വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരിക്ക് സാധ്യത; രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ലോകത്താകമാനം രണ്ട് കോടിയിലധികം ആളുകളുടെ ജീവനെടുത്ത കൊവിഡിനേക്കാൾ മാരകമായ ഒരു വൈറസിനെ നേരിടാൻ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അദാനോം. എഴുപത്തിയാറാം ലോകാരോഗ്യ അസംബ്ലിയിൽ റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെയിലായിരുന്നു അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. കൊവിഡിനേക്കാൾ അപകടകാരിയായിരിക്കും പുതിയ മഹാമാരിയെന്നും ഇതിനെ നേരിടാനായി രാജ്യങ്ങൾ സജ്ജമാകണമെന്നും അദാനോം ആവശ്യപ്പെട്ടു. ജനങ്ങളെ മാരകമായ രോ​ഗത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനെ നേരിടാൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം. കൊവിഡിനെ നേരിട്ട അതെ ധൈര്യത്തോടെ തന്നെ പുതിയ വൈറസിനേയും നേരിടണം അദ്ദേഹം വ്യക്തമാക്കി. അടുത്ത മഹാമാരി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് ജനീവയിൽ നടന്ന വാർഷിക ആരോഗ്യ അസംബ്ലിയിൽ അദാനോം പറഞ്ഞു. കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും ഭീഷണി ഇതുവരെയും ഒഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നത് ഭീഷണിയുടെ അവസാനമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

ഇടവിട്ടുള്ള വേനല്‍മഴ കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ ചികിത്സതേടാൻ മടിക്കരുതെന്നും നിർദേശമുണ്ട്. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണം. പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂര്‍ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുക. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത് വീട്ടിനകത്തും, പരിസരത്തുമാണ്. വെള്ളം സംഭരിച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന്‍ പാളകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ലോക്ഡൗണ്‍ സമയത്ത് വീടുകളില്‍ മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വളര്‍ത്താന്‍ തുടങ്ങിയതോടെ വീടിനകത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങള്‍ കൂടിയതും ഡെങ്കിപ്പനിക്ക് ഒരു പ്രധാന കാരണമായിട്ടുണ്ട്. ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും. മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. വളര്‍ത്തുകയാണെങ്കില്‍ ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം മണ്ണിട്ട് വളര്‍ത്തണം. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം

ജനറൽ

ഫ്രെഞ്ച് ഫ്രൈസ് ഫാനാണോ നിങ്ങൾ? മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍

അമിതമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷകര്‍. ഫ്രൈഡ് ഉരുളക്കിഴങ്ങ് പോലുള്ളവ ഇടയ്ക്കിടെ കഴിക്കുന്നത് വിഷാദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഫ്രെഞ്ച് ഫ്രൈസ് പോലുള്ള ഫ്രൈഡ് ഭക്ഷണം കഴിക്കുന്ന ആളുകളില്‍ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങളുണ്ടാകാന്‍ 12ശതമാനം അധിക സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. ഇവരില്‍ വിഷാദമുണ്ടാകാന്‍ ഏഴ് ശതമാനം അധിക സാധ്യതയുമുണ്ടെന്നാണ് കണ്ടെത്തല്‍. എണ്ണയില്‍ വറുത്തെടുക്കുന്ന വിഭവങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത്തരം ഭക്ഷണങ്ങള്‍ കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ജനറൽ

കടന്നുപോയത് ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയും; വീഡിയോയുമായി എലിസബത്ത്

നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയതെന്നും എലിസബത്ത് ഫെയസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി തുടര്‍ന്നും പ്രാര്‍ത്ഥനകള്‍ വേണം. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. എലിസബത്തിന്റെ വാക്കുകള്‍; കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ത്ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോ?ഗ്യം വീണ്ടെടുത്ത് വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫേസ്ബുക്കിലും യുട്യൂബിലും ആയിട്ട് കൊടുത്തു കൊണ്ടിരുന്നത്.  ഇടയില്‍ ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണെന്നും എലിസബത്ത് ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

