വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ബഡ്സ് ജില്ലാ കലോത്സവം: ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സി ഫസ്റ്റ് റണ്ണറപ്പ്

  ഈരാറ്റുപേട്ട: കുടുംബശ്രീ കോട്ടയം ജില്ലാമിഷന്റെ നേതൃത്വത്തിൽ കോട്ടയം ചൈതന്യ പാസ്റ്റർ സെന്ററിൽ നടത്തിയ ബഡ്സ് കലോത്സവത്തിൽ -തില്ലാന 2026 - 65 പോയിന്റ് നേടി വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡസ് സ്കൂൾ ഓവറോൾ കരസ്ഥമാക്കി. 62 പോയിന്റുമായി ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ഫസ്റ്റ് റണ്ണറപ്പും 46 പോയിന്റുമായി രാമപുരം കൈന്റ് ആന്റ് കെയർ ബഡ്സ് സെക്കന്റ് റണ്ണറപ്പും നേടി. മുഖ്യധാരയിൽ നിന്ന് പലപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കലാവൈഭവം പ്രകടിപ്പിക്കാൻ വേദി ഒരുക്കി അതു വഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ബഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ ഏഴ് സ്കൂളുകളിൽ നിന്നായി 100 കണക്കിന് വിദ്യാർഥികൾ വിവിധ പ്രോഗ്രാമുകളിൽ പങ്കെടുത്തു. കുട്ടികളുടെ പ്രായവും ശാരീരിക-മാനസിക സാഹചര്യങ്ങളും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഡാൻസ്, നാടോടി നൃത്തം, സംഘനൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന, ഉപകരണ സംഗീതം, ചെണ്ട, മിമിക്രി, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.

കേരളം

സപ്ലൈകോയിൽ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയില്‍ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോണ്‍ സബ്സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റര്‍ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു

കോട്ടയം

വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണം - ജോർജ് കുളങ്ങര

ഈരാറ്റുപേട്ട: വന്യ ജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്ന് ലേബർ ഇന്ത്യ ഗ്രൂപ്പ് ഓഫ് ചെയർമാൻ ജോർജ് കുളങ്ങര ആവശ്യപ്പെട്ടു.കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിൻ്റെ ഒമ്പതാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം ഇ എസ് മീനച്ചിൽ താലൂക്ക് ഭാരവാഹികൾ പങ്കെടുത്തു. എം ഇ എസ് താലൂക്ക് വൈസ് പ്രസിഡണ്ട് അഡ്വ. സുഹൈൽ ഖാൻ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ,ആസിഫ് മുഹമ്മദ്,മുഹമ്മദലി ഖാൻ,ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,ജോൺസൺ പാറക്കൽ എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് 2 കോടി രൂപയുടെ കേന്ദ്രഫണ്ട്.

ഈരാറ്റുപേട്ട.കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒ.പി ബ്ലോക്കിന്റെയും കുത്തിവയ്പ്പ് കേന്ദ്രത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ ഹെൽത്ത് മിഷൻ (NHM), എച്ച്.എൽ.എൽ (HLL) എൻജിനീയർമാർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ​കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. പുതിയ ഒ.പി ബ്ലോക്കിനായി 1.43 കോടി രൂപയും, കുത്തിവയ്പ്പ് കേന്ദ്രത്തിനായി 55 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.പരിശോധനയിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.പി നാസർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, വാർഡ് കൗൺസിലർ ജെയിംസ് കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ, നാഷണൽ ഹെൽത്ത് മിഷൻ എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു

പ്രാദേശികം

അരുവിത്തുറ കോളേജിൽ ഇൻ്റർ കോളേജിയേറ്റ് എൻസിസി ഫെസ്റ്റ്

ഈരാറ്റുപേട്ട :അരുവിത്തുറ സെന്റ് ജോർജ് എൻ സി സി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇൻ്റർനകോളേജിയേറ്റ് എൻ.സി.സി. ഫെസ്റ്റ് സംഘടിപ്പിച്ചു. 17 -ാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ ലഫ്റ്റെന്റ്  കേണൽ വി. സതീഷ് കുമാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ.ലൈജു വർഗിസ്, അബിൻ ജസ്റ്റിസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്ന് നൂറുകണക്കിന്  കേഡറ്റ്സ് ഫെസ്റ്റിൽ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ,ഫുട്ബോൾ, ഡ്രിൽ, ബെസ്റ്റ് കേഡറ്റ്സ്, ടഗ് ഓഫ് വാർ ,സംഗീതം, പുഷ് അപ്പ് തുടങ്ങിയവയിൽ മത്സരം സംഘടിപ്പിച്ചു.

