വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

അക്ഷയ സംരംഭകരാകാൻ നിങ്ങൾക്കും അവസരം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.പൊതുവിഭാഗത്തിൽ നിന്നും 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും 20 ലൊക്കേഷനുകളിലേക്കും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം.എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകം. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവർക്ക് അധിക മാർക്ക് ലഭിക്കും.പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്. 750 രൂപയാണ് അപേക്ഷാ ഫീസ്.https://lbsedp.Ibscentre.in/akshaya26 / എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 7 ആണ്. കൂടുതൽ വിവരങ്ങൾ https://akshaya.kerala.gov.in/m വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

കോട്ടയം

എ ഐ വൈ എഫ് മുണ്ടക്കയം മണ്ഡലം കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ; എ ഐ വൈ എഫ്  മുണ്ടക്കയം മണ്ഡലം  കൺവെൻഷൻ കോട്ടയം ജില്ലാ സെക്രട്ടറി  സഖാവ്  ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് T R അധ്യക്ഷത വഹിച്ച യോഗത്തിൽ ബിനീഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വി ജെ കുര്യാക്കോസ്, സെക്രട്ടറിയേറ്റ് അംഗം പ്രസാദ്, AIYF ജില്ലാ എക്സിക്യൂട്ടീവ് ആർ രതീഷ്,ജില്ലാ കമ്മിറ്റി അംഗം കിരൺ രാജൻ, aisf മണ്ഡലം സെക്രട്ടറി ദീപക് ദിലീഷ് എന്നിവർ കൺവെൻഷനിൽ അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറിയായി ബിനീഷ് എ വി, പ്രസിഡന്റയി  മേഘ സുരേഷിനെയും തെരഞ്ഞെടുത്തു 

കോട്ടയം

എരുമേലി- ശബരിമല ഇടത്താവളം:ഉദ്ഘാടനം മാർച്ച്‌ 3ന്

എരുമേലി: ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച്‌ 3 ന് രാവിലെ 10.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.  വിപുലമായ സൗകര്യങ്ങളോടുകൂടിയുള്ള അന്നദാന പന്തൽ, കോൺഫറൻസ് ഹാളുകൾ, ഗസ്റ്റ് റൂമുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയാണ് ഇടത്താവളത്തിൽ ക്രമീകരിച്ചിട്ടുള്ളത്.  ഇതു കൂടാതെ തീർത്ഥാടകരുടെ സൗകര്യം കണക്കാക്കി എരുമേലി മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ടമായി 10 കോടി രൂപയും സംസ്ഥാന സർക്കാറിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ ശുചിമറി കോംപ്ലക്‌സ്, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ആധുനിക സൗകര്യങ്ങളോടെ കവേർഡ് ബാത്ത് ഏരിയ, ഓവർ ഹെഡ് വാട്ടർ ടാങ്ക് മുതലായവയും നിർമ്മിക്കും. കൂടാതെ തീർത്ഥാടന കാലത്തെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനും, പേട്ടതുള്ളൽ പാതയിലൂടെ ഉള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യം വെച്ച് എരുമേലി ടൗൺ പ്രദേശത്ത് എരുമേലി ബസ്റ്റാൻഡ് - ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ -ഓരുങ്കൽ കടവ് റോഡ്, എം.ടി.എച്ച്.എസ്- എൻ.എം.എൽ.പി.എസ്- കാരിത്തോട് റോഡ് - പട്ടാളിപ്പടി -കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബി.എസ്.എൻ.എൽ പടി റോഡ് എന്നീ പ്രാദേശിക റോഡുകൾ പദ്ധതിയുടെ ഭാഗമായി റിംഗ് റോഡുകളായി വികസിപ്പിക്കും. അതോടൊപ്പം എരുമേലി- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലൂടെ തീർത്ഥാടകർ കാനനപാതയിലേക്ക് നടന്നുപോകുന്നത് ഒഴിവാക്കാൻ കൊച്ചമ്പലം മുതൽ പേരൂർതോട് വരെയുള്ള പരമ്പരാഗത പാത നവീക രിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വലിയമ്പലം കോമ്പൗണ്ടിൽ ജലസ്രോതസ്സ് ശക്തിപ്പെടുത്തുന്നതിന് ചെക്ക് ഡാം നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.   ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയുമാണ്.    

