വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയിൽ യു.ഡി.എഫ് റോഡ് ഷോയുടെ റൂട്ടിൽ മാറ്റം

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് യു.ഡി.എഫ് സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ റൂട്ടിൽ മാറ്റം. നേരത്തെ തീരുമാനിച്ച റൂട്ട് വലിയ ട്രാഫിക് പ്രശ്നമുണ്ടാക്കുമെന്ന് മനസിലാക്കിയാണ് ചില മാറ്റങ്ങൾ വരുത്തിയതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 4.30 ന് ചേന്നാട് കവലയിൽ നിന്നും തുടങ്ങി അരുവിത്തുറ പള്ളി - സെൻട്രൽ ജംഗ്ഷൻ - പ്രൈവറ്റ് ബസ് സ്റ്റാന്റ് - എം.ഇ.എസ് ജംഗ്ഷൻ - മറ്റക്കാട് ഫുർഖാൻ മസ്ജിദ് തിരിച്ച് - എം.ഇ.എസ് ജംഗ്ഷൻ വഴി നടക്കൽ - പത്താഴപ്പടി തിരിച്ച് വടക്കേക്കര കോസ്‌വേ പാലം വഴി - മുട്ടം ജംഗ്ഷൻ വഴി കടുവാമുഴിയിൽ സമാപിക്കും.

കോട്ടയം

എൻഡിഎ കേരളത്തിൽ തകർന്നു ... അഡ്വ . ജോബ് മൈക്കിൾ എംഎൽഎ ...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മിനി സാവിയോയുടെ പ്രചരണ പരിപാടികൾ ഇന്ന് പൂഞ്ഞാറിൽ ടൗണിൽ വമ്പിച്ച പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎ,  ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് തലനാട് ഡിവിഷൻ സ്ഥാനാർത്ഥി അമ്മിണി തോമസ്, ജോയി ജോർജ്,ബാബു കെ ജോർജ്,ടി എസ് സിജു, സജി സി എസ്, കെ റെജി, ദേവസിയാച്ചൻ വാണിയപുര, ജാൻസ് വയലിക്കുന്നേൽ,കെ സ് രാജു, അലൻ വാണിയപുര എന്നിവർ പ്രസംഗിച്ചു. രാവിലെ എട്ടുമണിക്ക് പിണ്ണാക്കനാട് നിന്ന് ആരംഭിച്ച പര്യടനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജ് ഉദ്ഘാടനം ചെയ്തു തുടർന്ന് പൂഞ്ഞാർ ഡിവിഷനിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തി ഡിവിഷന്റെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും എന്നും ഒപ്പം ഉണ്ടാകുമെന്ന് മിനി സാവിയോ ജനങ്ങളെ നേരിൽ കണ്ട് ഉറപ്പുനൽകി. ഔസേപ്പച്ചൻ കല്ലങ്കാട്ട്, അഡ്വ. വി എസ് സുനിൽ, മുരളീധരൻ, അലക്സാണ്ടർ, എം ജി ശേഖരൻ, അഡ്വ. സിറിയക്  കുര്യൻ, സ്കറിയച്ചൻ പൊട്ടനാനി, സോജൻ ആലക്കുളം, അഡ്വ. ബിജു ഇളംതുരുത്തിയിൽ, ജോസൂട്ടി എബ്രഹാം, അബേഷ് പലാട്ടുകുന്നേൽ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

കേരളം

സ്കൂൾ വിനോദയാത്രകൾ; നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം:സ്കൂൾ പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ല എന്നും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള സ്കൂൾ വിനോദ-പഠന യാത്രകൾ ഒഴിവാക്കണം എന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കുട്ടികളുടെ ജീവൻ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല.   വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ എങ്കിലും ഈടാക്കുന്നുണ്ടെന്ന പരാതികൾ ഉണ്ട്.എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചിലവുകൾ പുനർനിശ്ചയിക്കണം.പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം സ്‌കൂളുകളിൽ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ-തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല എന്നത് ആശ്വാസകരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.  

