വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്; മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ മീഡിയ റിലേഷൻസ് സമിതി രൂപീകരിച്ചു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്കായി നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ചെയർമാനായ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫാണ്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ്് അനീഷ് കുര്യൻ എന്നിവർ അംഗങ്ങളാണ്. മാധ്യമങ്ങൾക്കുള്ള നിർദേശങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികളിൽ തീർപ്പുകൽപ്പിക്കുന്നത് ഈ സമിതിയായിരിക്കും. സമിതിയുടെ കീഴിൽ മാധ്യമ നിരീക്ഷണത്തിനായി കളക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ നമ്പർ-0481 2562558, ഇമെയിൽ-mrcktm2025@gmail.com ​

കോട്ടയം

ഭര്‍ത്താവ് ഓടിച്ച ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം.

തലയോലപ്പറമ്പിൽ ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രെയിലർലോറി തട്ടുകയായിരുന്നു. ഉടൻ തന്നെ റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.   നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

കോട്ടയം

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചുകയറിയത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി, ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ : 85479 85727 കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാവും. സന്നദ്ധ സംഘടന അംഗങ്ങളുടെ സേവനവും കൺട്രോൾ റൂമിലെ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, കൺട്രോൾ റൂം ചാർജ് ഓഫീസർ എൻ. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.

കോട്ടയം

തെരഞ്ഞെടുപ്പിലെ സംവരണത്തിനെതിരെ വനിതാ വാർഡിൽ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം

പാലാ: തെരഞ്ഞെടുപ്പുകളിലെ സംവരണം ജനാധിപത്യവിരുദ്ധമാണെന്നാരോപിച്ചു വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പുരുഷ സ്ഥാനാർത്ഥിയുടെ പ്രതിഷേധം. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പാലാ മുനിസിപ്പാലിറ്റി ഒൻപതാം വാർഡായ കൊച്ചിപ്പാടി വനിതാ സംവരണ വാർഡിൽ നാമനിർദ്ദേശ പത്രിക നൽകി പ്രതിഷേധിച്ചത്. പാലാ മുനിസിപ്പാലിറ്റിയിലെ ഉപവരണാധികാരി എ സിയാദ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പത്രിക സ്വീകരിച്ച ഉപവരണാധികാരി ഇതുസംബന്ധിച്ചു രസീതും സൂക്ഷ്മപരിശോധനാ നോട്ടീസും കൈമാറി.തദ്ദേശസ്വയംഭരണ’ സ്ഥാപനങ്ങളിൽ വനിതകൾക്കു 50 ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എബി ജെ ജോസ് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണ വനിതാ സംവരണ വാർഡ് ആയിരുന്ന കൊച്ചിടപ്പാടി വാർഡ് വീണ്ടും വനിതാ സംവരണ വാർഡായി മാറി. വനിതകൾ സമത്വത്തിനായി വാദിക്കുമ്പോൾ സംവരണം ഏർപ്പെടുത്തിയതു വനിതകൾ അബലകളാണെന്നു ഔദ്യോഗികമായി മുദ്രകുത്തുന്നതിന് തുല്യമാണ്. ജനപ്രതിനിധികൾ ആകുന്നതു സേവനത്തിൻ്റെ ഭാഗമാണ്. സേവനമെന്നത് സ്വമനസാലെ ചെയ്യേണ്ടതാണ്. സ്വമനസാലെ അല്ലാതെ മത്സരിച്ചു ജയിക്കുന്നവരിൽ പലർക്കും പകരം മറ്റുള്ളവരോ രാഷ്ട്രീയ കക്ഷികളോ ആണ് നിയന്ത്രിക്കുന്നതെന്ന് മുൻകാല അനുഭവങ്ങൾ തെളിവാണ്. ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിബന്ധനകൾ വയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നു എബി ജെ ജോസ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുകളിലെ എല്ലാവിധ സംവരണങ്ങളും ഇല്ലാതാക്കണം. ജനാധിപത്യത്തെ ശുദ്ധീകരിച്ച് സ്ഫുടം ചെയ്തെടുക്കേണ്ടതിന് പകരം ഇത്തരം നടപടികളിലൂടെ ജനാധിപത്യത്തെ മലീനസമാക്കുകയാണെന്നും എബി ജെ ജോസ് കുറ്റപ്പെടുത്തി. ഒന്നിലധികം നാമനിർദ്ദേശപത്രിക സ്വീകരിക്കുക, ഏറ്റെടുത്ത കാലാവധി പൂർത്തിയാക്കാതെ രാജി വയ്ക്കുകയും മറ്റൊരു സ്ഥാനത്തേയ്ക്ക് മത്സരിക്കുകയും ചെയ്യുക തുടങ്ങിയവയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പരാതികൾ എബിയുടെ നേതൃത്വത്തിൽ മുമ്പ് നൽകിയിട്ടുണ്ട്. അപരന്മാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ വയ്ക്കണമെന്നമെന്ന എബി ജെ ജോസിൻ്റെ നിർദ്ദേശം നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകരിച്ചിരുന്നു.

