വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

റൈസിങ് പൂഞ്ഞാർ ടുകെ25' നിക്ഷേപസംഗമം ജൂൺ ഒൻപതിന്; 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം

കോട്ടയം: സംസ്ഥാന സർക്കാർ കൊച്ചിയിൽ നടത്തിയ 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി'ന്റെ മാതൃകയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ  തിങ്കളാഴ്ച (ജൂൺ 9) ഈരാറ്റുപേട്ട ബറകാത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ 'റൈസിങ് പൂഞ്ഞാർ ടുകെ25' എന്ന പേരിൽ നിക്ഷേപകസംഗമം സംഘടിപ്പിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. കോട്ടയം പ്രസ്ക്ലബിൽ ' നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 206 സംരംഭകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 2042 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 7381 പേർക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു. മന്ത്രിമാരായ വി.എൻ വാസവൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കോട്ടയം ജില്ലാ കലക്ടർ ജോൺ വി. സാമുവൽ തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി. രാജീവും സമാപനസമ്മേളനം ഉദ്ഘാടനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവനും നിർവഹിക്കും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ വിവിധ സെഷനുകൾ നയിക്കും.    പൂഞ്ഞാർ നിയോജകമണ്ഡലത്തിലും സമീപ പ്രദേശങ്ങളിലും നിരവധി നിക്ഷേപ പദ്ധതികൾ മീറ്റിലൂടെ പ്രതീക്ഷിക്കുന്നു. ' പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകൾ, കാർഷികാധിഷ്ഠിത ഭക്ഷ്യ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, ഐ.ടി./ഐ.ടി.ഇ.എസ്.  സാധ്യതകൾ, റബർ അധിഷ്ടിത വ്യവസായങ്ങൾ, മരഉൽപന്ന സംരംഭങ്ങൾ, സുഗന്ധ വ്യഞ്ജനാധിഷ്ഠിത സംരംഭങ്ങൾ തുടങ്ങിയ മേഖലകളിലെ നിരവധി സാധ്യതകളും സമീപഭാവിയിൽ എരുമേലിയിൽ ആരംഭിക്കുന്ന ശബരി ഗ്രീൻഫീൽഡ് രാജ്യാന്തര വിമാനത്താവളത്തിന്റെ സാധ്യതകളും മുന്നിൽ കണ്ട് മണ്ഡലത്തിൽ കൂടുതൽ വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിച്ച് ഉൽപാദനവും അതുവഴി ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കാനാണ് നിക്ഷേപകസംഗമം ലക്ഷ്യം വെക്കുന്നത്.   സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ എല്ലാവിധ അനുമതികളും സാങ്കേതികപിന്തുണയും ഉറപ്പുവരുത്താനും മൂലധന സമാഹരണത്തിനുള്ള അവസരങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്തോടെ ലഭ്യമാക്കാനും നിക്ഷേപകസംഗമം ല ക്ഷ്യം വെക്കുന്നു.  ജൂൺ 9 രാവിലെ 9.00 മണിക്കു രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30 മുതൽ 10.30 വരെ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, സർക്കാർ പിന്തുണ-ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പദ്ധതികൾ, ബാങ്കുകൾ-അംഗീകൃത ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മൂലധനം സ്വരൂപിക്കൽ എന്നിവ സംബന്ധിച്ചു വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവും സംഘവും നയിക്കുന്ന പാനൽ സെഷൻ നടക്കും.  