വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവലയ്ക്ക സമീപം എള്ളും പുറത്ത് ഉണ്ടായ മണ്ണിടിച്ചിൽ.

ഈരാറ്റുപേട്ട .മേലുകാവ് പഞ്ചായത്തിലെ കാഞ്ഞിരം കവല യ്ക്ക് സമീപം എള്ളും പുറത്ത് ഉണ്ടായ  മണ്ണിടിച്ചിൽ.അപ്രതീക്ഷിത മഴയിൽ മണ്ണിടിച്ചിൽ.ഒപ്പം വലിയ കല്ല്  ഉരുണ്ടുവീണ് വഴിയിൽ ഗതാഗത തടസ്സം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ മാന്തോട്ടം പുരയിടത്തോട് ചേർന്ന് മണ്ണിടിച്ചിലിൽ വലിയ പാറക്കല്ല് ഉരുണ്ടുവീണ് റോഡിൽ പതിച്ചു.ഇതിൻ്റെ ആഘാതത്തിൽ  റോഡ് വിണ്ട് കീറിയിട്ടുണ്ട്.ചെറു വാഹനങ്ങൾക്ക്  കടന്നുപോകാം എന്നാൽ വലിയ വാഹനങ്ങൾക്ക് പ്രയാസമാണ്.വഴിയാത്രക്കാർ ഈ സമയം വരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.

കേരളം

ഗതാഗത നിയമലംഘനം: ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽമാത്രം.

കേന്ദ്രമോട്ടോർവാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളില്‍മാത്രം ക്യാമറവഴി പിഴചുമത്തിയാല്‍മതിയെന്ന് ഗതാഗതകമ്മിഷണറുെട നിർദേശം.മൊബൈലില്‍ ചിത്രമെടുത്ത് ഇ-ചെലാൻവഴി മറ്റ് നിയമലംഘനങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടല്‍. വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ-ഫിറ്റ്നസ് കാലാവധി കഴിയുക, പുകപരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൊബൈല്‍ഫോണില്‍ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങള്‍ നിർത്തി പരിശോധിക്കുന്നവേളയില്‍ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നല്‍കി പിഴയീടാക്കാം.  ഹെല്‍മെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ചിത്രമെടുക്കുമ്ബോള്‍ വാഹനത്തിന്റെ രേഖകള്‍ക്കൂടി ഓണ്‍ലൈനില്‍ പരിശോധിച്ച്‌ മറ്റ് കുറ്റങ്ങള്‍ക്കും ഉദ്യോഗസ്ഥർ പിഴചുമത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ മുകളില്‍ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകള്‍ക്ക് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാല്‍, ഓഡിറ്റ് പരാമർശത്തെത്തുടർന്നാണ് ഒന്നിലധികം കുറ്റങ്ങള്‍ക്ക് പിഴചുമത്തേണ്ടിവന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിഴചുമത്തുമ്ബോള്‍ ആ വാഹനത്തിന് മറ്റ് ഗതാഗതനിയമലംഘനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഓഡിറ്റ് നിർദേശമുണ്ടായിരുന്നു. ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്താവുന്ന കുറ്റങ്ങള്‍ 1. അമിതവേഗം 2. അനധികൃത പാർക്കിങ് 3. ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക 4. ചുവപ്പ് സിഗ്നല്‍ ലംഘിക്കുക 5. വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ഭാരം കയറ്റുക 6. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക 7. ലെയ്ൻ ട്രാഫിക് ലംഘനം 8. ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുക 9. നമ്ബർ പ്ലേറ്റില്‍ ക്രമക്കേട് 10. മൊബൈല്‍ഫോണ്‍ ഉപയോഗം 11 മഞ്ഞവരയുള്‍പ്പെടെയുള്ള റോഡിലെ മാർക്കിങ്ങുകള്‍ ലംഘിക്കുക 12. സിഗ്നല്‍ ലംഘനം.

പ്രവാസം

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

കേന്ദ്ര  സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നുനേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.  

