വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ഈരാറ്റുപേട്ടയുടെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു

തുർക്കിയിൽ യൂനിവേഴ്സിറ്റി വിദ്യാർഥിയായ ഈരാറ്റുപേട്ട സ്വദേശി ബിലാലാണ് വരൻ ഈരാറ്റുപേട്ട: കേരളത്തിന്റെ മരുമകളായി മിസ്‍രിപ്പെണ്ണ് റവാൻ എത്തുന്നു. തുർക്കിയിലെ ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ സോഷ്യോളജി പി.ജി വിദ്യാർഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാൽ ബിൻ ജമാലിന്റെ വധുവായാണ് ഈജിപ്തിലെ അലക്സാണ്ട്രിയ സ്വദേശിനിയായ റവാൻ അൽ അഗവാനി എത്തുന്നത്. ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റിയിലെ തന്നെ ഫിലോസഫി വിദ്യാർഥിനിയാണ് റവാൻ. കഴിഞ്ഞ ദിവസം ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഒമാനിലെ സലാലയിൽ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.  സാധാരണ ഇരു രാജ്യങ്ങളിലുള്ളവർ വിവാഹിതരാകുന്നത് പ്രണയത്തിലൂടെയാണെങ്കിൽ വീട്ടുകാർ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്. തുർക്കിയിൽ ബിലാലിന്റെ സഹപാഠിയാണ് റവാന്റെ സഹോദരൻ മാസിൻ അൽ അഗവാനി. ഇരുവരും ഈജിപ്ത് സ്വദേശി തന്നെയായ മറ്റൊരു സുഹൃത്തും ഹോസ്റ്റലിൽ ഒരേ മുറിയിലാണ് താമസം. മാസിനാണ് ആദ്യമായി ബിലാലിനോട് സഹോദരിയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. വീട്ടുകാരുമായും പെൺകുട്ടിയുമായും സംസാരിച്ച ശേഷം ബിലാൽ അനുകൂലമായ മറുപടി നൽകിയതോടെ വിവാഹ കാര്യങ്ങൾ മുന്നോട്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ സലാലയിൽ വെച്ചു തന്നെ വിവാഹമുറപ്പിക്കൽ ചടങ്ങും നടത്തിയിരുന്നു.  മൂവാറ്റുപുഴ തച്ചളായിൽ ജമാലിന്റേയും തലനാട് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഈരാറ്റുപേട്ട കോന്നച്ചാടത്ത് സജിത എ. ഖാദറിന്റേയും മകനാണ് ബിലാൽ. ഈജിപ്തിലെ അലക്സാണ്ട്രിയയിലെ അസ്റാൻ ബക്‍രി അഗവാനിയുടേയും ലാമിയ സഅദ് അലിയുടേയും മകളാണ് റവാൻ അൽ അഗവാനി. അധ്യാപകനായ അസ്റാനും കുടുംബവും സലാലയിലാണ് താമസം. ജൂലൈയിൽ ഇരുവരും എത്തിയ ശേഷം നാട്ടിൽ വിവാഹ സൽക്കാരം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കോട്ടയം

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ സഹോദങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതര പരിക്ക്. കാഞ്ഞിരപ്പള്ളി ചേനപ്പാടി കിഴക്കേക്കര നാഗമറ്റത്തിൽ എൻ എസ് ശ്രീനാഥാണ് (22 ) മരിച്ചത്. പരുക്കേറ്റ സഹോദരി ശ്രീലക്ഷ്മിയെ (27) ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9 മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിലാണ് അപകടം. എറണാകുളത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയ സഹോദരിയെ കൂട്ടി ബൈക്കിൽ ചേനപ്പാടിയിലേയ്ക്ക് പോവുകയായിരുന്നു ശ്രീനാഥ്.   എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടശേഷം റോഡിൽ കിടന്ന സഹോദരങ്ങളെ നാട്ടുകാർ വിളിച്ചു വരുത്തിയ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ ഇരുവരും റോഡിൽ കിടക്കുകയായിരുന്നു.കൊച്ചി ഇൻഫോസിറ്റിയിൽ ജോലിക്കാരിയായ ശ്രീലക്ഷ്മിബന്ധുവിൻ്റെ കല്യാണം കൂടാൻ അവധിക്ക് എത്തിയതായിരുന്നു. വരുന്ന ഏപ്രിലിൽ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരിക്കയാണ്.