10.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.  പുതിയ അഗ്രോ ഇൻഡസ്ട്രിയൽ പാർക്ക്, അഗ്രി ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിവയുടെ ' പ്രഖ്യാപനം ജോസ് കെ. മാണി എം.പി. നിർവഹിക്കും. മുഖ്യാതിഥിയായി പങ്കെടുക്കുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സന്ദേശം നൽകും. സംരംഭകവർഷവുമായി ബന്ധപ്പെട്ട ഐകെജിഎസ്. പ്രോഗ്രസ് കാർഡ് അവതരണം വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൻ ഖാദർ എന്നിവർ ആശംസകളറിയിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് നന്ദിയും പറയും. ഉദ്ഘാടനസമ്മേളനശേഷം 12.15 മുതൽ 1.15 വരെ വ്യവസായ-നിയമ-കയർ വകുപ്പുമന്ത്രി പി. രാജീവ് പങ്കെടുക്കുന്ന ചർച്ച നടക്കും. ഉച്ചഭക്ഷണശേഷം 1.45 മുതൽ 2.00 മണി വരെ സംരംഭകത്വത്തെപ്പറ്റിയുള്ള സെഷൻ നടക്കും. തുടർന്നു 2.00 മണി മുതൽ മൂന്നുമണിവരെയുള്ള സെഷനിൽ 'കേരളത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ നടത്തുന്ന സംരംഭങ്ങൾ-കാലഘട്ടത്തിന്റെ ആവശ്യകത' എന്ന വിഷയത്തിൽ ടി.കെ. ജോസ് സംസാരിക്കും. 3.15 മുതൽ 4.15 വരെയുള്ള സെഷനിൽ മലയോരമേഖലയിലെ അഗ്രി സംരംഭങ്ങൾ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബികയും 4.30 മുതൽ 5.30 വരെയുള്ള സെഷനിൽ 'പൂഞ്ഞാറിനായുള്ള ടൂറിസം വ്യവസായ മാതൃക' എന്ന വിഷയത്തിൽ സന്തോഷ് ജോർജ് കുളങ്ങരയും സെഷനുകൾ നയിക്കും. 5.30ന് സമാനസമ്മേളനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനാകും. മുഖ്യപ്രഭാഷണവും താൽപര്യപത്രങ്ങളുടെ പ്രഖ്യാപനവും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ജില്ലാപഞ്ചായത്തംഗങ്ങളായ ഷോൺ ജോർജ്, അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത നോബിൾ, ജോർജ് മാത്യൂ, കെ.സി. ജെയിംസ്, സ്‌കറിയ ജോസഫ്, മറിയാമ്മ സണ്ണി, കെ.കെ. ശശികുമാർ, ബിജോയി ജോസ്, സി.എം. ജാൻസി, കെ.എം. രേഖാ ദാസ് എന്നിവർ സന്നിഹിതരാകും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വി.ആർ. രാകേഷ് സ്വാഗതവും ജില്ലാ വ്യവസായകേന്ദ്രം മാനേജർ എം. പ്രവീൺ നന്ദിയും പറയും. തുടർന്ന് 6.30 മുതൽ 7.30 വരെ സാംസ്‌കാരിക പരിപാടികൾ നടക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, വ്യവസായികൾ, സംരംഭകർ എന്നിവർ വലിയ പിന്തുണയാണ് പരിപാടിക്ക് നൽകിയിട്ടുള്ളതെന്നും എം.എൽ.എ. പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ജോയി ജോർജ്ജ്,  അഡ്വ. പി.എസ്. സുനിൽ, അഡ്വ. സാജൻ കുന്നത്ത്, ദിലീപ് കുമാർ, ടോമി ജോസഫ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.ആർ. രാകേഷ് എന്നിവർ പങ്കെടുത്തു.

