വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തദ്ദേശതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ

കോട്ടയം: തദ്ദേശ സ്വയംഭരണ ​തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ ഹരിത മാർഗനിർദേശങ്ങളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചരണം മുതൽ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം എന്ന് കമ്മിഷൻ നിർദ്ദേശിച്ചു.   പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, പോസ്റ്ററുകൾ എന്നിവയിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുകൾ ഉപയോഗിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ പാടില്ല.പ്രചരണ വസ്തുക്കളിൽ ക്യു ആർ കോഡ് പി.വി.സി ഫ്രീ ലോഗോ, പ്രിന്റുറുടെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികൾ ശേഖരിക്കാനോ, അച്ചടിക്കാനോ പാടില്ല. റാലികൾ, കൺവെൻഷനുകൾ, പദയാത്രകൾ പരിശീലനങ്ങൾ തുടങ്ങിയ പ്രചരണ പരിപാടികളിൽ തെർമോക്കോൾ, സ്റ്റിറോഫോം, പ്ലാസ്റ്റിക് ആവരണമുള്ള കപ്പ്, ഡിസ്‌പോസിബിൾ പാത്രങ്ങൾ പാടില്ല. ഭക്ഷണം വാഴയിലയിലോ സ്റ്റീൽ, സെറാമിക് പാത്രങ്ങളിലോ നൽകണം. പ്ലാസ്റ്റിക് കുപ്പികളും പാഴ്‌സൽ കവറുകളും പാടില്ല. പോളിംഗ് ബൂത്തുകളിൽ സ്റ്റീൽ, ഗ്ലാസ് കപ്പുകളിൽ വെള്ളം നൽകണം. ഭക്ഷണ വിതരണം പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലാകണം. മാത്രമായിരിക്കണം.   വോട്ടർമാർ വോട്ടർ സ്ലിപ്പുകൾ പോളിംഗ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കരുത്; പ്രത്യേക ബിന്നുകളിൽ നിക്ഷേപിക്കണം.വോട്ടെണൽ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കണം. പ്രചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വോട്ടെടുപ്പ് കഴിഞ്ഞ് ഉടൻതന്നെ ഹരിത കർമ്മ സേനയ്ക്ക് നൽകണം. നിർദിഷ്ട സമയത്തിനുള്ള നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അവ നീക്കം ചെയ്ത് സ്ഥാനാർഥികളിൽ നിന്ന് ചെലവ് ഈടാക്കണം. റാലികൾ, റോഡ് ഷോ തുടങ്ങിയ പ്രചരണ പരിപാടികൾക്ക് ശേഷം സ്ഥലങ്ങൾ വൃത്തിയാക്കേണ്ട ചുമതല പരിപാടി നടത്തിയ രാഷ്ട്രീയ പാർട്ടികൾക്ക് ആയിരിക്കും.

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം- കളക്ടര്‍

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.  സ്ഥാനാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും പരാതികളില്‍ ഉടന്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ ചെയര്‍മാനായിമോണിട്ടറിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സമിതി കണ്‍വീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമാണ്. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.   പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍  *ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. *മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്.  * ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്. *സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്. *വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്. * സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ പാടില്ല. * പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം. * വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്. * ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തരുത്.  * തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ സ്ഥാനാര്‍ഥികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ.  ഈ ദൂരപരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ഥിക്കരുത്.  *സമ്മതിദായകരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ല. പെരുമാറ്റച്ചട്ട ലംഘനം: പരാതി നല്‍കാം കോട്ടയം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നല്‍കാം. സമിതി കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ mccktmlsgdelection@gmail.com. എന്ന ഇ- മെയിലിലോ നല്‍കാം. ഫോണ്‍-0481 2560282

