വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

പി.കെ.കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ഡിസംമ്പർ 1 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് പി.ടി എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നഗരസഭ കൺവൻഷൻ  മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.നഗരസഭ യു.ഡി.എഫ് കൺവീനർ റാസി ചെറിയ വല്ലം. അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ,ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്.നൗഷാദ്, അനസ് നാസർ ,കെ.ഇ.എ ഖാദർ ,കെ.എ.മുഹമ്മദ് ഹാഷിം, സിറാജ്കണ്ടത്തിൽ എന്നിവർ പ്രസംഗിക്കും.നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ കൺവൻഷനിൽ പങ്കെടുക്കും

കേരളം

വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഇന്ന് മുതൽ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ജില്ലയിൽ ശനിയാഴ്ച (നവംബർ 29) ആരംഭിക്കും. ഡിസംബർ ഒന്നോടെ പൂർത്തിയാകും. ഏറ്റുമാനൂർ സത്രം വെയർ ഹൗസിലാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ബ്ലോക്ക്, മുൻസിപ്പൽ റിട്ടേണിംഗ് ഓഫീസർമാർക്കാണ് വോട്ടിങ് യന്ത്രങ്ങൾ കൈമാറുന്നത്. ജില്ലയിലെ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ-സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പുദിവസത്തിന്റെ തലേന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറുന്നത്. 5775 ബാലറ്റ് യൂണിറ്റുകളും 1925 കൺട്രോൾ യൂണിറ്റുകളുമായി ആകെ 7700 വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയിൽ ആവശ്യമായിട്ടുള്ളത്.ഏറ്റുമാനൂർ, ചങ്ങനാശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളാണ് ശനിയാഴ്ച) വിതരണം ചെയ്യുന്നത്. നവംബർ 30ന് ഏറ്റുമാനൂർ, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകൾ, കോട്ടയം, ഈരാറ്റുപേട്ട നഗരസഭകൾ; ഡിസംബർ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ; വാഴൂർ, മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കു വിതരണം നടക്കും.

പ്രാദേശികം

നിർമ്മിത ബുദ്ധി ഗവേഷണത്തിൽ: അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ പ്രഭാഷണ പരമ്പര

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ റിസർച്ച് & പി.ജി കെമിസ്ട്രി ഡിപ്പാർട്ട്മെന്റും കെംസ്പയർ ക്ലബും ചേർന്ന് സംഘടിപ്പിച്ച അലൂമ്നി പ്രഭാഷണ പരമ്പരയുടെ ഭാഗമായി  നിർമ്മിത ബുദ്ധി ഗവേഷണത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു സെന്റ് ജോർജ്സ് കോളേജ് കെമിസ്ട്രി പൂർവ്വ വിദ്യാർത്ഥിയും എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മെറിൻ ജോസഫ് ആണ് പ്രഭാഷണം നിർവഹിച്ചത്. ഗവേഷണരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ നൽകുന്ന പിന്തുണയും അവയുടെ പ്രായോഗിക ഉപയോഗങ്ങളും അവർ വിശദീകരിച്ചു. ലിറ്ററേച്ചർ റിവ്യൂ, ഡാറ്റ അനാലിസിസ്, പ്രബന്ധ തയ്യാറാക്കൽ എന്നിവയിൽ എ.ഐയുടെ പങ്ക് അവർ സജ്ജീകരണങ്ങളോടു കൂടെ അവതരിപ്പിച്ചു.പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, കെംസ്പയർ ക്ലബ് അനിമേറ്റർ ഡോ. നിഹിത ലിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ ഏറ്റുമാനൂരിലെ ജില്ലാ വെയർ ഹൗസിൽനിന്ന് ശനിയാഴ്ച്ച മുതൽ ഡിസംബർ ഒന്നുവരെ ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് നൽകിത്തുടങ്ങും. ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കും. വോട്ടിംഗ് യന്ത്രത്തിന്റെ 1925 കൺട്രോൾ യൂണിറ്റുകളും 5775 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ ആവശ്യമുള്ളത്. നിലവിൽ 3404 കൺട്രോൾ യൂണിറ്റുകളും 9516 ബാലറ്റ് യൂണിറ്റുകളും കമ്മീഷനിംഗിനായി സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളതിനേക്കാൾ 40 ശതമാനം പേരെ അധികമായി ഉൾപ്പെടുത്തിയാണ് നിലവിൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 20 ശതമാനം പേരെക്കൂടി ഒഴിവാക്കി 20 ശതമാനം ജീവനക്കാരെ റിസർവായി നിലനിർത്തിക്കൊണ്ട് പോളിംഗ് ജീവനക്കാരുടെ അന്തിമ പട്ടിക നിർണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാൻഡമൈസേഷൻ ഡിസംബർ രണ്ടിന് നടക്കും. പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ എന്നീ ചുമതലകളിൽ 1925 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഓരോ വിഭാഗത്തിലും 385 ഉദ്യോഗസ്ഥരെ റിസർവായി ഉൾപ്പെടുത്തും. ഇതനുസരിച്ച് റാൻഡമൈസേഷനു ശേഷം 9240 ഉദ്യോസ്ഥരാണ് ഉണ്ടാവുക.പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ വെള്ളിയാഴ്ച്ച പൂർത്തിയായി.ജില്ലയിൽ 60 സെൻസിറ്റീവ് പോളിംഗ് ബൂത്തുകളാണുള്ളത്. ജില്ലയിൽ 89 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 1611 നിയോജക മണ്ഡസലങ്ങളിൽ 5281 പേരാണ് ഡിസംബർ ഒൻപതിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനവധി തേടുന്നത്. ഇതിൽ 2823 പേർ സ്ത്രീകളും 2458 പേർ പുരുഷൻമാരുമാണ്. ജില്ലയിൽ ആകെ 16,41,176 വോട്ടർമാരാണുള്ളത്. 784842 പരുഷൻമാരും 856321 സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ട 13 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 1925 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളിൽ ഹരിത ചട്ടം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി.എം. ശ്രീജിത്ത്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.  