കോട്ടയം

വാക്ക് പാലിച്ച് റോഷ്ണി തോംസൺ കവീക്കുന്ന് സ്കൂളിൽ

കവീക്കുന്ന്: അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് കുട്ടികൾക്കുണ്ടായ അമ്പരിപ്പ് കൗതുകത്തിലേയ്ക്കും തുടർന്നു സൗഹൃദത്തിലേയ്ക്കും വഴിമാറി. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണാണ് കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. റോഷ്ണിയുടെ ഭർത്താവ് മുണ്ടത്താനത്ത് അഭിലാഷ് ജോസ് ബാല്യകാല വിദ്യാഭ്യാസം നടത്തിയത് കവീക്കുന്ന് സ്കൂളിലായിരുന്നു. സ്കൂളിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികയിൽ കവീക്കുന്ന് സ്കൂളിലെ കുട്ടികൾ റോഷ്ണി തോംസണുമായി നടത്തിയ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു. അന്ന് കവീക്കുന്ന് സ്കൂളിൽ ഒരിക്കൽ എത്തിച്ചേരുമെന്ന് കുട്ടികൾക്കു വാക്കും നൽകിയിരുന്നു. ഈ വാക്ക് പാലിക്കാൻ കൂടിയായിരുന്നു റോഷ്ണിയുടെ സന്ദർശനം. ഇത് കുട്ടികൾക്കു പ്രചോദനവും ആവേശവും പകർന്നു.  സ്കൂളിൻ്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഹെഡ്മാസ്റ്റർ സജി ജോസഫ് വിശദീകരിച്ചുകൊടുത്തു. സ്കൂളിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'കൈറ്റ്സ്' എന്ന എന്ന ഹൃസ്വസിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവച്ചു. സ്കൂളിലെ വിദ്യാർത്ഥികളോട് പൂർവ്വ വിദ്യാർത്ഥികൂടിയായ അഭിലാഷും റോഷ്ണിയും ബാല്യകാല സ്മരണകൾ പങ്കുവച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിനെ റോഷ്ണി തോംസൺ അനുമോദിച്ചു. ഇവക്കൊപ്പം മക്കളായ ആമി, നോറ എന്നിവരും ഉണ്ടായിരുന്നു. റോഷ്ണി തോംസണിൻ്റെ അഭിമുഖം ഉൾപ്പെടുത്തിപ്പുറത്തിറക്കിയ ശതാബ്ദി സ്മാരക സ്മരണിക പൂർവ്വ വിദ്യാർത്ഥിയും ചീഫ് എഡിറ്ററുമായ എബി ജെ ജോസ് സമ്മാനിച്ചു. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര, ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, ജോബിൻ ആർ തയ്യിൽ, അജിമോൾ എസ്, അബി സിബി, ഐറിന ടോണി, ജെറോൺ ജസ്റ്റിൻ, ദിയാ സോണി, വിനായക് വിപിൻ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ സൂചന സമരം നടത്തി

മരങ്ങാട്ടുപള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന്  ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം  നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ  അസോസിയേഷൻ്റെ  നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ടുപള്ളി  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ  ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ ആർ. എച്ച് .എം സൗണ്ട്  ലിബർട്ടി ഡെക്കറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് നാൽപത് ലക്ഷം രൂപ നൽകാനുണ്ട് പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഉറപ്പിച്ച തുക നൽകിയില്ല. പലപ്രാവശ്യം മാനേജ്മെൻ്റുമായി  സംസാരിച്ചെങ്കിലും തുക നൽകിയില്ല. തുടർന്ന് ലൈറ്റ് ആൻ്റ് സൗണ്ട്  അസോസിയേഷൻ വിഷയം ഏറ്റെടുത്തു. തുടക്കത്തിൽ സൂചന സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്താനാണ് തീരുമാനം. ആർ.എച്ച്.എം  സൗണ്ട്  സുഹൈൽ ലിബർട്ടി ഡെക്കറേഷൻ  ജിമ്മി, കെ.എം കുഞ്ഞുമോൻ ,അജിതകുമാർ പി.എം. എച്ച് ഇക്ബാൽ, ജെയിംസ് രാമപുരം  മനോജ് നാഗിൻ തുടങ്ങിയവർ സംസാരിച്ചു.  

കോട്ടയം

നാപ്‌ടോളിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്; ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി

