വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തൊടുപുഴയില്‍ അമ്മയുടെ കാമുകൻ എട്ടുവയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; അമ്മയെ മാപ്പുസാക്ഷിയാക്കി കോടതി

ഇടുക്കി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടുവയസുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ പൊലീസ് പ്രതി ചേ‍ര്‍ത്ത കുട്ടിയുടെ അമ്മ അര്‍ച്ചനയെ കോടതി മാപ്പുസാക്ഷിയാക്കി. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാന്‍ അവസരമൊരുക്കിയതുമാണ് അര്‍ച്ചനക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.  അതേ സമയം, പ്രമാദമായ കേസില്‍ വാദം നാളെയും തുടരും. നാളെ പ്രതിഭാഗം വാദം കേട്ട ശേഷമായിരിക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുക. ഇതിനിടെ നേരത്തെ പൊലീസ് പ്രതി ചേര്‍ത്തിരുന്ന കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കി. തൊടപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ  സമയം വേണമെന്ന് പ്രതിഭാഗം നിലപാടെടുത്തു. തുടര്‍ന്ന് അധിക ദിവസത്തേക്ക് കേസ് നീട്ടാനാവില്ലെന്നും നാളെ പ്രതിഭാഗം വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ കുറ്റപത്രം വായിച്ചുകേള്‍ക്കാന്‍ പ്രതി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുണ്‍ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര സെന്ട്രല്‍ ജെയിലില്‍ കഴിയുന്ന അരുണ്‍ ഓണ്‍ലൈനായാണ് കേസ് കേട്ടത്. നാളെയും അരുണ്‍ ഓണ്‍ലൈനില്‍ ഹാജരാകാനാണ് സാധ്യത.  പ്രതിഭാഗം കേട്ട ശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.  2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ സോഫയില്‍ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുണ്‍ ആനന്ദ്  എട്ടുവയസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്.  കുട്ടിയെ നിലത്തിട്ട് ചവിട്ടി കാലിൽ പിടിച്ച് തറയിൽ അടിച്ച തലച്ചോർ പുറത്തുവന്നപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോരാടിയാണ് കുട്ടി  മരണത്തിന് കീഴടങ്ങിയത്. കേസില്‍  2019 മാർച്ച് 30ന് അരുണ്‍ ആനന്ദ് പിടിയിലായി.  പൊലീസ് നടത്തിയ അന്വേഷണത്തില്‍ അരുണ്‍ മുമ്പും കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. 

കേരളം

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗം തടയും; വിവിധ സമിതികൾ‍ രൂപീകരിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിലടക്കം ഉള്ള ലഹരി വസ്തുക്കളുടെ ഉപയോ​ഗം തടയുന്നതിന്റെ ഭാ​ഗമായി സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും വിവിധ സമിതികൾ രൂപീകരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സെപ്തംബർ 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും.  മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവർഗ്ഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. ഒക്ടോബർ 2 നാണ് ക്യാമ്പയിൻ ആരംഭിക്കുക. നവംബർ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും. ആൾക്കൂട്ടം ഉണ്ടാകുന്ന ബസ്സ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സെപ്തംബർ 21ന് സമിതി യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി രൂപീകരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയിൽ ഉണ്ടാകും. വാർഡുതല സമിതിയിൽ വാർഡ് അംഗം അദ്ധ്യക്ഷനാകും. കൺവീനറായി സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അദ്ധ്യാപകനോ വേണം. സ്‌കൂൾതലത്തിൽ അദ്ധ്യാപക – രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ സെപ്തംബർ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കേരളം