ജനറൽ

കാണുന്നവരിലും ചിരി പടര്‍ത്തി ഒരു ചിരിപ്പടം; വൈറലായി താരങ്ങളുടെ ചിത്രം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു പിറന്നാളാഘോഷ ചിത്രം. നടിയും നല്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാളാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചേര്‍ന്ന് ആഘോഷമാക്കിയത്. ഇതിനിടെ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് താരസംഘടന ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം സംഘടനയുടെ ഓഫീസില്‍ വച്ചായിരുന്നു പിറന്നാളാഘോഷം നടന്നത്. പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന മോഹന്‍ലാല്‍, രചന നാരായണന്‍ കുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേത മേനോന്‍, സുധീര്‍ കരമന, ബാബു രാജ് എന്നിവരെ ചിത്രത്തില്‍ കാണാം. കാണാനുന്നവരില്‍ ചിരി പടര്‍ത്തുതാണ് ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം കൊറോണ പേപ്പേഴ്‌സിന്റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിച്ച മോഹന്‍ലാല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്റെ സന്തോഷവും അറിയിച്ചു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. രാജസ്ഥാനിലെ പ്രധാന ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തെത്തും. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.  

ജനറൽ

മനംമയക്കും ആലപ്പു‍ഴ

കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരില്‍ വിനോദ സഞ്ചാരികളുടെ മനസ്സില്‍ ഇടം നേടിയ സ്ഥലമാണ് ആലപ്പു‍ഴ. ചുറ്റും വെള്ളങ്ങളാല്‍ നിറഞ്ഞ ആലപ്പു‍ഴയില്‍ ഹൗസ്‌ബോട്ടാണ്  പ്രധാനം. കൂടുതൽ ആളുകളും വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്ന ഒരു കേന്ദ്രമാണ് ആലപ്പുഴ. വള്ളംകളിയാണ് ആലപ്പുഴക്കാരുടെ പ്രധാന വിനോദം. ആലപ്പുഴയിൽ പ്രധാനമായി കണ്ടിരിക്കേണ്ട സ്ഥലങ്ങൾ നോക്കാം, മാരാരി ബീച്ച്  ആലപ്പുഴയിൽ നിന്ന് 11 കിലോമീറ്റർ അകലത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. നാഷണൽ ജിയോഗ്രാഫിക്‌ സർവെ അനുസരിച്ച് കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഹമ്മോക് ബീച്ചുകളിൽ ഒന്നായി ഇതിനെ വിലയിരുത്തിട്ടുണ്ട്. അമ്പലപ്പുഴ ആലപ്പുഴയിൽ നിന്നും 13 കിലോമീറ്റർ അകലെയാണ് അമ്പലപ്പുഴ സ്ഥിതി ചെയുന്നത്, കയർ വ്യവസായമാണ് ഇവിടെയുള്ളവരുടെ പ്രധാന തൊഴിൽ. കേരളത്തിലെ പ്രധാനപ്പെട്ട 3 കൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ. എ. ഡി 1547 -ൽ ചെമ്പകശ്ശേരി ദേവനാരായൻ രാജാവാണ് ഈ ക്ഷേത്രം പണിഞ്ഞിരിക്കുന്നത്. ഇവിടുത്തെ പാല്‍പ്പായസം എല്ലാവർക്കും പരിചിതമായിരിക്കും. ഒട്ടേറെപ്പേരാണ് എവിടെ സന്ദർശിക്കാൻ എത്തുന്നത്. പാതിരാമണൽ വേമ്പനാട് കായലിലുള്ള ഒരു ചെറിയ ദ്വീപാണിത്. ഒരുപാട് ദേശാടനപക്ഷികളുടെ ഒരു വാസസ്ഥലം കൂടിയാണിത്. കുമരകത്തിനും തണ്ണീർമുക്കം ബണ്ടിനും ഇടയിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുട്ടനാട് ആലപ്പുഴയിൽ പ്രധാനമായ ഒരു വിനോദ കേന്ദ്രമാണ് കുട്ടനാട്.  നെല്ല്കൃഷിയുടെ പ്രധാന കേന്ദ്രമാണ് ഇവിടം. 500 ച.കി.മി ഓളം താഴ്ചയിൽ ആണ് സ്ഥിതിചെയുന്നത്. ചമ്പക്കുളം കുട്ടനാടൻ മേഖലയിൽ പെട്ടൊരു ഭൂപ്രദേശമാണ് ചമ്പക്കുളം. ഇവിടുത്തെ പ്രധാന ഉത്സവമാണ് ചമ്പക്കുളം മൂലം വള്ളംകളി, നടുഭാഗം, കൊണ്ടാക്കൽ തുടങ്ങിയ സ്ഥലങ്ങൾ എവിടെയാണ് . നെടുമുടി പഞ്ചായത്തിലെ ഒരു പ്രധാനമായ പ്രേദേശമാണിത്. പുന്നമട കായൽ വേമ്പനാട് കായലിലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത് ഇവിടെയാണ്. വിദേശികളടക്കം ധാരാളം പേരെ ആകർഷിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.തിരിച്ചു മടങ്ങാൻ കഴിയാത്തവണ്ണം ആലപ്പുഴ നമ്മുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരിക്കും.

