വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

*ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.  

കേരളം

വാഗമണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി.

വാഗമൺ: ഇടുക്കി വാഗമണ്ണിൽ മാരക ലഹരി മരുന്നുമായി കോഴിക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും എക്സൈസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും മൂന്നേമുക്കാൽ ലക്ഷം രൂപയും കണ്ടെടുത്തു. കോഴിക്കോട് റഹ്മാൻ ബസാർ സ്വദേശി മുഹമ്മദ് ഫവാസ്, ഫറോക്ക് സ്വദേശി ശ്രാവൺ താര എന്നിവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുമായി പീരുമേട് എക്സൈസിൻറെ പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമൺ ഭാഗത്ത് എക്സൈസ് സംഘം വാഹന പരിശോധന നടത്തുകയായായിരുന്നു. ഈ സമയത്താണ് മുഹമ്മദ് ഫവാസും ശ്രാവൺ താരയും കാറിലെത്തിയത്. പരിശോധനയിൽ വാഹനത്തിൽ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ വാഗമണ്ണിലെ റിസോർട്ടിൽ മുറിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും 3,75,000 രൂപയും അഞ്ച് മൊബൈൽ ഫോണുകളും പിടികൂടി. പിടികൂടിയ പണം മയക്കു മരുന്ന കച്ചവടത്തിൽ നിന്നും ലഭിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഫവാസിനെ 2021 ൽ 83 ഗ്രാം എംഡിഎംഎയുമായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു.   മറ്റ് സ്ഥലങ്ങളിലും ഇയാൾക്കെതിരെ മയക്കു മരുന്ന് കേസ് ഉണ്ടെന്ന് എക്സൈസ് പഞ്ഞു. ശ്രാവൺതാരയുടെ ഭർത്താവ് ശ്രീമോനും ഫവാസും ചേർന്നാണ് രസലഹരി മരുന്ന് കച്ചവടം നടത്തുന്നത്. ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ പൊലീസ് പിടികൂടിയിരുന്നു. തങ്ങളെയും പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയന്നാണ് ഇരുവരും വാഗമണ്ണിലേക്ക് കടന്നത്. സംസ്ഥാനത്ത് വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലെ മറ്റംഗങ്ങളെ കണ്ടെത്താൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുണ്ട്

കോട്ടയം

ഭര്‍ത്താവ് ഓടിച്ച ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി തട്ടിയുണ്ടായ അപകടത്തില്‍ ഭാര്യയ്ക്ക് ദാരുണാന്ത്യം.

തലയോലപ്പറമ്പിൽ ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ട്രെയിലർലോറി തട്ടുകയായിരുന്നു. ഉടൻ തന്നെ റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.   നിസാര പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

കോട്ടയം

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് തീർത്ഥാടകരുടെ വാഹനം സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചുകയറിയത്. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി, ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജിൽ റവന്യൂ കൺട്രോൾ റൂം തുറന്നു

കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റവന്യൂ കൺട്രോൾ റൂം തുറന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ബന്ധുക്കൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സേവനങ്ങളും ലക്ഷ്യമിട്ടാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച (നവംബർ 17 ) രാവിലെ 10 മണി മുതൽ 2026 ജനുവരി 20 വരെ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ : 85479 85727 കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാവും. സന്നദ്ധ സംഘടന അംഗങ്ങളുടെ സേവനവും കൺട്രോൾ റൂമിലെ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കും. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, കൺട്രോൾ റൂം ചാർജ് ഓഫീസർ എൻ. ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.

കേരളം

വർധിപ്പിച്ച ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ; ഒരാൾക്ക്‌ 3600 രൂപവീതം ലഭിക്കും

തിരുവനന്തപുരം :സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ടുമാസത്തെ പെൻഷൻ 20 മുതൽ വിതരണംചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെൻഷൻ കുടിശ്ശിക പൂർണമായും കൊടുത്ത് തീർക്കും. ഇതിനായി 1864 കോടി രൂപ ഒക്ടോബർ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ നവംബറിൽത്തന്നെ മുൻ കുടിശ്ശികയും ഒപ്പം ഈ മാസത്തെ 2000 രൂപയുമുൾപ്പെടെ3600 രൂപ 63,77,935 ഗുണഭോക്താക്കൾക്ക് ഒരുമിച്ച് ലഭിക്കും. കഴിഞ്ഞ മാർച്ച് മുതൽ അതത് മാസം പെൻഷൻ വിതരണംചെയ്യുന്നുണ്ട്.ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാൻ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വർധിച്ചതിനാൽ 1050 കോടി രൂപ വേണം. ഇതിലെ കേന്ദ്ര വിഹിതം കേന്ദ്രസർക്കാർ അനുവദിച്ചിട്ടില്ലെങ്കിലും അതും സംസ്ഥാനം മുൻകൂട്ടി വഹിക്കുകയാണ്. ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും.

പ്രവാസം

മക്കയിൽ ഇന്ത്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 40 മരണം

ജിദ്ദ: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോ​ഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോ​ഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ‌ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്. 

പ്രാദേശികം

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്കുള്ള ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പിഎസ് സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷമ്മാസ് ലത്തീഫ് അധ്യക്ഷത വഹിച്ചു .ലോക്കൽ സെക്രട്ടറി K I നൗഷാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, അസിസ്റ്റൻറ് സെക്രട്ടറി എം എം മനാഫ് തുടങ്ങിയവർ സംസാരിച്ചു. കല്ലുത്താഴം, നടുപറമ്പ്, കാട്ടാമല, നടക്കൽ, വഞ്ചാങ്കൽ, ടൗൺ, മുത്താരംകുന്ന്, കൊണ്ടൂർമല ഡിവിഷനുകളിലെ സിപിഐ സ്ഥാനാർത്ഥികള ആണ് ഇന്ന് പ്രഖ്യാപിച്ചത്.