കോട്ടയം

ഹരിതവോട്ട് വണ്ടി യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കമായി

കോട്ടയം:തദ്ദേശ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാം, പ്രകൃതിയെ തോൽപ്പിക്കാതെ ‘എന്ന സന്ദേശവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ വീഡിയോ പ്രദർശന വാഹന പ്രചാരണത്തിന് ജില്ലയിൽ തുടക്കമായി. കളക്‌ട്രേറ്റ് അങ്കണത്തിൽ നിന്നാരംഭിച്ച ജാഥ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകകയാണ് യാത്രയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ പൊതുഇടങ്ങൾ കേന്ദ്രീകരീച്ച് പ്രചരണം നടത്തുന്ന വാഹന ജാഥ ഡിസംബർ രണ്ടിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ വിഡീയോകൾ, തെരഞ്ഞെടുപ്പ് കാലത്തുള്ള ഹരിതചട്ട പ്രവർത്തനങ്ങൾ, നിരോധിച്ച ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരണം, തെരഞ്ഞെടുപ്പു പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകത, ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കും. എ.ഡി.എം. എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. ശ്രീലേഖ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ശുചിത്വ മിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് അക്ഷയ് സുധർ എന്നിവർ പങ്കെടുത്തു.

കേരളം

സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴയും; നടപടി കർശനമാക്കി ഗതാഗത വകുപ്പ്

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശ‌നമാക്കാനൊരുങ്ങി എംവിഡി. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. ഈ വർഷം 800ലധികം കാൽനടയാത്രക്കാരാണ് റോഡപകടത്തിൽ മരിച്ചതെന്ന് ​ഗതാ​ഗത കമ്മീഷണർ വ്യക്തമാക്കി. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു.  

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി.ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയുമാണ് മദ്യവിൽപനയ്ക്ക് വിലക്ക്.അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങളിളെ ചീഫ് സെക്രട്ടറിമാരോട്, തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയിൽ അതിർത്തിയിൽ നിന്നും 3 കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

പ്രാദേശികം

തദ്ദേശ തെരഞ്ഞെടുപ്പ്, എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവൻഷൻ നടത്തി

ഈരാറ്റുപേട്ട: തദ്ദേശ തെരഞ്ഞെടുപ്പ്, എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ പ്രവർത്തക കൺവൻഷൻ നടത്തി. പ്രവർത്തക കൺ വൻഷൻ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ അർഹരിലേക്ക്, അഴിമതി ഇല്ലാത്ത വികസനം എന്ന കാലികപ്രസക്തി ഉളഉ മുദ്രാവാക്യം ആണ് എസ്.ഡി.പി.ഐ ഉയർത്തി പിടിക്കുന്നത് എന്ന് തുളസിധരൻ പള്ളിക്കൽ പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി.എച്ച് ഹസീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം അജ്മൽ ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗം സിബി തോട്ടുംപുറം, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളി, ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.പി അജ്മൽ , മണ്ഡലം ഖജാൻജിഎസ്.എം. ഷാഹിദ് എന്നിവർ സംസാരിച്ചു.