വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

കുഴഞ്ഞുവീണ് മരിച്ചയാളുടെ സംസ്‌കാരം നാളെ നടക്കും.

ഈരാറ്റുപേട്ട :അരുവിത്തുറ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞുവീണ് മരിച്ചയാളുടെ സംസ്‌കാരം നാളെ നടക്കും. മരങ്ങാട്ടുപള്ളി മൂലക്കാട്ടുമറ്റത്തിൽ ബെന്നി മാത്യു (55) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അരുവിത്തറ പള്ളിയിൽ തിരുനാളിനോട് അനുബന്ധിച്ച് പ്രാർത്ഥിക്കുവാനായി എത്തിയതായിരുന്നു ബെന്നി.  പ്രാർത്ഥന കഴിഞ്ഞ് പള്ളിയങ്കണത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഗേയറ്റിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ജെസ്സി ബെന്നി അതിരമ്പുഴ പുതുശ്ശേരി കുടുംബാംഗം. മക്കൾ : ആൽബി ബെന്നി, എൽസാ ബെന്നി. സംസ്കാരം (27) തിങ്കളാഴ്‌ച നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മണ്ണയ്ക്കനാട് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

പ്രാദേശികം

​ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സ്: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട: ദുരന്തമുഖങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും ആശ്വാസമായി എത്തുന്ന സന്നദ്ധ സംഘടനയായ ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് അഷ്റഫ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഡ്വ. സുഹൈൽ ഖാൻ വാർഷിക റിപ്പോർട്ടും ട്രഷറർ സുധീർ കുഞ്ഞുവാവ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ​ ടീം എമർജൻസി സംസ്ഥാന സെക്രട്ടറി സജു തെക്കേക്കര പുതിയ എക്സിക്യൂട്ടീവ് പാനൽ അവതരിപ്പിച്ചു. തുടർന്ന് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. ​ഭാരവാഹികൾ: ​പ്രസിഡന്റ്: അഫ്സൽ ഇ.പി (അഷ്റഫ് കുട്ടി) ​ജനറൽ സെക്രട്ടറി: അഡ്വ. സുഹൈൽ ഖാൻ ​ട്രഷറർ: യൂനുസ് ഒറ്റയിൽ ​രക്ഷാധികാരികൾ: ഫൈസൽ തമ്പി, നവാസ് കെ എം ​വൈസ് പ്രസിഡന്റുമാർ: ഹാഷിലബ്ബ, സഹിൽ എം.എം ​ജോയിന്റ് സെക്രട്ടറിമാർ: അബ്ദുൽ കരീം, റെജി തീക്കോയി ​മീഡിയ കോർഡിനേറ്റർ: ബിജിലി സെയിൻ ​എക്സിക്യൂട്ടീവ് അംഗങ്ങൾ: ഹബീസ് കടുവാമുഴി, അജീബ് പാറയിൽ, ഫൈസൽ എ.എസ്, മാഹീൻ പരിത്, അൻസിൽ മൻസിൽ, നജീബ് കടുവാമുഴി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ​സംസ്ഥാന വൈസ് പ്രസിഡന്റ് റഫീക്ക് പേഴുംകാട്ടിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഷ്റഫ് തൈത്തോട്ടം ആശംസകൾ അർപ്പിച്ചു. ദിലീപ് തുണ്ടിയിൽ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.

പ്രാദേശികം

എം. കെയർ അക്യുപങ്ചർ അക്കാദമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ടയിൽ റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട - എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് നാളെഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക്റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.  എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി പി നാസർ, മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം, പത്മശ്രീ അലി മണിക് ഫാൻ, ബി എസ് എസ് നാഷണൽ കോർഡിനേറ്റർ വിസി പീറ്റർ, എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ എ. എം  റഷീദ്, ഇമാം വി.പി. സുബൈർ മൗലവി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും

കോട്ടയം

ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു

കേരളം

പകല്‍ 11 മുതല്‍ 3 മണിവരെ സെൽഫ് ലോക്ക്ഡൗണായി കണ്ട് അനാവശ്യ യാത്രക്കൾ ഒഴിവാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ എല്ലാ സുരക്ഷ നിർദേശങ്ങളും കർശനമായി പാലിക്കണം പ്രതിസന്ധികൾ നേരിടാൻ സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം : സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക. പൊതുപരിപാടികൾക്ക് നിയന്ത്രണം: പകൽ 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകൾക്കെതിരെ കനത്ത കരുതൽ വേണം. മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം. സർക്കാർ സംവിധാനങ്ങൾ സജ്ജം: പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തണ്ണീർപന്തലുകൾ ഒരുക്കാം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം. ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാം.

പ്രാദേശികം

പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്‌തു.

പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. കടുവാമൂഴി കരോട്ട് പറമ്പിൽ അബ്ദുൽസലാം (70) ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്‌തത്‌. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന (48) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അബ്ദുൽ സലാമിൻ്റെ രണ്ടാം ഭാര്യയാണ് സെലീന. അബ്ദുൽ സലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കേരളം

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോ​ഗത്തിൽ ധാരണ

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് ഒഴിവാക്കുന്നത്. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കുമെന്നായിരുന്നു പറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് രാവിലെ അറിയിച്ചിരുന്നത്. എന്നാൽ ഉന്നതതല യോ​ഗത്തിൽ വെടിക്കെട്ട് വേണ്ടയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ആഘോഷങ്ങൾ മുറ പോലെ നടക്കണമെന്നായിരുന്നു ദേവസ്വങ്ങളുടെ ആവശ്യം. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.കുടമാറ്റം 15 മിനിട്ട് മാത്രമാകും ഉണ്ടാവുക. മത്സര കുടമാറ്റം പേരിന് മാത്രം നടത്താനും യോഗത്തിൽ തീരുമാനമായി. ആനകളുടെ എണ്ണം കുറയ്ക്കില്ല. കുടമാറ്റത്തിന് പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ ഉണ്ടാകും. സാധാരണ 55 സെറ്റ് കുടകളാണ് മത്സരിച്ച ഇരു വിഭാഗവും ഉയർത്തുക. വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി പിന്മാറിയിരുന്നു. എന്നാൽ സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാമെന്നായിരുന്നു പറമേക്കാവിന്റെ നിലപാട്. ഇതിലാണ് സർക്കാർ ഇടപെടലിലൂടെ മാറ്റം വന്നിരിക്കുന്നത്.

കേരളം

ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടുവയസ്സുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത്. രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂര്‍ഖന്‍ പാമ്പാണ് കുട്ടിയെ കടിച്ചതെന്നാണ് വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുഞ്ഞ് കിടന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് മുര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.