കോട്ടയം

ടീം നന്മക്കൂട്ടം അംഗങ്ങൾ സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി

ഈരാറ്റുപേട്ട: നന്മക്കൂട്ടം റാപിഡ് റെസ്ക്യൂ ഫോഴ്‌സ് ടീമിലെ പത്തോളം വരുന്ന അംഗങ്ങൾ പ്രാഥമിക സ്കൂബ ഡൈവിംഗ് പരിശീലനം പൂർത്തിയാക്കി. കൊല്ലം ഡി ഫോർട്ടിന്റെ സ്വിമ്മിംഗ് പൂളിലായിരുന്നു പ്രാഥമിക പരിശീലനം.കൊല്ലം ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ഡയറക്ടർമാരായ റിനോൾട്ട് ബേബി (കൊല്ലം), അബ്ദുൽ കലാം ആസാദ് (കോട്ടയം), ഉമ്മർ റഫീഖ് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം തങ്കശ്ശേരി ഡി ഫോർട്ട് റസിഡൻസിയുമായി സഹകരിച്ച്ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി നീന്തൽ പരിശീലനം നൽകിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾക്കും റെസ്ക്യൂ ടീമുകൾക്കുമാണ് പരിശീലനം നൽകിയത്.സ്കൂബ ഡൈവിംഗ് അക്കാദമി ചീഫ് ട്രെയിനർ ആദർശ് (പാലക്കാട്‌), പോലീസ് ഓഫിസറും സർട്ടിഫയ്ഡ് സ്നേക്ക് റെസ്ക്യൂർ കൂടിയായ മുഹമ്മദ്‌ ഷെബിനും പരിശീലനത്തിൽ പങ്കാളികളായി.

പ്രാദേശികം

സദാചാരം നില നിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യ നൽകുന്ന കരുത്ത് വിലമതിക്കാത്തത് "' അഡ്വ. വി പി നാസർ

ഈരാറ്റുപേട്ട :അക്ഷരലോകത്തേക്ക് ആദ്യ ചുവട്'എന്ന ശീർഷകത്തിൽ ഈരാറ്റുപേട്ട സഈദിയ സുന്നി മദ്രസയിൽ നടന്ന ഫത്ഹേ മുബാറക്  മദ്റസാ പ്രവേശനോത്സവം പ്രൗഡഗംഭീരമായി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ. വി പി നാസർ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. വർധിച്ചു വരുന്ന അരുതായ്മകളിൽ നിന്നും, വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും  മുക്തി നേടാനും സദാചാര  സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയുടെ കരുത്ത് വിലമതിക്കാനാവാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നന്മകളുടെ പരിസരം നഷ്ടപ്പെടുന്ന പുതിയ കാലത്ത് സകല മേഖലകളിലും തിന്മ ആധിപത്യം സ്ഥാപിക്കുകയാണ്. സ്നേഹബന്ധങ്ങൾ ഊഷ്‌മളമാവേണ്ടതിനു പകരം വൈരം വളർത്തി വിപത്തുകൾ വിതക്കാനാണ്  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പകയും വിദ്വേഷവും സാർവത്രികമായി മാറിക്കൊണ്ടിരിക്കുന്നു.മാനവികതയുടെ നിലനിൽപിന്  ആത്മീയ വിദ്യയുടെ വളർച്ചക്ക്  ആവും വിധം പ്രോത്സാഹനം നൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ആണെന്നും  അദ്ദേഹം പറഞ്ഞു.ഒമ്പതാം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മുഹമ്മദ്‌ യാസിറിനെ മൊമെന്റോ നൽകി ആദരിച്ചു.മസ്ജിദ് ഇമാം അൽ ഹാഫിസ് സഅദുദ്ധീൻ അൽഖാസിമി അധ്യക്ഷത വഹിച്ചു. സഈദിയ മദ്രസാ വിദ്യാർത്ഥികൾ നേതാക്കളെ ദഫ് മുട്ടി ആനയിച്ചു.മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ഖാദിർ സാഹിബ്‌ പൊതു പരീക്ഷ വിജയി മുഹമ്മദ്‌ റിഹാന് സർട്ടിഫിക്കേറ്റ് നൽകി,സമസ്ത ജില്ലാ സെക്രട്ടറി പി എം അനസ് മദനി മുഖ്യ പ്രഭാഷണം നടത്തി എസ് ബി എസ് പ്രസിഡന്റ് മുഹമ്മദ്‌ യാസർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി ഹുസൻ സാഹിബ്‌,റാഷിദ്‌, അബ്ദുൽ ജബ്ബാർ വിരിയനാട്, നിയാസ് ഹാഷിം എന്നിവർ സംസാരിച്ചു.സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സ്വാഗതം ആശംസിച്ചു.പി ടി എ സെക്രട്ടറി സനീർ ചോക്കാട്ടിൽ നന്ദി പറഞ്ഞു.

പ്രാദേശികം

പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ.

അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ   അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക്  വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു. മലമുകളിൽ ഭരണങ്ങാനം സെൻ്റ് മേരീസ് എച്ച്. എസ്.എസ്. പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം പീഢാനുഭവ സന്ദേശം നൽകി. . അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,  അസിസ്റ്റൻറ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ,  ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒ.എസ്.ബി., തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ 06.00 മണി മുതൽ നേർച്ചകഞ്ഞി വിതരണവും നടന്നുവരുന്നു.