കോട്ടയം

മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു

മുണ്ടക്കയം ; സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.സംസ്ഥാനത്തിന്റെ ധനകാര്യ നില ഭദ്രമാണെന്നും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം കൈവരിച്ചതായും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. കഴിഞ്ഞ 43 വർഷമായി വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചിരുന്ന സബ് ട്രഷറിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 10 സെന്റ് സ്ഥലം ലഭ്യമാക്കുകയായിരുന്നു. തുടർന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് ഫണ്ട് അനുവദിപ്പിച്ച് ട്രഷറി നിർമ്മാണം നടത്തുകയായിരുന്നു. ക്യാഷ് കൗണ്ടറുകൾ, ഓഫീസ് സൗകര്യം, സ്ട്രോങ്ങ് റൂം, വിശ്രമമുറി, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ 2 നിലകളിലായി 2700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. യോഗത്തിൽ ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പി ബിജുമോൻ സ്വാഗതം ആശംസിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ പീതാംബരൻ, മുണ്ടക്കയം പഞ്ചായത്ത് മെമ്പർമാരായ താരാ മോബി, സി.വി അനിൽകുമാർ, സ്വാതന്ത്ര്യ സമര സേനാനി രവീന്ദ്രൻ വൈദ്യർ, വിവിധ രാഷ്ട്രീയ,സാമൂഹ്യ നേതാക്കന്മാരായ എം.ജി രാജു, സുലോചന സുരേഷ്, ചാർലി കോശി, വിവിധ യൂണിയൻ നേതാക്കന്മാരായ എസ്. അനൂപ്, സതീഷ് ജോർജ്, കെ.എ ദേവസ്യ, ജെ.ജോൺ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ വച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ രവീന്ദ്രൻ വൈദ്യർ, മുണ്ടക്കയം ട്രഷറിയിൽ നിന്നും പെൻഷൻ വാങ്ങുന്ന ഏറ്റവും മുതിർന്ന പെൻഷനറായ പി.ച്ച് മുഹമ്മദ് ബഷീർ, പ്രവർത്തി പൂർത്തീകരിച്ച കോൺട്രാക്ടർ മനോജ് എം നായർ എന്നിവരെ എംഎൽഎ ആദരിച്ചു.

കോട്ടയം

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു

കോട്ടയം

​ഗർഭാശയഗള കാൻസറിന് പ്രതിരോധം:

കോട്ടയം: ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച (ഫെബ്രുവരി 28) രാവിലെ 9.30ന് കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയാകും   ഗർഭാശയ ഗള കാൻസറിനെതിരായ വാക്സിൻ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുൾപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച്.പി.വി വാക്സിനേഷൻ ആരംഭിക്കുന്നത്. രാജ്യവ്യാപകമായി ഫെബ്രുവരി 28നാണു ക്യാമ്പയിൻ തുടങ്ങുന്നത്. മൂന്നു മാസത്തിനകം 14 വയസുള്ള എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.     ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്‌സ്) കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ് ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാമത്തെ പ്രധാന കാൻസർ ഗർഭാശയഗള ക്യാൻസറാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ മൂലമുണ്ടായെന്നാണ് കണക്ക്. സമയബന്ധിതമായ എച്ച്.പി.വി.  വാക്‌സിനേഷനും സെർവിക്കൽ സ്‌ക്രീനിംഗും വഴി കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രതിരോധകുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശകസമിതി(എൻ.ടി.എ.ജി.ഐ)യും ലോകാരോഗ്യ സംഘടനയും ഗർഭാശയഗള കാൻസറിനെതിരേ എച്ച്പിവി വാക്‌സിനേഷൻ ശിപാർശ ചെയ്തിട്ടുണ്ട്.എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും 14 വയസുള്ള പെൺകുട്ടികൾക്ക് സൗജന്യമായി എച്ച്.പി.വി വാക്‌സിനേഷൻ സൗകര്യം ലഭ്യമാണ്.  14 വയസുള്ള പെൺകുട്ടികൾക്ക്  എച്ച്.പി. വി വാക്‌സിനേഷൻ ബുക്ക് ചെയ്യുന്നതിനായി യു.വിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. വെബ്‌സൈറ്: https://uwin.mohfw.gov.in/home .

കോട്ടയം

മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം : മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി ബിജുമോൻ റിപ്പോർട്ട് അവതരിപ്പിക്കും. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ജീരാജ് , ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫീസർ വിൻസി ഉമ്മൻ , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ജോൺ , ഗ്രാമപഞ്ചായത്ത് അംഗം താര മോബി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ എം.ജി രാജു , സുലോചന സുരേഷ്, ചാർലി കോശി, കെ. എസ് രാജു , അനൂപ് പൂവത്തോലി, പി. യു അൻസാരി, ഷാജി അറത്തിൽ , സിജു കൈതമറ്റം, രാജീവ് അലക്സാണ്ടർ, വിവിധ യൂണിയൻ ഭാരവാഹികളായ എസ്. അനൂപ്, സി.എ നിയാസ്, ഷമീർ വി മുഹമ്മദ് , സതീഷ് ജോർജ്, ശ്യാംരാജ് ആർ.എൽ, കെ.എ ദേവസ്യ, ജെ.ജോൺ , വ്യാപാരി വ്യവസായി പ്രതിനിധി ടി.എസ് റഷീദ് തുടങ്ങിയവർ പ്രസംഗിക്കും.     മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് ട്രഷറി നിർമ്മാണം നടത്തിയത്.  43 വർഷമായി വാടക കെട്ടിടത്തിൽ വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് മുണ്ടക്കയം സബ് ട്രഷറി ഇതുവരെ പ്രവർത്തിച്ചു വന്നിരുന്നത്. സബ് ട്രഷറിക്ക് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതും മൂലം പെൻഷൻകാർ ഉൾപ്പെടെ ട്രഷറിയുടെ വിവിധ സേവന ഉപഭോക്താക്കൾ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രഷറിക്ക് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന പെൻഷൻകാരുടെയും മറ്റും ആവശ്യം പരിഗണിച്ചുകൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുൻകൈയെടുത്ത് സർക്കാരിൽ നിന്നും 1.88 കോടി രൂപ അനുവദിപ്പിച്ച് പുതിയ കെട്ടിടം നിർമ്മാണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 10 സെന്റ് സ്ഥലത്ത് 2700 സ്ക്വയർ ഫീറ്റിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇരുനില കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. ഓഫീസ് സൗകര്യം, കൗണ്ടർ, സ്ട്രോങ്ങ് റൂം , വിശ്രമ മുറി, ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടെ ട്രഷറിയിൽ എത്തുന്ന എല്ലാവർക്കും സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കോട്ടയം

