ഷാജി പാലക്കൽ, നെയ്‌നാർ പള്ളി പ്രസിഡൻറ് അബ്ദുസ്സലാം എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു. ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി മാരായ നിഷാദ് പന്ദ്രണ്ടിൽ, അബ്ദുറഹ്മാൻ പുഴക്കര, അബ്ദുസ്സലാം സഖാഫി എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി കാഞ്ഞിരപ്പള്ളി മണ്ഡലം ട്രെയിനിങ് ഓർഗനൈസർ നജീബ് കല്ലുങ്കൽ നന്ദി അറിയിച്ചു. കോട്ടയം ത്വാഹാ മൗലവി സമാപന പ്രാർത്ഥന നടത്തി. സംഗമത്തിൽ അസിസ്റ്റൻറ് ഡിസ്റ്റിക് ട്രെയിനിങ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ, ട്രെയിനർമാരായ നജീബ് കല്ലുകൽ, സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ, ഹബീബ് വെട്ടിക്കൽ, മാഹിൻ പാറയിൽ, ശമ്മാസ് സലാം, അജി കെ മുഹമ്മദ്, മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കോട്ടയം

പാചക രംഗത്തെ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷാ പരിശിലനമൊരുക്കി അരുവിത്തുറ കോളേജ്.

അരുവിത്തുറ : കോട്ടയം ജില്ലയിൽ പാചക രംഗത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പൂഞ്ഞാർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ് നിർവഹിച്ചു. കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളെജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട്, ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ബിജോയി തോമസ്, ജില്ലാ സെക്കട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മറ്റി അംഗം ബിബിൻ കെ ജോർജ് ജേർണലിസ്റ്റ് ആൻ്റഡ് മീഡിയാ അസോസിയേഷൻ ഭാരവാഹികളായ അജീഷ് വേലനിലം റവ.ഫാ ജെയ്മോൻ പ്രോഗ്രാം കോഡിനേറ്റർ ബിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഹിന്ദി ഭാഷയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയ്ക്ക് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥികളായ പ്രയ്സി സാം, മൈഥലി എസ്സ്. ആർ എന്നിവർ നേതൃത്വം നൽകി പരിപാടിയോടനുബന്ധിച്ച് കോളെജിലെ ഫുഡ് സയൻസ് വിദ്യാർത്ഥി അഗസ്റ്റ്യൻ വിവർത്തനം ചെയ്ത ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ആക്ട് ഷെഡ്യൂൾ ഫോറിൻ്റെ പ്രകാശന കർമ്മം നടന്നു.പരിശീലന പരിപാടി പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.ഭക്ഷ്യസുരക്ഷാരംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

കോട്ടയം

ഹ്രസ്വസിനിമ നിർമ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്കൂൾ

കവീക്കുന്ന്: സ്കൂൾ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ. സ്കൂൾ മാനേജർ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിർമ്മിച്ച് സ്കൂൾ അവിസ്മരണീയമാക്കിയത്. 'കൈറ്റ്സ്' എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകർത്തു. സ്കൂൾ അധ്യാപകരും മറ്റും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും  അരമണിക്കൂർ ദൈർഘ്യമുള്ള  ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  കവീക്കുന്നിൻ്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയത്. സ്കൂളിലെ അധ്യാപകനായ ജോബിൻ ആർ തയ്യിൽ ആണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം,  ഗാനരചന, സംവീധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഐറീന ടോണിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസിൽ പ്രദർശിപ്പിച്ചു. കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ മുഖ്യാതിഥിയായിരുന്നു.  നാലു വർഷം മുമ്പാണ് ഫാ ജോസഫ് വടകര കവീക്കുന്ന് പള്ളിയിൽ ചുമതലയേറ്റത്. തുടർന്നു പള്ളിയോട് ചേർന്ന പ്രദേശത്ത് വൻതോതിൽ കപ്പയും പച്ചക്കറികളും കൃഷി ചെയ്തു വിഷ രഹിത പച്ചക്കറികൾ ജനങ്ങളിൽ എത്തിച്ചു. കുർബാന അർപ്പണത്തിനു ശേഷം മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തേയ്ക്ക് ഇറങ്ങുന്ന അച്ചൻ നാട്ടുകാർക്കു പ്രിയങ്കരനാകുകയും കൃഷിയച്ചൻ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. സ്കൂളിൻ്റെയും കവീക്കുന്ന് പ്രദേശത്തിൻ്റെയും പുരോഗതിക്കായി  പ്രവർത്തനങ്ങൾ നടത്തി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷവും വിശ്രമരഹിതമായി കൃഷിയും മറ്റു പ്രവർത്തനങ്ങളിലും ഫാ വടകര കർമ്മനിരതനായിരുന്നു. കവീക്കുന്നിൽ നിന്നും വിരമിച്ച ഫാ ജോസഫ് വടകര പ്രീസ്റ്റ് ഹോമിലേയ്ക്ക് വിശ്രമജീവിതത്തിനായി പോയത്.  മാണി സി കാപ്പൻ എം എൽ എ ഫാ ജോസഫ് വടകരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹ്രസ്വചിത്രത്തിൻ്റെ പ്രകാശന കർമ്മം നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു. മാർ ജോസഫ് മുകാല, മുനിസിപ്പൽ കൗൺസിലന്മാരായ  റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജു വരിക്കയാനി, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ജോബിൻ ആർ തയ്യിൽ എന്നിവർ പ്രസംഗിച്ചു.