കോട്ടയം

ഈരാറ്റുപേട്ട -വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു

ഈരാറ്റുപേട്ട:വെള്ളികുളം: ഈരാറ്റുപേട്ട – വാഗമൺ റോഡിലെ അപകടം തുടർക്കഥയാകുന്നു. ഇടുങ്ങിയ റോഡും അപകടകരമായ വളവുകളും ആണ് വാഹനാപകടം വർധിക്കുവാനുള്ള കാരണം .നൂറുകണക്കിന് വളവുകൾ മൂലം അകലെയുള്ള വാഹനങ്ങൾ ഡ്രൈവർമാർ കാണാതെവരുന്ന സാഹചര്യമാണുള്ളത്.ഈ അടുത്ത നാളിലെ റോഡിലെ ടാറിങ്ങും അശാസ്ത്രീയമായ ഓട നിർമ്മാണവും വാഹനാപകടത്തിൻ്റെ എണ്ണം ഏറെ വർധിപ്പിച്ചിട്ടുണ്ട്. ‘പലസ്ഥലങ്ങളിലും വീതി കുറവായതുകൊണ്ട് വാഹനത്തിന് സൈഡ് കൊടുക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. അശാസ്ത്രീയമായി നിർമ്മിച്ച ഓടകൾ നിരവധി അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. യാതൊരു സുരക്ഷിതത്വമോ മാനദണ്ഡമോ ഇല്ലാത്ത ഓടകളാണ് നിർമ്മിച്ചിരിക്കുന്നത്.ഈ അടുത്ത നാളിൽ കോടിക്കണക്കിന് രൂപയാണ് റോഡ് വികസനത്തിന്റെ പേരിൽ മുടക്കിയിട്ടുള്ളത്.എങ്കിലും വാഹനാപകടത്തിന് യാതൊരു കുറവുമില്ല. വേലത്തുശ്ശേരിയിൽ ഇന്നലെ ഉണ്ടായ വാഹനാപകടം ഇതിനു തെളിവാണ്. കുമരകം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ഇടുങ്ങിയ റോഡും അപകടകരമായ വളവുമാണ് . നാട്ടുകാരുടെ സമയോചിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് അപകട മരണം കുറയ്ക്കാൻ സാധിച്ചത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ വാഗമണ്ണിലേക്ക് യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട – വാഗമൺ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് വെള്ളികുളം എ കെ. സി സി .യൂണിറ്റ് ആവശ്യപ്പെട്ടു.മനുഷ്യജീവനു പുല്ലുവില കൽപ്പിക്കുന്ന അധികാരികളുടെ സമീപനത്തെ യോഗം കുറ്റപ്പെടുത്തി. ഈ വേനൽ അവധിക്കാലത്ത് ആയിരക്കണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്.പക്ഷേ റോഡിന് യാതൊരു പുരോഗതിയും ഇന്നേ വരെ ഉണ്ടായിട്ടില്ല.റോഡിന് വീതികൂട്ടിയും അപകടകരമായ വളവുകൾ നിവർത്തിയും ശാസ്ത്രീയമായ രീതിയിൽ റോഡ് നിർമ്മിച്ചും ഉചിതമായ നടപടികൾ ജനപ്രതിനിധികൾ കൈക്കൊള്ളണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി കണിയാംകണ്ടത്തിൽ, സാജൻ തോട്ടപ്പള്ളിൽ, സജി താന്നിപ്പൊതിയിൽ, ഷിബു കിഴക്കേമുറിയിൽ,സുനിൽ മുതുകാട്ടിൽ, ജിജി വളയത്തിൽ, ബേബി പുള്ളോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ, കുമരകം സ്വദേശിനിക്ക് ദാരുണാന്ത്യം. കുമരകം കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. തീക്കോയി വേലത്തുശേരിക്ക് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അവധി ആഘോഷത്തിനായി 12 അംഗ സംഘമാണ് ബുധനാഴ്‌ച വാഗമണ്ണിൽ എത്തിയത് . തിരികെ പോകും വഴിയായിരുന്നു അപകടം. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ട‌പ്പെട്ട ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹനത്തിനും മതിലിനും ഇടയിൽ പെട്ടാണ് ധന്യ മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും ടീം എമർജൻസിയും നന്മക്കൂട്ടം അംഗങ്ങളും ഈരാറ്റുപേട്ട പോലീസും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ആംബുലൻസിൽ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.