കോട്ടയം

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും

പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ 5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും. ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , ഐ എച്ച് ആർ ഡി ഡയറക്ടർ ഡോക്ടർ വി. എ. അരുൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ , വാർഡ് മെമ്പർ ശ്രീമതി സജി സിബി തുടങ്ങിയ ജനപ്രതിനിധികളും ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ടി.യു. സഞ്ജീവ് എന്നിവരും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്

കോട്ടയം

അറിവിന്റെ ലോകത്തേയ്ക്ക് കുരുന്നുകൾ; വർണാഭമായി വരവേറ്റ് സ്‌കൂളുകൾ

കോട്ടയം: മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ 'അക്ഷരമധുരം മഴവില്ലഴകായി' വിരി​ഞ്ഞു. ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ലോകത്തേയ്ക്ക് പുതുപ്രവേശം. രണ്ടു മാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികൾക്കും സൗഹൃദത്തിന്റെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടുമെത്തിയതിന്റെ ആഹ്ലാദം. വർണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് കുട്ടികളെ മധുരം നൽകി സ്വീകരിച്ച് ജില്ലയിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു. നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളുടെ കാര്യത്തിലും അക്കാദമിക സൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനം ഏറെ മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും നിർമിത ബുദ്ധിയും അടക്കം ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിച്ച് കുട്ടികളുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി. സിലബസിലും അധ്യയന രീതിയിലും സമൂലമായ മാറ്റങ്ങളുണ്ടായി. ലഹരിക്കെതിരായ പോരാട്ടത്തിലും ശുചിത്വ, ട്രാഫിക്  അവബോധമുണ്ടാക്കുന്നതിനുമെല്ലാം ഉതകുന്ന രീതിയിലാണ് ഇത്തവണ സ്‌കൂൾ പഠനത്തിന് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു. എസ്.കെ.വി. സ്‌കൂളിന് സർവശിക്ഷാകേരളം ഫണ്ടിലൂടെ അനുവദിച്ച ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,  നവാഗതരെ സ്വാഗതം ചെയ്തു. സാഹിത്യകാരനും പൂർവവിദ്യാർഥിയുമായ എസ്. ഹരീഷ് സ്‌കൂളിന്റെ കൈയെഴുത്തു മാഗസിൻ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ആർ. അനുപമ, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ.ശശി, കെ.എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ബൈജു,  പുഷ്പമ്മ തോമസ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പാലാ ഡി.ഇ.ഒ. സി. സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി പി.കെ. മഞ്ജു, കൈറ്റ് മാസ്റ്റർ ട്രെയിനർ പി. ആർ. ശ്രീകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ ഗോപാൽ, ഹെഡ് മിസ്ട്രസ് പി.കെ. കൃഷ്ണകുമാരി, പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ, എം.പി.റ്റി.എ. ചെയർപേഴ്സൺ പ്രീത ദാസപ്പൻ, സ്‌കൂൾ ലീഡർ എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.ഉദ്ഘാടനത്തിനു മുന്നോടിയായി നീണ്ടൂർ പ്രാവട്ടത്തുനിന്ന് സ്‌കൂളിലേക്കു നടന്ന സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയെ വർണാഭമായി. എൻ.സി.സി., സ്‌കൗട്ട് വിഭാഗങ്ങളടക്കം നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ആലപ്പുഴ കലവൂർ സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളുകളിൽ തത്സമയം ഓൺലൈനായി പ്രദർശിപ്പിച്ചു.

കോട്ടയം

കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം.

കോട്ടയം :ഒളശയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർഥി ഒളശ മാവുങ്കൽ അലൻ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലൻ വീട്ടിൽനിന്നും പുറത്തുപോയത്. തുടർന്ന്, തിരികെ വരുന്നതിനിടെ കാണാതാകുകയായിരുന്നു. രാത്രി വൈകിയും അലൻ വീട്ടിൽ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പൊലീസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടിൽനിന്നും യുവാവിന്റെ സൈക്കിൾ കണ്ടെത്തി.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.പോലീസ് കേസെടുത്തു...

കോട്ടയം

കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അയ്‌മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്. വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും ജില്ലാ കളക്‌ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു. ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും പ്രത്യേകം വിലയിരുത്തി.

കോട്ടയം

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ: ഡോ സിന്ധുമോൾ ജേക്കബ്ബും റോയി ഫ്രാൻസിസും വീണ്ടും പ്രസിഡൻ്റും സെക്രട്ടറിയും