ക്യാൻസർ ഉള്‍പ്പെടെയുള്ള ആവശ്യമരുന്നുകളുടെ വില കുറയും; പട്ടിക പുതുക്കി

തിരുവനന്തപുരം: അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍ 26 മരുന്നുകളെ ഒഴിവാക്കി. ഇതോടെ അവശ്യമരുന്നുകളുടെ വിലകുറയും. പ്രോസ്റ്റേറ്റ് കാന്‍സര്‍, രക്താര്‍ബുദം, പാന്‍ക്രിയാസ് കാന്‍സര്‍, എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാല് മരുന്നുകളാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവയുടെ വില കുറയും. പുതുക്കിയ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രകാശനം ചെയ്തു. പരിഷ്‌ക്കരിച്ച അവശ്യ മരുന്നുകളുടെ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പ്പെടുത്തിയത്. പുതിയതായി 34 മരുന്നുകള്‍ പട്ടികയില്‍ ചേര്‍ത്തപ്പോള്‍ 26 എണ്ണം പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ക്ഷയ രോഗത്തിന്റെ ചികിത്സയ്ക്ക് വേണ്ടി പേറ്റന്റ് ലഭിച്ച മരുന്നുകളും പ്രമേഹത്തിനുള്ള മരുന്നുകളും പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില നിയന്ത്രിക്കപ്പെടുന്നതിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കപ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. 2015 ലാണ് അവസാനമായി അവശ്യ മരുന്നുകളുടെ പട്ടിക പരിഷ്‌ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം ഐസിഎംആറും അവശ്യ മരുന്നുകളുടെ കമ്മിറ്റിയും ചേര്‍ന്നാണ് പുതിയ പട്ടിക പരിഷ്‌കരിച്ച് ആരോഗ്യമന്ത്രാലയത്തിന് കൈമാറിയത്.

കേരളം

മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് വീണാ ജോർജ് കൈത്താങ്ങായത്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടർന്നാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. 14 വർഷം മുമ്പാണ് മാതാപിതാക്കളായ ഇവർ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് കുട്ടികൾ അനാഥമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്. മന്ത്രി വീണാ ജോർജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.

ജനറൽ

പ്രഭാത ഉത്കണ്ഠയെ മറികടക്കാനുള്ള 5 വഴികളെ കുറിച്ചറിയാം

നിങ്ങൾക്ക് പതിവായി രാവിലെ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥ ആശങ്കകളില്ലാത്ത ദിവസങ്ങളിൽ പോലും നിങ്ങളുടെ മസ്തിഷ്കം അത് മുൻകൂട്ടി കാണാൻ തുടങ്ങും. പ്രഭാതത്തെ ഭയപ്പെടാതിരിക്കാൻ സ്വയം പരിശീലിപ്പിച്ചുകൊണ്ട് നിങ്ങൾ ഭീതിയെ തകർക്കണം. തുടർന്ന്, ശാന്തതയും വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതുമായ പ്രഭാത ദിനചര്യകൾ വികസിപ്പിക്കുക. അതിനായി 5 വഴികൾ ഇതാ; 1. കൂടുതൽ ഉറങ്ങുക. ജൈവിക പ്രവർത്തനത്തിനും ദിവസം മുഴുവൻ നിങ്ങളെ സജീവമായി നിലനിർത്തുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്. നിങ്ങളുടെ ഉറക്ക ശീലങ്ങൾ പുതുക്കുക. ഉറക്കസമയം പാലിക്കുക, ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഉപയോഗിക്കുന്നത് നിർത്തുക. ഉറങ്ങുന്നതിന് മുമ്പ് ധ്യാനമോ യോഗയോ ചെയ്യുക. 2. ധ്യാനം പരിശീലിക്കുക. രാവിലെയുള്ള ഏതെങ്കിലും ലളിതമായ ശ്വസന വ്യായാമം നിങ്ങളുടെ മനസിനെയും ശരീരത്തെയും കേന്ദ്രീകരിക്കാനും വിശ്രമിക്കാനും സഹായിക്കും. അതുപോലെ തന്നെ ഭൂതകാലത്തെയോ ഭാവിയെയോ അപേക്ഷിച്ച് വർത്തമാനകാലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ പരിശീലിപ്പിക്കും. ധ്യാനം നിങ്ങളുടെ ഹെഡ്‌സ്‌പേസ് മായ്‌ക്കുകയും എല്ലാ പിരിമുറുക്കത്തിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യും. 3. മനസിൽ വരുന്നതെന്തും എഴുതുക. മനസിൽ തോന്നുന്നതെന്തും രാവിലെ രണ്ടോ മൂന്നോ പേജുകൾ എഴുതുക. അത് പൂർണ്ണമായ വാക്യങ്ങൾ ആയിരിക്കണമെന്നില്ല അല്ലെങ്കിൽ എന്തെങ്കിലും അർത്ഥമുള്ളതാകണമെന്നില്ല.നിങ്ങളുടെ തലയിൽ ഉള്ളത് പുറത്തെടുക്കുക. ഇത് നിങ്ങളെ ശാന്തമാക്കുകയും ആരോഗ്യകരവും ഉൽപ്പാദനക്ഷമവുമായ ഒരു ദിവസം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു. 4. കുറച്ച് സ്ട്രെച്ചിംഗ് അല്ലെങ്കിൽ യോഗ ചെയ്യുക. ഇത് കൂടുതൽ ശാരീരികമായ ധ്യാനമാണ്. ധ്യാനിക്കാനും വിശ്രമിക്കാനും സമയമെടുക്കുന്നത് കൂടുതൽ പോസിറ്റീവ് മനോഭാവത്തോടെ ദിവസത്തെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5. വ്യായാമം ചെയ്യുക. നടക്കാൻ പോകുക, ഓടാൻ പോകുക, അല്ലെങ്കിൽ ജിമ്മിൽ പോകുക. രാവിലെ എഴുന്നേറ്റതിന് ശേഷം നിങ്ങൾക്ക് സുഖം തോന്നുന്നുവെങ്കിൽ നിങ്ങളുടെ പുതിയ പ്രഭാത ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുക. വ്യായാമം സമ്മർദ്ദം ഒഴിവാക്കുകയും നമ്മുടെ തലച്ചോറിനും ശരീരത്തിനും പ്രയോജനപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്, അംശദായ കുടിശികയില്ലാതെ അടച്ചത് തെളിയിക്കുന്നതിനായി ക്ഷേമനിധി പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ് തുടങ്ങിയവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം ഒക്ടോബർ 31 ന് വൈകിട്ട് അഞ്ചിനകം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷ ഫോം അങ്കമാലിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർസഹിതം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ- 683573 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: bamboo.worker@gmail.com, 0484 2454443.