കോട്ടയം

പാലായിൽ നായയെ വെടിവെച്ചു കൊന്ന കേസ്..മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

പാലാ/പൂവരണി: അയൽവാസിയുടെ നായയെ പിടികൂടി വെടിവെച്ചു കൊല്ലുകയും കുഴിച്ചിടുകയും ചെയ്ത കേസിൽ നായയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. നവംബർ 12 ന് രാത്രിയാണ് സംഭവം ഉണ്ടായത്.പൂ വരണി സ്വദേശി പഞ്ഞിമരം ജോർജ് എന്നയാളുടെ പരാതിയിൽ അയൽവാസിയായ മുണ്ടാട്ട് ചുണ്ടയിൽ സെബി മാത്യു ജെയ്സ്സ് എന്നയാളുടെ പേരിലാണ് പാലാ പോലീസ് കേസെടുത്തത്.കേസിനാധാരമായ സംഭവം ഇങ്ങനെ: ജോർജിന്റെ നായയെ നവംബർ 12ന് പകൽ സമയത്ത് പിടികൂടി തൻറെ വീട്ടിൽ പൂട്ടിയിടുകയും രാത്രി അതിനെ വെടിവെച്ചുകൊന്നു സ്വന്തം പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു.അതിനുശേഷം നായയുടെ ഉടമയായ ജോർജിനെ ഫോണിൽ വിളിച്ച് നായയെ വെടിവെച്ചുകൊന്നു എന്നുള്ള വിവരം സെബി അറിയിക്കുകയും ചെയ്തു.നായയെ വെടിവെച്ച് കൊന്ന സെബി ഇതിനുമുൻപും കേസുകളിൽ പ്രതിയാണ്.ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം നിയമനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക്ക് കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.