കോട്ടയം

കെ ആർ നാരായണൻ്റെ പേരിൽ തപാൽ സ്റ്റാമ്പ് യാഥാർത്ഥ്യമാകുന്നു

പാലാ: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ സ്മരണയ്ക്കായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിനാവശ്യമായ നടപടികൾക്കു തുടക്കമായി. ഈ ആവശ്യമുന്നയിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ് എന്നിവർ  രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ വച്ച് 21 ന് നിവേദനം നൽകിയിരുന്നു. ഈ നിവേദനം നടപടികൾക്കായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കൈമാറിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിനെ രാഷ്ട്രപതി ഭവൻ രേഖാമൂലം അറിയിച്ചു. കെ ആർ നാരായണൻ്റെ ഓർമ്മ  നിലനിർത്താൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിലൂടെ സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തപാൽ സ്റ്റാമ്പിനൊപ്പം നാണയവും കെ ആർ നാരായണൻ്റെ പേരിൽ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിരുന്നു. ആർ അജിരാജ്കുമാർ, അഡ്വ ജെ ആർ പത്മകുമാർ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. കെ ആർ നാരായണൻ ഫൗണ്ടേഷൻ കെ ആർ നാരായണൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തപാൽ വകുപ്പിൻ്റെ സഹകരണത്തോടെ മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. പ്രാദേശിക തലത്തിൽ തപാൽ വകുപ്പ് നടപ്പാക്കി വരുന്നതാണ് മൈ സ്റ്റാമ്പ് പദ്ധതി. കെ ആർ നാരായണൻ്റെ ഇരുപതാം ചരമവാർഷികം കഴിഞ്ഞ ദിവസമാണ് ആചരിച്ചത്.

കോട്ടയം

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2 റോഡുകൾക്കായി 10 കോടി രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2 റോഡുകൾ ബി എം & ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 10 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം,കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കരിനിലം - പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബി എം & ബി സി നിലവാരത്തിൽ നവീകരിക്കുന്നതിന് 5 കോടി രൂപയും ,തിടനാട്, പാറത്തോട് കളിലൂടെ കടന്നുപോകുന്ന പിണ്ണാക്കനാട് - ചേറ്റുതോട് - പഴുത്തടം-പാറത്തോട് റോഡ് ബി എം & ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 5 കോടി രൂപയും ഉൾപ്പെടെയാണ് 10 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് ശേഷം ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഇതിനോടകം 12 പുതിയ ബി എം &ബി സി റോഡുകൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കോട്ടയം

ലേണേഴ്സ് പരീക്ഷയിൽ ഗിയർ മാറ്റം; കൂട്ടത്തോൽവിയെ തുടർന്ന് പരിഷ്കാരത്തിൽ മാറ്റം

ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ ചെറിയ മാറ്റം വരുത്തി. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്‌ കൂട്ടത്തോൽവിക്കു കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്. ‌ മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. 

കോട്ടയം

കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ ആർ നാരായണൻ്റെ പിതൃസഹോദരപുത്രി  സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ബന്ധു  ഡോ കെ വത്സലകുമാരി, കേരള പരവൻ മഹാജനസഭ ഉഴവൂർ ശാഖ പ്രസിഡൻ്റ് കെ അജിത്കുമാർ, സെക്രട്ടറി ടി ആർ വിശ്വംഭരൻ, ടി ആർ രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.  

കോട്ടയം

അരുവിത്തുറ കോളേജിൽ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ ഇന്റർ കോളേജ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാർ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26അധ്യായന വർഷത്തെ മഹാത്മാഗാന്ധി സർവ്വകലാശാല വനിത വോളിബോൾ ചാമ്പ്യൻഷിപ്പിലെ ഇന്റർ സോൺ- സൂപ്പർ ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലാ അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി.  അസംഷൻ കോളേജ് ചങ്ങനാശ്ശേരി, കാത്തോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അൽഫോൻസ കോളേജ് പാലാ, സെന്റ്. സേവിയേഴ്സ് കോളേജ് ആലുവ എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്.മത്സര വിജയികൾക്ക് അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് അരുവിത്തുറ കോളേജ് കായിക വിഭാഗം മേധാവി ഡോ.വിയാനി ചാർളി തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ

പാലാ തലപ്പുലത്ത് അമിത വേഗതയിൽ കാറുമായി പരാക്രമം നടത്തിയ യുവാവ് പിടിയിൽ..ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത്‌ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു..മേലുകാവ് സ്വദേശി ജോവാൻ (20) ആണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാ ണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിംഗ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.. ആളുകൾ ഓടിമാറിയത്തിനാൽ ഒഴിവായത് വൻ ദുരന്തമാണ്.. സമീപത്തായി പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു തകർന്നിട്ടും വാഹനം നിർത്താതെ പോയ ജോവാനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു...പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും കൊലവിളി തുടർന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്..