മാണി സി. കാപ്പൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും വി.ഡി. സതീശൻ

പാലാ:- അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മൂലം കടക്കെണിയിൽ ആഴ്ത്തിയ കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫിനെ അധികാരത്തിലേറ്റുന്ന ജനത പാലായിൽ മാണി സി. കാപ്പന് റിക്കാർഡ് ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതു യുഗയാത്രക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 10വർഷം കൊണ്ട് 6 ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ഇടതു ഭരണം വിദ്യാഭ്യാസം, ആരോഗ്യം, കൃഷി മേഖലകളെ തകർത്തു തരിപ്പിണമാക്കി. കർഷകരും തൊഴിലാളികളും ജീവിക്കാൻ നിർവാഹമില്ലാതെ വലയുമ്പോൾ കൊള്ളയടിക്കാനുള്ള മാർഗം അന്വേഷിക്കുന്ന എൽ.ഡി.എഫ് ശബരിമല അയ്യപ്പനെപ്പോലും വെറുതെ വിട്ടില്ല.   വർഗീയതക്കെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന യു.ഡി.എഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമ്പോൾ ടീം യു.ഡി.എഫിന്റെ നടുനായകസ്ഥാനത്ത് പാലാക്കാരുടെ എം.എൽ.എ ഉണ്ടാകുമെന്ന് ജനസാഗരത്തെ സാക്ഷി നിർത്തി വി ഡി സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തിൽ ആരംഭിച്ചതും ഇടതു ഭരണത്തിൽ മുടക്കിയിട്ടിരിക്കുന്നതുമായ പാലായുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഐക്യ ജനാധിപത്യ മുന്നണി പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരും മെനക്കടേണ്ടതില്ലെന്നും മാണി സി. കാപ്പനും നഗരസഭാദ്ധ്യക്ഷ ദിയ ബിനുവും യു.ഡി.എഫ് സംരക്ഷണ വലയത്തിൽ സുരക്ഷിതരായിരിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. വികസനം മുടക്കുന്നവർ നടത്തുന്ന വികസനയാത്രയെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാണി സി. കാപ്പൻ പറഞ്ഞു.  ഭരണസ്വാധീനം ഉപയോഗിച്ച് വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ജോസ് കെ. മാണിയുടെയും കൂട്ടരുടെയും ഉപദ്രവങ്ങൾക്കിടയിലും 241 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയെന്ന് കാപ്പൻ പറഞ്ഞു. ആറര വർഷം കൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ വികസന സാക്ഷ്യപത്രം വി.ഡി.സതീശൻ പ്രകാശനം ചെയ്തു. കുരിശുപള്ളി കവലയിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ വി.ഡി.സതീശനെയും ജാഥാംഗങ്ങളെയും  വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുരിശുപള്ളിയിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിച്ച് നേർച്ചയിട്ടാണ് ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് തുറന്ന വാഹനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ ജെ ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ്, ഡീൻ കുര്യാക്കോസ് എം.പി, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, അസീസ് ബഡായി ,നഗരസഭാദ്ധ്യക്ഷ  ദിയ ബിനു എന്നവരോടൊപ്പം  ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിയപ്പോൾ സദസിൽ നിരത്തിയിരുന്ന കസേരകളെല്ലാം നിറഞ്ഞു കവിഞ്ഞിരുന്നു. പട്ടണം ഈ അടുത്ത കാലത്ത് ദർശിച്ചതിൽ ഏറ്റവും വലിയ ജനക്കൂട്ടം പുതു യുഗ യാത്രയെ സ്വീകരിക്കാൻ എത്തിയത് മാണി സി കാപ്പന്റെ സംഘാടക മികവിനും യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിനും തെളിവാണെന്ന് ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനിയും കൺവീനർ ജോർജ് പുളിങ്കാടും പറഞ്ഞു.