കോട്ടയം

നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത് 91 കേന്ദ്രങ്ങളില്‍

തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നാമനിര്‍ദേശ പത്രികകള്‍ 91 കേന്ദ്രങ്ങളിലാണ് സ്വീകരിക്കുന്നത്. അതത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രികള്‍ നല്‍കേണ്ടത്.  ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ലാ കളക്ടര്‍ക്ക് നല്‍കണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. കോട്ടയം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്. ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ചുവടെ.  നഗരസഭകള്‍* 1. ചങ്ങനാശേരി (1 മുതല്‍ 19 വരെ വാര്‍ഡുകള്‍) - സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ , ജില്ലാ ആസൂത്രണ സമിതി കെട്ടിടം, കളക്ടറേറ്റ് 2. ചങ്ങനാശേരി (20 മുതല്‍ 37 വരെ വാര്‍ഡുകള്‍) - പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കളക്ടറേറ്റ് , കോട്ടയം  3. കോട്ടയം (1 മുതല്‍ 27 വരെ വാര്‍ഡുകള്‍)- ജനറല്‍ മാനേജര്‍ , ജില്ലാ വ്യവസായ കേന്ദ്രം, കോട്ടയം  4. കോട്ടയം (28 മുതല്‍ 53 വരെ വാര്‍ഡുകള്‍) - ഫിനാന്‍സ് ഓഫീസര്‍ , ഫിനാന്‍സ് സെക്ഷന്‍,കളക്ടറേറ്റ് കോട്ടയം  5. വൈക്കം - ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍, ജില്ലാ പഞ്ചായത്ത് മന്ദിരം, കോട്ടയം  6. പാലാ - ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പാലാ  7. ഏറ്റുമാനൂര്‍ - ജില്ലാ ആസൂത്രണ ഓഫീസര്‍, കോട്ടയം 8. ഈരാറ്റുപേട്ട - പ്രൊജക്റ്റ് ഓഫീസര്‍, ഐ.റ്റി.ഡി.പി., കാഞ്ഞിരപ്പള്ളി  *ജില്ലാ പഞ്ചായത്ത്* 1. കോട്ടയം - ജില്ലാ കളക്ടര്‍ - 9447029007 ഗ്രാമപ്പഞ്ചായത്തുകള്‍ 1. തലയാഴം - താലൂക്ക് സപ്ലൈ ഓഫീസര്‍ വൈക്കം   2. ചെമ്പ് - സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), വൈക്കം  3. മറവന്തുരുത്ത് -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), വൈക്കം  4. ടി.വി. പുരം - തഹസില്‍ദാര്‍ (എല്‍.ആര്‍.), വൈക്കം  5. വെച്ചൂര്‍ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, വൈക്കം  6. ഉദയനാപുരം - എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, വൈക്കം  7. കടുത്തുരുത്തി - സര്‍വേ സൂപ്രണ്ട് റീസര്‍വേ, വൈക്കം  8. കല്ലറ - താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, വൈക്കം  9. മുളക്കുളം -കയര്‍ പ്രൊജക്ട് ഓഫീസര്‍, വൈക്കം  10. ഞീഴൂര്‍ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. (റോഡ്സ്) സബ്ഡിവിഷന്‍, വൈക്കം  11. തലയോലപ്പറമ്പ് -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കടുത്തുരുത്തി  12. വെള്ളൂര്‍ - ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കടുത്തുരുത്തി  13. നീണ്ടൂര്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, ഏറ്റുമാനൂര്‍  14. കുമരകം - ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍, മിനി സിവില്‍ സ്റ്റേഷന്‍, കോട്ടയം  15. തിരുവാര്‍പ്പ് -സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), നാഗമ്പടം  16. ആര്‍പ്പൂക്കര - സ്പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ (റെയില്‍വേ), കോട്ടയം 17. അതിരമ്പുഴ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസ്, കോട്ടയം  18. അയ്മനം - താലൂക്ക് സപ്ലൈ ഓഫീസര്‍, കോട്ടയം  19. കടപ്ലാമറ്റം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഉഴവൂര്‍ ബ്ലോക്ക്, കുറവിലങ്ങാട്  20. മരങ്ങാട്ടുപിള്ളി -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, റീജിയണല്‍ അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി ട്രെയിനിംഗ് സെന്റര്‍, കോഴ, കുറവിലങ്ങാട്  21. കാണക്കാരി -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), കോട്ടയം  22. വെളിയന്നൂര്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കുറവിലങ്ങാട്, മിനി സിവില്‍ സ്റ്റേഷന്‍, കോഴ  23. കുറവിലങ്ങാട് - കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാലാ, മിനി സിവില്‍ സ്റ്റേഷന്‍, പാലാ  24. ഉഴവൂര്‍ - ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വീസ് യൂണിറ്റ്, ഉഴവൂര്‍ ബ്ലോക്ക്, മരങ്ങാട്ടുപിള്ളി 25. രാമപുരം - സൂപ്രണ്ട്, റീ സര്‍വേ ഓഫീസ്, പാലാ  26. മാഞ്ഞൂര്‍ -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, വൈക്കം  27. ഭരണങ്ങാനം - സ്പെഷ്യല്‍ തഹസീല്‍ദാര്‍ എല്‍.എ. (ജനറല്‍), പാലാ 28. കരൂര്‍ - തഹസീല്‍ദാര്‍ (എല്‍.ആര്‍.), മീനച്ചില്‍  29. കൊഴുവനാല്‍ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കൊഴുവനാല്‍  30. കടനാട് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, എം.ആര്‍.വി.എസ്. സബ്ഡിവിഷന്‍, ഈരാറ്റുപേട്ട  31. മീനച്ചില്‍ - എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, പാലാ   32. മുത്തോലി - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി ബില്‍ഡിംഗ്സ് സബ്ഡിവിഷന്‍, പാലാ  33. മേലുകാവ് - താലൂക്ക് സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസ്, മീനച്ചില്‍, പാലാ  34. മൂന്നിലവ് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ് സബ്ഡിവിഷന്‍, അരുണാപുരം പി.