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ് :ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ      എ ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗൺസ്‌മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് ലൈസൻസ് ആവശ്യമാണ്.പ്രചാരണ പ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊർജ്ജിതമാക്കാനും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.  

കോട്ടയം

പൊൻകുന്നത്ത് തീർഥാടകരുടെ ബസ് സ്കൂൾ ബസിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറി; ആറ് കുട്ടികൾക്കും തീർഥാടകർക്കും പരിക്ക്

പൊൻകുന്നം :​ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം മൈലിൽ രണ്ടാമത്തെ തച്ചാപ്പുഴ റോഡിനു മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.​റോഡ് സൈഡിൽ നിർത്തി കുട്ടിയെ കയറ്റുന്നതിനിടെയാണ് സ്കൂൾ ബസ്സിൻ്റെ പിന്നിലേക്ക് അമിതവേഗതയിൽ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബസ്സ് റോഡിൻ്റെ മറുവശത്തുള്ള കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്താണ് ഈ ബസ്സ് വന്നിരുന്നതെന്ന് പിന്നാലെയെത്തിയ നിരവധി വാഹനയാത്രക്കാർ പറഞ്ഞു.സംഭവത്തിൽ സ്കൂൾ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികൾക്കും ടൂറിസ്റ്റ് ബസ്സിലെ തീർഥാടകർക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.​അപകടവിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു. തീർഥാടനകാലത്ത് ഈ റൂട്ടിലൂടെയുള്ള തീർത്ഥാടാകരുടെ വാഹനങ്ങളുടെ അമിതവേഗത പതിവായതിനാൽ, ഇത് നിയന്ത്രിക്കുന്നതിനായി പോലീസ് പരിശോധന ശക്തമാക്കണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.  

പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു

ദുബൈ: ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ നേതൃതത്തിൽ ഷാർജയിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട ഫെസ്റ്റ് 2025 സമാപിച്ചു  വിവിധ കലാ കായിക മത്സരങ്ങൾ, ഫുഡ് സ്റ്റാൾ, കുട്ടികൾക്കായുള്ള വിനോദ പാർക്ക് , DSB ബാൻഡിന്റെ ഗാനമേള എന്നിവ ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായിരുന്നു.ഈരാറ്റുപേട്ട അസോസിയേഷൻ യുഎയിയുടെ പ്രസിഡന്റ് നിഷാദ് വട്ടക്കത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഢ ഗംഭീരമായ പൊതുസമ്മേളനം രക്ഷാധികാരി അബ്ദുൽ റഷീദ് മറകൊമ്പനാൽ ഉൽഘാടനം ചെയ്തു  സംഘടന ജനറൽ സെക്രട്ടറി യാസീൻ ഖാൻ സാഗതം ആശംസിച്ച സമ്മേളനത്തിൽ ജസ്റ്റിസ് ഷിജു ശൈഖ് മുഖ്യ പ്രഭാഷണം നിർവഹിച്ചു ഈ പൊതു സമ്മേളനത്തിൽ ഈരാറ്റുപേട്ട അസോസിയേഷൻ UAE ഏർപ്പെടുത്തിയ ബിസിനസ് അവാർഡുകളുടെ സമർപ്പണം നടന്നു    ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് - അബ്ദുൽ ഖാദർ കണ്ടതിൽ , ചെയർമാൻ അജിമി ഫുഡ്. ബിസിനസ്സ് എക്സലൻസ് അവാർഡ്- സിറാജ് ഖാൻ വലിയവീട്ടിൽ  എമർജിംഗ് ബിസിനസ്സ്മാൻ ഓഫ് ദി ഇയർ 2025 - ഷിയാദ് VM , ഓക്സ്റ്റർ ക്ലോത്തിങ് എമർജിംഗ് ബിസിനസ്സ് ഗ്രൂപ്പ് ഓഫ് ദി ഇയർ 2025 - തമർ സ്വീറ്റ്സ് എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. തലാൽ ഗ്രൂപ്പ് ഡയറക്ടർ മഹമൂദ് തലാൽ, ഈരാറ്റുപേട്ട അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ മുജീബ് റഹ്മാൻ, സിയാദ് ലത്തീഫ്, സെക്രട്ടറി നിയാസ് ഖാൻ, ട്രഷറർ ഷെരീഫ് പരീത് ,എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്ന സമ്മേളത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നെസർ റഷീദ് നന്ദി പറഞ്ഞു. ഈ സമ്മേളനത്തിൽ വെച്ച് അസോസിയേഷന്റെ മികച്ച പ്രവർത്തങ്ങൾക്കുള്ള ഫുജൈറ എയർപോർട്ട് അതോറിറ്റിയുടെ പ്രത്യേക പുരസ്കാരം എയർപോർട്ട് പ്രതിനിധി ഷിനാസ് KM ഈരാറ്റുപേട്ട അസോസിയേഷൻ UAE യുടെ ഭാരവാഹികൾക്കു സമർപ്പിച്ചു.