പ്രാദേശികം

പുരോഗമന പ്രസ്ഥാനങ്ങൾ സംഘ്പരിവാറിന്റെ ഭാഷ കടമെടുക്കുന്നു.എസ് ഐ ഒ

ഈരാറ്റുപേട്ട: ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന'എന്ന സന്ദേശം ഉയർത്തി  എസ് ഐ ഒ ഈരാറ്റുപേട്ട ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പി എം സി ജംഗ്ഷനിൽ നിന്നും വിദ്യാർത്ഥി റാലി ആരംഭിച്ചു. സെൻട്രൽ ജംഗ്ഷൻ തെക്കേകര വടക്കേകര ചുറ്റി  മുട്ടം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം എസ് ഐ ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഭൗതിക പ്രത്യയശാസ്ത്രങ്ങൾ ഗതി കിട്ടാതെ അലയുമ്പോൾ ഇസ്ലാം വിമോജനത്തിന്റെ പുതു ലോകം തീർത്ത് കൊണ്ടിരിക്കുകയാണന്ന്  അദ്ധേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.എസ് ഐ ഒ ജില്ലാ പ്രസിഡന്റ്  സാബിർ യൂസുഫ്, സോളിഡാരി ജില്ല സെക്രട്ടറി സമീർ കെ എ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി,എസ് ഐ ഒ ഏരിയ പ്രസിഡൻറ് മുനീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. 

ഇൻഡ്യ

പൗരത്വ ഭേദഗതി നിയമം; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. ഹരജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 223 ഹരജികളും സെപ്തംബര്‍ 19ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് ഹരജികള്‍ മാറ്റിയത്. 2019 ഡിസംബര്‍ പതിനൊന്നിനാണ് പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി വിഭാഗക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്കുന്നതാണ് ഭേദഗതി. ഇതിനെതിരേയാണ് സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മുസ്‌ലിം ലീഗാണ് നിയമഭേദഗതിയെ എതിര്‍ത്ത് ആദ്യം ഹരജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാര്‍ട്ടികളും രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കളും നല്‍കിയ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.കേരള നിയമസഭ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും നിയമത്തെ എതിര്‍ത്ത് ഹരജി നല്‍കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഹരജികളില്‍ പറയുന്നത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹരജികള്‍ വന്നത്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.എന്നാല്‍ യു യു ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് പിന്നാലെയാണ് ഈ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.