ഓ. പാലാ  35. പൂഞ്ഞാര്‍ -സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), മീനച്ചില്‍, മിനി സിവില്‍ സ്റ്റേഷന്‍, പാലാ  36. പൂഞ്ഞാര്‍ തെക്കേക്കര - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മീനച്ചില്‍  37. തീക്കോയി - മണ്ണ് സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, പാലാ  38. തലനാട് - ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡയറി എക്സ്റ്റന്‍ഷന്‍ സര്‍വീസ് യൂണിറ്റ്, അരുവിത്തുറ, ഈരാറ്റുപേട്ട  39. തലപ്പലം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ചെറുകിട ജലസേചന വകുപ്പ് സബ്ഡിവിഷന്‍, പാലാ  40. തിടനാട് - അസിസ്റ്റന്റ് ഡയറക്ടര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിസ് (ഓഡിറ്റ്), പാലാ  41. അകലക്കുന്നം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കാഞ്ഞിരപ്പള്ളി  42. എലിക്കുളം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ്, കാഞ്ഞിരപ്പള്ളി  43. കൂരോപ്പട - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. റോഡ്സ്, സബ്ഡിവിഷന്‍ കോട്ടയം  44. പാമ്പാടി - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ചെറുകിട ജലസേചന വകുപ്പ് സബ്ഡിവിഷന്‍, കോട്ടയം  45. പള്ളിക്കത്തോട് - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഡബ്ള്യൂ.ഡി. ബില്‍ഡിംഗ്സ് സബ്ഡിവിഷന്‍, കോട്ടയം  46. മണര്‍കാട് - അഡീഷണല്‍ തഹസീല്‍ദാര്‍, കോട്ടയം  47. കിടങ്ങൂര്‍ - താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, മീനച്ചില്‍, പാലാ  48. മീനടം -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പാമ്പാടി  49. മാടപ്പള്ളി -സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍(ഓഡിറ്റ്), അരമനപ്പടി, ചങ്ങനാശേരി  50. പായിപ്പാട് -കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, മാടപ്പള്ളി, നാലുകോടി  51. തൃക്കൊടിത്താനം - തഹസീല്‍ദാര്‍ (എല്‍.ആര്‍.), ചങ്ങനാശേരി  52. വാകത്താനം -സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), അരമനപ്പടി, ചങ്ങനാശേരി  53. വാഴപ്പള്ളി - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, ചങ്ങനാശേരി  54. ചിറക്കടവ് - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കാഞ്ഞിരപ്പള്ളി  55. കങ്ങഴ - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, ചങ്ങനാശേരി  56. നെടുംകുന്നം- മണ്ണു സംരക്ഷണ ഓഫീസര്‍,ചങ്ങനാശേരി, മിനി സിവില്‍ സ്റ്റേഷന്‍ , പൊന്‍കുന്നം  57. വെള്ളാവൂര്‍ - അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, റവന്യു ടവര്‍, ചങ്ങനാശേരി 58. വാഴൂര്‍ - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ , പൊതുമരാമത്ത് വകുപ്പ് റോഡ് ഉപവിഭാഗം, ചങ്ങനാശേരി 59. കറുകച്ചാല്‍ -താലൂക്ക് പൊതുവിതരണ ഓഫീസര്‍, ചങ്ങനാശേരി 60. മണിമല - താലൂക്ക് പൊതുവിതരണ ഓഫീസര്‍,താലൂക്ക് പൊതുവിതരണ ഓഫീസ് , കാഞ്ഞിരപ്പള്ളി  61. എരുമേലി - സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) , കാഞ്ഞിരപ്പള്ളി  62. കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍  63. കൂട്ടിക്കല്‍ - കാഞ്ഞിരപ്പള്ളി സഹകരണ സംഘം (ഓഡിറ്റ്) അസിസ്റ്റന്റ് ഡയറക്ടര്‍  64. മുണ്ടക്കയം - കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍  65. കോരുത്തോട് - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ 66. പാറത്തോട് - അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ , കാഞ്ഞിരപ്പള്ളി , പൊന്‍കുന്നം  67. കുറിച്ചി - എംപ്ലോയ്‌മെന്റ് ഓഫീസര്‍ , ടൗണ്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , റവന്യു ടവര്‍, ചങ്ങേനാശേരി 68. പനച്ചിക്കാട് - ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് , സ്റ്റാര്‍ ജംഗ്ഷന്‍ കോട്ടയം  69. പുതുപ്പള്ളി -അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍ ,പാമ്പാടി  70. വിജയപുരം - താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സ് , ടി.ബി .റോഡ് കോട്ടയം  71. അയര്‍ക്കുന്നം - സ്പെഷ്യല്‍ (എല്‍.എ) തഹസില്‍ദാര്‍ (ജനറല്‍), കോട്ടയം ബ്ലോക്ക് പഞ്ചായത്തുകള്‍* 1. വൈക്കം - സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), കോട്ടയം 2. കടുത്തുരുത്തി - ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, കോട്ടയം  3. ഏറ്റുമാനൂര്‍ - റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ , മിനി സിവില്‍ സ്റ്റേഷന്‍ , കോട്ടയം  4. ഉഴവൂര്‍ -ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍), കളക്ടറേറ്റ് , കോട്ടയം  5. ളാലം - റവന്യു ഡിവിഷണല്‍ ഓഫീസര്‍, പാലാ  6. ഈരാറ്റുപേട്ട - ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ജില്ലാ പട്ടികജാതി വികസന ഓഫീസ് , കോട്ടയം  7. പാമ്പാടി - ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വേ , കളക്ടറേറ്റ്, കോട്ടയം  8. മാടപ്പള്ളി - ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.), കളക്ടറേറ്റ്, കോട്ടയം 9. വാഴൂര്‍ - ജില്ലാ പൊതുവിതരണ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ , കോട്ടയം 10. കാഞ്ഞിരപ്പള്ളി - അസിസ്റ്റന്റ് ഡയറക്ടര്‍ (ഡവലപ്മെന്റ്) തദ്ദേശസ്വയംഭരണ വകുപ്പ് , കളക്ടറേറ്റ്, കോട്ടയം  11. പള്ളം - ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍), കളക്ടറേറ്റ്, കോട്ടയം