കോട്ടയം

കേരള വാട്ടർ അതോറിറ്റിയുടെ ജലസ്രോതസ്സ് കയ്യടക്കിയ സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്

ഈരാറ്റുപേട്ട : കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള തിടനാട് ജല വിതരണ പദ്ധതിയുടെ ജലസ്രോതസ്സ് ആയിരുന്ന കുഴൽ കിണറും അതിനോടനുബന്ധിച്ചുള്ള മോട്ടോറും, പമ്പ് ഹൗസും അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്നത് വിട്ടു നൽകണമെന്നും മോട്ടോർ നന്നാക്കാനും മറ്റും വസ്തുവിൽ കയറുന്നതിന് അനുവദിക്കണമെന്നും കാണിച്ച് പി.സി ചാർളി, പ്ലാത്തോട്ടം,അരുവിത്തുറ എന്നയാൾക്ക് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് അയച്ചു. മുൻ എംഎൽഎ പി.സി ജോർജിന്റെ സഹോദരനായ പി.സി ചാർളി ഇപ്പോൾ ഈരാറ്റുപേട്ട നഗരസഭയിലേക്ക് അരുവിത്തറ ഡിവിഷനിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കേരള വാട്ടർ അതോറിറ്റി നിർമിച്ച ഈ കുഴൽ കിണറും , മോട്ടോറും, പമ്പ് ഹൗസും മറ്റും പി.സി ചാർളി കയ്യടക്കിയത് മൂലം 10 കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പൊതുമുതൽ കയ്യടക്കിയ പി.സി ചാർളിയുടെ നടപടി ക്രിമിനൽ കുറ്റവും, കുടിവെള്ളം മുടക്കിയത് ഉൾപ്പെടെയുള്ള നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയും ആണെന്ന് എൽഡിഎഫ് ഈരാറ്റുപേട്ട കമ്മിറ്റി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ കുടിവെള്ളം മുടക്കിയ ചാർളിയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതായി എൽഡിഎഫ് സ്ഥാനാർത്ഥി ജെയിംസ് കുന്നേലും അറിയിച്ചു.

പ്രാദേശികം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത് മാകെയർ കിയോസ്ക്ക് സെൻറർ ആരംഭിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത്  മാകെയർ കിയോസ്ക്ക്   സെൻറർ ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ, സ്റ്റേഷനറി വസ്തുകൾ എന്നിവ വിപണനം ചെയ്യുന്നത് വഴി കുട്ടികൾ സ്കൂളിന് വെളിയിൽ പോയി ലഹരി പോലുള്ള പ്രശ്നങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിടുന്ന സർക്കാർ  സംരംഭമാണിത്. സി.ഡി. എസ് ചെയർപേഴ്സൺ  ഷിജി ആരിഫ്, കിയോസ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം ജില്ല പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ പദ്ധതി വിശദീകരണം നടത്തി.സിഡിഎസ് അംഗങ്ങളായ നുസൈഫാ മജീദ് ,സംരംഭക അനീഷാ നൗഷാദ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ മനു കെ.ജി ,ദിവ്യസുകുമാരൻ ,ഉല്ലാസ് ബാബു ,ബിനി പി.പി, അനീഷാ ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷീജ എസ്, ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ,  പിടിഎ പ്രസിഡണ്ട് മുജീബ് മടത്തിപള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.