കേരളം

മുല്ലപ്പെരിയാർ ഡാമും ജില്ലാ കളക്ട്രേറ്റും അടക്കം പലയിടത്തായി ബോംബ് ഭീഷണി

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങൾക്കാണ് നിലവിൽ ബോംബ് ഭീഷണിയുള്ളത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഭീഷണി നേരിടുന്ന മറ്റിടങ്ങളിലും പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ജില്ലാ കളക്ട്രേറ്റിൽ ബോംബ് കണ്ടെത്താൻ വൈദഗ്ധ്യം നേടിയ മാഗി, ഡോളി തുടങ്ങിയ നായകളെയാണ് പരിശോധനക്കായി നിയോഗിച്ചത്. കളക്ട്രേറ്റിലും ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.  

കേരളം

സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്.പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ ചൂടിനാണ് സാധ്യത.അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയില്‍ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.

കോട്ടയം

മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക്  പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടിയിൽ  ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ  വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ ചൂണ്ടിക്കാട്ടി.   രാജ്യത്തിന് വേണ്ടിയാണ് സംസാരിക്കേണ്ടി വരുന്നത്. അന്താരാഷ്ട്രാ വേദികളിൽ ഇന്ത്യ എന്ന ബോർഡിനു പിന്നിലിരുന്നു ജോലി ചെയ്യുന്നത് ആത്മാഭിമാനത്തോടെയാണ്.​ നമ്മുടെ വിദേശനയങ്ങളും നിലപാടുകളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൃത്യമായി അവതരിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഓരോ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനും നിർവഹിക്കുന്നതെന്ന് റോഷ്ണി പറഞ്ഞു. ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനശൈലിയെക്കുറിച്ച് അവർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു  നൽകി. സർവ്വീസിലെ സാഹചര്യം, അവസരം എന്നിവയെപ്പറ്റിയും സംസാരിച്ചു.   സാധാരണയായി ഓരോ മൂന്ന് വർഷം കൂടുമ്പോഴും  ഉദ്യോഗസ്ഥർക്ക് മറ്റ് രാജ്യങ്ങളിലേക്ക് സ്ഥലംമാറ്റം ലഭിക്കും. ഇത് നിരന്തരമായ പഠനത്തിനും വൈവിധ്യമാർന്ന ആഗോള അനുഭവങ്ങൾക്കും അവസരമൊരുക്കുന്നു. ഓരോ ദേശത്തെയും സംസ്കാരവും ഭരണരീതികളും അടുത്തറിഞ്ഞാൽ മാത്രമേ ഇന്ത്യയുടെ താൽപ്പര്യങ്ങൾ അവിടെ സംരക്ഷിക്കാനും മികച്ച ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും സാധിക്കൂ എന്നും അവർ വ്യക്തമാക്കി. ഇന്ത്യയുടെ ശബ്ദമാകാൻ യുവതലമുറ​ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ഇന്ത്യയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓരോ രാജ്യത്തെയും പ്രതിസന്ധികളിലും സമാധാന ചർച്ചകളിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ ഉദ്യോഗസ്ഥർ സദാ സജ്ജരായിരിക്കണം. കൃത്യമായ കാഴ്ചപ്പാടും രാജ്യത്തോടുള്ള അർപ്പണബോധവുമുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരണമെന്ന് റോഷ്ണി തോംസൺ പറഞ്ഞു.​ കഠിനാധ്വാനവും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ സിവിൽ സർവീസ് എന്ന കടമ്പ ആർക്കും മറികടക്കാവുന്നതേയുള്ളൂവെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു.  നയതന്ത്ര രംഗത്തെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നും ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളെപ്പറ്റിയും ചോദ്യങ്ങൾക്കു മറുപടിയായി വിശദീകരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു നിർദ്ദേശങ്ങളും നൽകി. 2015 ബാച്ച് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായ റോഷ്ണി സ്വിറ്റ്സർലാൻ്റ്, ഫ്രാൻസ്, വത്തിക്കാൻ  അടക്കമുള്ള രാജ്യങ്ങളിൽ നിയമിതയായിരുന്നു. 11 വർഷത്തെ സർവ്വീസ് ജീവിതത്തിലെ രസകരമായും അഭിമാനം നിറഞ്ഞതും വെല്ലുവിളികൾ നിറഞ്ഞതുമായ അവസരങ്ങളെപ്പറ്റിയും റോഷ്ണി വിദ്യാർത്ഥികളോട് സംസാരിച്ചു.  അൽഫോൻസ കോളജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് റോഷ്ണി തോംസണെ ഉപഹാരം നൽകി ആദരിച്ചു. പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, അനൂപ് ചെറിയാൻ, വുമൺസ് സെൽ കോഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, അലോന സോജൻ, അലോന സോജൻ, അലീൻ മരിയ ഷിബു, പൊന്നു കെ അൽഫോൻസ്   എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് സർവ്വീസ് വിദ്യാർത്ഥികളടക്കം 300 ൽ പരം വിദ്യാർത്ഥികൾ 'മീറ്റ് ദ ഡിപ്ലോമാറ്റ്' സംവാദ പരിപാടിയിൽ പങ്കെടുത്തു.