ജനറൽ

മനോഹരമായ രണ്ട് പുഞ്ചിരികൾ, ഹോസ്പിറ്റലിൽ നിന്ന് ഈസ്റ്റർ സെൽഫി പങ്കുവെച്ച് ബാല

ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ ചാഞ്ഞുള്ള മനോഹരമായ ഒരു സെൽഫിയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരും പുഞ്ചിരിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെയും സിനിമാപ്രേമികളുടെയും കമന്റുകളും ഒരുപാടുണ്ട്. ആശുപത്രിക്കിടക്കയിൽനിന്നുള്ള നിന്നുള്ള പടം ആയതുകൊണ്ട് തന്നെ ഈസ്റ്റർ ദിനത്തിൽ താൻ തിരിച്ചുവരും എന്ന സന്ദേശമാണ് ബാല നൽകുന്നത് എന്ന് ചിലർ പറയുന്നു. ചിലർ ബാലയുടെ നല്ല ആരോഗ്യത്തിന് വേണ്ടി ആശംസിക്കുകയും പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മുൻപും ആശുപത്രിയിൽനിന്നുള്ള ചിത്രങ്ങൾ ബാല പങ്കുവെച്ചിരുന്നു. എലിസബത്തിനൊപ്പം കേക്ക് മുറിച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഈ സെൽഫിയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരുമാസം മുൻപാണ് ഗുരുതരമായ കരൾരോഗവുമായി ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയത്. രോഗം ഗുരുതരമാണെന്നും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ബാല.

ജനറൽ

ഇന്നസെന്റിന്റെ കല്ലറയില്‍ കന്നാസും, വാര്യരും, കിട്ടുണ്ണിയും തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന്റെ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. സിനിമാ റീലിന്റെ മാതൃകയിലാണ് അദ്ദേഹത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയിലെ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസന്റ് അഭിനയിച്ച് അനശ്വരമാക്കിയ മുപ്പതിലേറെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്.ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റിന്റെയും അന്നയുടെയും ആശയമാണ് ഇത്. ചിരിപ്പിച്ചും കരയിപ്പിച്ചും ഇന്നസന്റ് മലയാളികളുടെ മനസില്‍ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളെയാണ് കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നത്. കാബൂളിവാല, ദേവാസുരം, ഗോഡ്ഫാദര്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മണിച്ചിത്രത്താഴ്, ഇഷ്ടം, ഇന്ത്യന്‍ പ്രണയകഥ, മാന്നാര്‍ മത്തായി സ്പീക്കിങ്, പാപ്പി അപ്പച്ച, മിഥുനം, വിയറ്റ്‌നാം കോളനി, പ്രാഞ്ചിയേട്ടന്‍, കല്യാണരാമന്‍, വെട്ടം,ഫാന്റം പൈലി, രാവണപ്രഭു, സന്ദേശം തുടങ്ങി മുപ്പതോളം കഥാപാത്രങ്ങള്‍ കല്ലറയില്‍ പതിപ്പിച്ചിരിക്കുന്നു. ഇന്നസന്റിന്റെ കല്ലറയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കാനും അദ്ദേഹത്തിനായി പ്രാര്‍ഥിക്കാനുമായി നിരവധി ആളുകളാണ് സെന്റ് തോമസ് കത്തീഡ്രലില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.