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റായി ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറിയായി റോയി ഫ്രാൻസീസ് എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ സണ്ണി ഡേവിഡ് (വൈസ് പ്രസിഡൻ്റ്), കെ.ആർ. പ്രഭാകരൻപിള്ള കളരിയ്ക്കൽ (ജോയിൻ്റ്സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.  റിട്ടേണിംഗ് ഓഫീസറായ പാലാ എ. ഇ. ഒ. യുടെയും പ്രിസൈഡിംഗ് ഓഫീസറായ സി കെ ഉണ്ണികൃഷ്ണൻ്റെയും നേതൃത്വത്തിൽ നടന്നതെരഞ്ഞെടുപ്പിൽ നാലുപേരും ഐകകണ്ഠേനയാണു തെരഞ്ഞെടുക്കപ്പെട്ടത്. ലൈബ്രറി സാംസ്കാരികമുന്നണിയിലെ മുഴുവൻ സ്ഥാനാർത്ഥികളും മെയ് 22നു നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. സി. കെ ഉണ്ണികൃഷ്ണൻ, എബ്രഹാം ജോസഫ്, ബൈജു സി.എസ്, രാജൻമുണ്ടമറ്റം, ബിന്ദു ഗിരീഷ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

കോട്ടയം

സർക്കാരിൻ്റെ അവഗണയിൽ മനം മടുത്ത് ഒടുവിൽ കടപുഴയിൽ ജനകീയ പാലം ഒരുക്കി നാട്ടുകാർ

ഈരാറ്റുപേട്ട .മഴക്കാലത്ത് കടപുഴ ആറിന് അക്കര കടക്കാൻ ജനങ്ങളുടെ നേതൃത്വത്തിൽ താത്‌കാലിക പാലം തയ്യാറാകുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള യാത്രാസൗകര്യം പരിഗണിച്ചാണ് മൂന്നീലവ് പഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാർ താത്‌കാലിക പാലം നിർമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഒരുഭാഗം ആറ്റിൽ പതിച്ചതോടെ കാൽനടയാത്ര പോലും മുടങ്ങിയിരുന്നു. മഴ ശക്തമാകുകയും മറുകരയിലുള്ളവർക്ക് മൂന്നിലവിലെത്താൻ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടിയും വന്നതോടെയാണ് ജനകീയപാലം തയ്യാറാകുന്നത്. 2011-ലെ മഴവെള്ളപ്പാച്ചിലിലാണ് പാലം അപകടാവസ്ഥയിലായത്. വാഹനഗതാഗതം സാധ്യമല്ലാതായിരുന്ന പാലത്തിലൂടെ മാർച്ചിൽ ക്രെയിൻ കടന്നുപോയതിനെത്തുടർന്നാണ് സ്ലാബുകൾ ആറ്റിൽ വീണത്. തുടർന്ന് ആറ്റിലൂടെ ഇറങ്ങിക്കടക്കാവുന്ന തരത്തിൽ പഞ്ചായത്ത് വഴി തയ്യാറാക്കിയിരുന്നു. മഴയെത്തുടർന്ന് ഇത് സാധ്യമല്ലാതായി. തെങ്ങിൻതടികൾ ആറിന് കുറുകെ സ്ഥാപിച്ച് ഇതിൽ പലകകൾ നിരത്തിയാണ് താത്‌കാലിക നടപ്പാലം ഒരുക്കുന്നത്. സ്‌കൂൾ തുറക്കുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് അടിയന്തര നടപടി. പലക പാകിക്കഴിഞ്ഞെങ്കിലും കൈവരി പൂർത്തിയായില്ല. ഞായറാഴ്ചതന്നെ കൈവരിയും സ്ഥാപിച്ച് താത്‌കാലിക പാലം തുറന്നു നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.  പാലം പുനർനിർമ്മിക്കണമെന്ന് നിയമസഭയിൽ നിരവധി തവണ പാലാ എം.എൽ.എ മാണി സി.കാപ്പൻ ഉന്നയിച്ചതാണ്. എന്നാൽ ഇത് സർക്കാർ അവഗണിക്കുകയാണ് ചെയ്തത്.  പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ റോസമ്മ തോമസ്‌ ഹൈക്കോടതിയിൽ കൊടുത്ത ഹർജി പരിഗണിക്കവേ രണ്ടുമാസത്തിനുള്ളിൽ എ.എസ്. കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ജൂൺ രണ്ടിന് ഈ ഹർജി വീണ്ടും പരിഗണിക്കാനിരിക്കവെയാണ് താൽക്കാലിക പാലം ഒരുങ്ങുന്നത്.        

