വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

"ക്ലീൻ ഹോം ക്ലീൻ സിറ്റി"; മാലിന്യ പരിപാലനത്തിൽ സ്മാർട്ട് ആകാൻ നഗരസഭയിൽ സർവ്വേ ആരംഭിച്ചു

ഈരാറ്റുപേട്ട: "ക്ലീൻ ഹോം ക്ലീൻ സിറ്റി" എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും.  ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തുടങ്ങിയവരുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും. നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും. ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും. പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ  സെൻറ് ജോർജ് , എം.ഇ .എസ് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കർമ സേനകളുടെ യും സഹായത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നു. 30 ടീമായി തിരിച്ചാണ് സർവ്വേ നടക്കുന്നത് ഒരു വാർഡിൽ 5 പേരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം കൊടുക്കുന്നത്.  പരിശീനം ലഭിച്ച 100 വാളഡിയർമാരുടെ സേവനം  എന്‍ട്രോള്‍മെന്‍റിനായി വാര്‍ഡുകളില്‍ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഓടു കൂടി  നഗരസഭയിലെ എല്ലാ വീടുകളിലും ഗാർബേജ് ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി എ നാസർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ. സഹല ഫിർദൗസ് പ്രവർത്തനങ്ങൾ കോ-ഓഡിനേറ്റ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് , സോണി മോൾ ,വി എം നൗഷാദ്. കെൽട്രോൺ പ്രതിനിധികളായ ബിബിൻ, നിജി ജയിംസ്, ശ്രീകുമാർ  ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, ശരത് ചന്ദ്രൻ, കൗൺസിലർ നാസർ വെള്ളൂപറമ്പിൽ എന്നിവർ പങ്കെടുത്തു. 

പ്രാദേശികം

തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി; ശിലാസ്ഥാപന കർമം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും

ഈരാറ്റുപേട്ട : തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി മുതൽ മുടക്കി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം  സെപ്റ്റംബർ 15 വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പ്രസ്തുത പ്രോഗ്രാമിന്റെ സ്വാഗതസംഘം മീറ്റിംഗ് പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ, തീക്കോയ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ്. മുഹമ്മദ്‌ ഇല്യാസ്, ഈരാറ്റുപേട്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിസ്വാന സവാദ്, മുൻസിപ്പൽ കൗൺസിലർ നസീറ സുബൈർ, തീക്കോയ്‌ മെമ്പർമാരായ ജയറാണി, അമ്മിണി തോമസ്, സ്കൂൾ സൂപ്രണ്ട് ദാമോദരൻ, രമേശ്‌ ബി വെട്ടിമറ്റം, സ്കൂൾ പി റ്റി എ വൈസ് പ്രസിഡന്റ്‌ ഷെഫീക് കെ പി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

ലോകം

ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി മുകേഷ് അംബാനി

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് സ്വന്തമാക്കി, ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല, അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി 80 മില്യൺ ഡോളറിനാണ് ( ഏകദേശം 640 കോടി രൂപ) വാങ്ങിയത്. 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവ ഈ വില്ലയിലുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ വർഷമാണ് 5.7 കോടി പൗണ്ടിന് (597 കോടി രൂപ) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയമായ സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോക് പാർക്കിന് 900 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്.

കേരളം

ജല നിരപ്പ് ഉയരുന്നു; ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജല നിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലവൽ 164 മീറ്ററമാണ്.  ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പ് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് ജലം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും മുന്നൊരുക്കങ്ങളും നടത്താനാണ് കെഎസ്ഇബി നിർദേശം.

പ്രാദേശികം

സൗജന്യ നിയമ സഹായ ക്ലിനിക്

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രണ്ട് മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും. സൗജന്യ നിയമ സഹായ ക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള എല്ലാ പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിലയിൽ നിന്നും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447036389

പ്രാദേശികം

വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം; സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളനം

ഈരാറ്റുപേട്ട : വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളന പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  കെആർ ശശിധരൻ നഗറിൽ ( ഭരണങ്ങാനം വെട്ടുകല്ലേൽ ആർകേഡ്) നടക്കുന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഓണത്തിന് മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഓണാക്കിറ്റ് നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിനിധികൾ അഭിനന്ദിച്ചു.  ഏരിയ പ്രസിഡന്റ്‌ പി എസ് ശശിധരൻ സമ്മേളനത്തിന് ആദ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി ആർ ശിവദാസ് സ്വാഗതവും, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ റെജി രക്തസാക്ഷി പ്രമേയവും, എം എച് ഷനീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഏരിയ സെക്രട്ടറി ജോയി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷർളി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ ജെ അനിൽകുമാർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ്‌ : ടിഎസ് സ്നേഹധനൻ, വൈസ് പ്രസിഡന്റ്‌ : ടി മുരളി, എം എച് ഷനീർ, മിനി ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി : സിഎം സിറിയക്ക്, ജോയിന്റ് സെക്രട്ടറി : ടി എസ് സിജു, വികെ മോഹനൻ, സിജി നോബിൾ, ട്രെഷറർ : പിഎസ് ശശിധരൻ അടങ്ങുന്ന 30 അംഗ കമ്മിറ്റി.

പ്രാദേശികം

ദിലീപ് കേസുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ഈരാറ്റുപേട്ട: പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഇത് അയച്ചത് ഷോണിന്റെ നമ്പറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു.

കേരളം

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.