ഈരാറ്റുപേട്ട: സംസ്ഥാനത്ത് നാപ്ടോളിന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ഈരാറ്റുപേട്ട സ്വദേശിക്ക് 4500 രൂപ നഷ്ടമായി. നാപ്റ്റോളിന്റെ വാർഷികത്തോടനുബന്ധിച്ച് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് കത്തിലൂടെ അറിയിപ്പ് നൽകിയാണ് തട്ടിപ്പിന്റെ തുടക്കം. നാപ്റ്റോളിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച ലെറ്റർപാടിലാണ് കത്തുകൾ അയക്കുന്നത്. ഇതിൽ സമ്മാനമായി ലക്ഷങ്ങൾ അലഭിച്ചതായും വിവരങ്ങൾക്ക്കായി ബന്ധപ്പെടാനായി നമ്പറും നൽകിയിട്ടുണ്ട്. വിളിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നയാളുകളാണ് ഫോൺ എടുക്കുന്നതും സംസാരിക്കുന്നതും. നാപ്റ്റോളിൽ നിന്നും മുൻപ് സാധനങ്ങൾ വാങ്ങിയവരുടെ വിലാസത്തിലാണ് കത്തുകൾ എത്തുന്നത്. ഇതിനാൽ തന്നെ ഇത് നിലവിലുള്ളതാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത് കത്തിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിച്ചത് കത്തിന്റെയും കാര്ഡിന്റെയും ഫോട്ടോ വാട്സാപ്പിൽ അയക്കാൻ ആവശ്യപ്പെടും.പിന്നീട് ഇവർ തിരികെ ബന്ധപ്പെടുകയും ശേഷം അവർ നൽകുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ചാർജായി തുക ഇടാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. ഈരാറ്റുപേട്ട സ്വദേശി ഇത്തരത്തിൽ വിളിച്ചപ്പോൾ അക്കൗണ്ടിൽ 4500 രൂപ ഇടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മാന തുക ലഭിക്കാതിരുന്നതോടെ വീണ്ടും ഈ നമ്പറിലേക്ക് വിളിക്കുകയും പേപ്പർ വർക്കുകൾ തീരാനുണ്ടെന്നും ഇതിലേക്കായി 12500 രൂപ കൂടി ഇടണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ സംശയം തോന്നിയാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇവർ ഈരാറ്റുപേട്ട സ്വദേശിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

കോട്ടയം

മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പെരിന്തേനീച്ചയുടെ കുത്തേറ്റു

ചേന്നാട്: പെരിന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. ചേന്നാട് പനച്ചിപ്പാറ റോഡിൽ വാഴേക്കാട് വ്യാഴാഴ്ച നാല് മണിടോയെയാണ് സംഭവം.പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്‌ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50), എന്നിവരെയും ചേന്നാട് മരിയാ ഗൊരേത്തി സ്‌കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ് വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.

കോട്ടയം

ഹെൻറി ബേക്കർ പഠന-ഗവേഷണ കേന്ദ്രം മേലുകാവിൽ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും -ജോസ് കെ. മാണി എം.പി

മേലുകാവുമറ്റം : റവ: ഹെൻ്റി ബേക്കർ ജൂനിയർ പഠന -ഗവേഷണ കേന്ദ്രം  മേലുകാവിൽസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജോസ്.കെ. മാണി എം പി. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. മലനാടിൻ്റെ അപ്പോസ്ഥലൻ എന്നറിയപ്പെടുന്ന റവ. ഹെൻട്രി ബേക്കറിൻ്റെ സന്ദർശനമാണ് നാടിൻ്റെ വളർച്ചയ്ക്കും അറിവിൻ്റെ ബാലപാഠങ്ങൾക്കും വികസനത്തിനും തുടക്കം കുറിച്ചത്. കേന്ദ്ര- സംസ്ഥന സർക്കാരുകളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. അന്തർദേശീയ തലത്തിലുള്ള പഠന കേന്ദ്രത്തിൽ ഗവേഷണത്തിനു പുറമേ, ന്യൂ ജനറേഷൻ കോഴ്സുകൾ, സ്റ്റാട്ടപ്പുകൾ എന്നിവയാണ് ലക്ഷ്യമെന്ന് എംപി പറഞ്ഞു.പഠന കേന്ദ്രത്തിനാവശ്യമായ സ്ഥലം മേലുകാവിൽ കണ്ടെത്തും.ബിഷപ് വി.എസ്. ഫ്രാൻസിസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. കെ.ജി.ദാനിയേൽ, വൈദിക സെക്രട്ടറി ടി.ജെ.ബിജോയി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയം ഡി.സി.സിക്ക് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം പുതിയ 16 ജനറൽ സെക്രട്ടറിമാർ

ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായി മുൻ കോൺഗ്രസ് ബ്ലോക്ക് പ്രെസിഡന്റുമാരായ 16 പേരെ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് നിയമനം. ഈരാറ്റുപേട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് അടക്കം 16 പേർക്കാണ് പുതിയ നിയമനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന് കെ.എസ്.യു മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി മെമ്പർ തുടങ്ങി പാർട്ടിയുടെ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ച മുഹമ്മദ് ഇല്യാസ് നാല് വർഷം ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ള ജനറൽ സെക്രട്ടറിമാർ ഇവരാണ്: റോയി മാത്യു കപ്പലുമാക്കൽ, ടി.സി. റോയ്, എസ്. രാജീവ്, ആന്റണി കുന്നുംപുറം, രാധ വി. നായർ, മാത്തച്ചൻ, അഡ്വ. അഭിലാഷ് ചന്ദ്രൻ, ജോ തോമസ്, പ്രൊഫ. സതീഷ് ചൊള്ളാനി, അക്കരപ്പാടം ശശി, അഡ്വ. പി.പി. ചെറിയാൻ, ബേബി തൊണ്ടംകുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി. ഹരിദാസ്, അഗസ്റ്റിൻ ജോസഫ്.