കോട്ടയം

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച (14-11-2025) പുറപ്പെടുവിക്കും. അതോടൊപ്പം തന്നെ അതത് വരണാധികാരികൾ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ്‌ പരസ്യപ്പെടുത്തും. രാവിലെ 11 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിക്ക് നേരിട്ടോ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് നാമനിർദ്ദേശപത്രിക (ഫോറം 2) സമർപ്പിക്കാം.സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര-മൂകനായിരിക്കരുത്.സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം ഗ്രാമപഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നവർ 2000 രൂപയും, ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ 4000 രൂപയും, ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ 5000 രൂപയുമാണ് നാമനിർദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതിയാകും.സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽകേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫോറം 2A യിൽ സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡുകളിൽ നാമനിർദ്ദേശപത്രിക നൽകിയാൽ എല്ലാം നിരസിക്കും. എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാവുന്നതാണ്.നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫാറങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും. നാമനിർദ്ദേശപത്രിക സമർപ്പണം : കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്നുറപ്പ് വരുത്താൻ കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വരണാധികാരികൾക്കും നിർദ്ദേശം നൽകി.നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുന്ന സമയത്ത് ഒരു സ്ഥാനാർത്ഥിക്ക് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.  നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസിനുള്ളിൽ സ്ഥാനാർത്ഥിയടക്കം 5 പേർ മാത്രമേ പ്രവേശിക്കാവൂ.സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം വരണാധികാരികൾ തീരുമാനമെടുക്കേണ്ടതെന്ന് കമ്മീഷൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാൻ യോഗ്യതയില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവ്വകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകം. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടും. അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാം. സാക്ഷരതാ പ്രേരക്മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാനാകൂ. സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കാം . എന്നാൽ കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കു മത്സരിക്കാൻ അയോഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് മത്സരിക്കാം. എന്നാൽ സി.ഡി.എസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാൻ കഴിയില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും, കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്‌ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം. സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശ്ശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവ്വീസ് സഹകരണസംഘങ്ങൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിൽ ഉൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശ്ശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് അയോഗ്യതയുണ്ടാകും. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും. അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്ക് അയോഗ്യതയുണ്ടാകും. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല.