വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഈ മാസം 19 വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്. കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

വിദ്യാഭ്യാസം

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോട്ടയം

ഡോക്ടറുടെ കാറിന് മുൻ ജീവനക്കാരൻ തീയിട്ടു; പ്രതിക്കും ഗുരുതര പരിക്ക്

കോട്ടയം: ഗാന്ധിനഗറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റിട്ട.ഡോക്ടറുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനു മുൻ കേർ ടേക്കർ തീ വച്ചു. കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്. തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ഇവർ എത്തി തീ വച്ചപ്പോഴാണ് കാറിനു സമീപത്തു പൊള്ളലേറ്റ നിലയിൽ മുൻ കേർ ടേക്കറായ ചെങ്ങളം സ്വദേശിയെ കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ചെങ്ങളം സ്വദേശിയായ മുൻ കേർ ടേക്കർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കേരളം

അന്തിമ പോളിങ് ശതമാനത്തിൻറെ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തിയുള്ള കൃത്യമായ കണക്കുകൾ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യാഴാഴ്ച വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ കണക്കുകൾ മാത്രമാണ് കമ്മീഷൻ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജില്ലാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് കണക്കുകൾ വൈകാൻ കാരണമായി കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും, അവധി ദിവസങ്ങളും ഡാറ്റാ എൻട്രിയിലെ സങ്കീർണതകളും നടപടികൾ വൈകിപ്പിച്ചു. ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികൾക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങൾ നിലനിൽക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം വരെ 45 ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ബാക്കിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഏകദേശം 20,000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവിലെ സൂചനകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് 78 ശതമാനത്തിന് മുകളിലാണ്. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി ചേരുന്നതോടെ ഇത് 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ 1987ന് ശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമായി ഇത് മാറും. വോട്ടിങ് ശതമാനം ഉയർത്താൻ കമ്മീഷൻ നടത്തിയ വിപുലമായ പ്രചാരണങ്ങളുടെ വിജയമായാണ് ഇതിനെ കാണുന്നത്.

കോട്ടയം

മതനേതാക്കൾക്ക് എതിരായ അധിക്ഷേപം പൊതുപ്രവർത്തകർ മാന്യത പാലിക്കണം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം: സഭയോടും മേലധ്യക്ഷന്മാരോടും ചേർന്ന് പ്രവർത്തിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ശബ്ദമായ ദീപിക പത്രത്തെ ആക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സത്യം വിളിച്ചുപറയുന്ന പത്രത്തെ തകർക്കാനുള്ള ശ്രമങ്ങൾ ഭീഷണിയുടെ ഭാഗമാണ്. വൈദികരും മെത്രാന്മാരും നിശബ്ദരായി ഇരിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ചാനൽ ചർച്ചകളിൽ മതനേതാക്കളെ അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ല. നമ്മുടെ ഐഡന്റിറ്റി സംരക്ഷിക്കാനും സത്യം വിളിച്ചുപറയാനും സഭ എന്നും മുൻപന്തിയിലുണ്ടാകും. രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സഭയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ സധൈര്യം നേരിടുമെന്ന് നേതൃത്വം വ്യക്തമാക്കി. മതനേതാക്കൾക്കെതിരായ അധിക്ഷേപം: പൊതുപ്രവർത്തകർ മാന്യത പാലിക്കണമെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മതമേലധ്യക്ഷന്മാരെ മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് പൊതുരംഗത്തുള്ളവർ വിമർശിക്കുന്നത് വലിയ തെറ്റാണെന്ന് പ്രസ്താവന. ഇത്തരം നീക്കങ്ങൾ വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാത്തതാണ്. എല്ലാകാലത്തും വൈദികർ ന്യൂട്രൽ ആയിരിക്കണം എന്ന വാദം നമ്മുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്താനേ സഹായിക്കൂ. ഭീഷണിയുടെ സ്വരം തിരിച്ചറിയാൻ സഭയ്ക്കറിയാം. സത്യം സധൈര്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന സഭയെയും സത്യം മാത്രം പറയുന്ന ദീപിക പോലുള്ള മാധ്യമങ്ങളെയും ആക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. ദൈവഭക്തിയിലും സഭാസ്നേഹത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കാവില്ല.

പ്രാദേശികം

വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും.

കോട്ടയം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡയലോഗ് 12.0 മെയ് 14 ന് ഈരാറ്റുപേട്ടയിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന ഡയലോഗുകൾക്ക് ശേഷമാണ് പന്ത്രണ്ടാമത് ഡയലോഗിന്  ജില്ല ആതിഥ്യമരുളുന്നത്. മെയ് 14 ന് വൈകിട്ട് നാലിന് ഈരാറ്റുപേട്ട പിടിഎംഎസ് ഓഡിറ്റോറിയത്തിലാണ് പരിപാടി.  ഡയലോഗിന് മുന്നോടിയായി നടത്തപ്പെടുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം, കാഞ്ഞിരിപ്പള്ളി, ഈരാറ്റുപേട്ട മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യൂത്ത്, സ്റ്റുഡൻ്റ്സ്, ഗേൾസ് & വിമൻസ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ കൺവൻഷനുകൾ, ഡോർ ടു ഡോർ, സന്ദേശ പ്രയാണയാത്ര, പ്രീ കോൺഫറൻസ് മീറ്റുകൾ എന്നിവ സംഘടിപ്പിക്കും. ഏപ്രിൽ 10 ന് ഈരാറ്റുപേട്ട മസ്ജിദുൽ ഇസ്ലാമിൽ സംഘടിപ്പിച്ച പ്രഖ്യാപന സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹിക്കമി ആമുഖ പ്രഭാഷണം നടത്തി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് കെ എം അധ്യക്ഷനായി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഷമീൽ എൻ എ, യൂത്ത് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി സിയാദ് പി ഇ എന്നിവർ സംസാരിച്ചു.

മരണം

ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു; കൂട്ടിക്കൽ സ്വദേശി പള്ളിവാതുക്കൽ അബ്ബാസ് ആണ് മരിച്ചത്

മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ചു കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം. ​കൂട്ടിക്കൽ ഭാഗത്തുനിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അബ്ബാസിനെ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ജനറൽ

ആശാ ഭോസ്‌ലെ അന്തരിച്ചു, വിടപറഞ്ഞത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ

പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം നാളെ വൈകിട്ട് ശിവാജി പാർക്കിൽ. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും. ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്‌ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്‌ലെ യാത്രയായത്. മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി ഇൻഡോറിലെ കൊങ്കണി കുടുംബത്തിൽ 1933 സെപ്റ്റംബർ 8 ജനനം. ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. 1943ൽ മറാത്തി ചിത്രമായ മജാബലിലൂടെയായിരുന്നു അരങ്ങേറ്റം. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.