കോട്ടയം

അപകടകരമായ മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണം: ജില്ലാ വികസനസമിതി

കോട്ടയം: അപകടകരമായ രീതിയിൽ വഴിയരികിലും പൊതുസ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. മരങ്ങളും ശിഖരങ്ങളും വീണ് അപകടങ്ങൾ ഉണ്ടാകുന്നതു യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ദുരന്തനിവാരണ നിയമപ്രകാരം മരങ്ങൾ വെട്ടിമാറ്റുന്നതിനടക്കമുള്ള നടപടികൾ ആവശ്യപ്പെട്ടുളള ഉത്തരവുകൾ യഥാസമയം പാലിക്കുന്നുണ്ടെന്ന് നഗരസഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒരുകോടി രൂപ ഉപയോഗിച്ചു ദുരന്തനിവാരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ തദ്ദേശ സ്വയംഭരണവകുപ്പിന് ജില്ലാ കളക്ടർ നിർദേശം നൽകി. വെട്ടിയ മരങ്ങൾ വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നുവെന്നും ഇവഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ലേലനടപടികൾക്കു കാലതാമസമുണ്ടാകുന്ന പക്ഷം പൊതുനിരത്തിൽ നിന്ന് ഇവ മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണിമല വില്ലേജിൽ ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമപദ്ധതിയ്ക്കായി കണ്ടെത്തിയ സ്ഥലം സാമൂഹിക നീതിവകുപ്പിനുകൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗത്തിൽ ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ പാറമടകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ചീഫ്് വിപ്പ് ഡോ. എൻ. ജയരാജ് മുൻ ജില്ലാവികസനസമിതി യോഗങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. പുതുതായി അനുവദിക്കുന്ന പാറമടകൾക്കു മൈനിങ് പ്ലാൻ പ്രകാരം ഉപയോഗശേഷം റീഫിൽ ചെയ്യാനോ, വേലിക്കെട്ട് സ്ഥാപിക്കാനോ ഉള്ള നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. പഴയ പാറമടകളിലും പരിസരത്തുള്ള വഴികളിലും അപകടബോർഡുകൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നു തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡ്, കളത്തിക്കടവ് റോഡ്, കൊല്ലാട് റോഡ്, തീരുവാർപ്പ് റോഡ്്, പോസ്റ്റ് ഓഫീസ് റോഡ്, എം.എൽ. റോഡ്, എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്നും മൺസൂൺ സീസൺ ആരംഭിക്കുംമുമ്പ് റോഡുകൾ പഴയതുപോലെയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ജില്ലാ വികസനസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു. ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡിൽ മോസ്‌കോ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് റോഡ് തിരികെകൈമാറിയിട്ടുണ്ടെന്നു ജല അതോറിട്ടി അറിയിച്ചു. പുനരുദ്ധാരണം നടന്നുവരുന്ന മറ്റു റോഡുകൾ മഴ മാറിയാലുടൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ജല അതോറിട്ടി യോഗത്തിൽ അറിയിച്ചു. മീനച്ചിലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വർധിക്കുന്നുവെന്ന പരാതി പരിശോധിച്ചു മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ വികസന സമിതിക്കു റിപ്പോർട്ട് പരിശോധിക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.  വലിയ തോതിൽ എക്കൽ വന്നടിഞ്ഞിരിക്കുകയാണെന്നും ചെറിയ തോടുകളിലെയും പുഴകളിലേയും മാലിന്യം നീക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഒരു ഡോക്ടറുടെ സേവനമേ നിലവിലുള്ളൂവെന്നും കൂടുതൽ ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്നും അഡ്വ. ജോബ്് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ചങ്ങനാശേരി റെയിൽവേ ഗുഡ്്‌സ് ഷെഡ് റോഡിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്നും അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആവശ്യപ്പെട്ടു. ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിങ് ഓഫീസർ എം. പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.