വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഡിസംബർ 1 മുതൽ മാറ്റം, അറിയിപ്പുമായി കെഎസ്ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ  സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു. 

കേരളം

ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.വി അബ്ദുൽ വഹാബ് എംപി, എംഎൽഎ മാരായ പി.ടി.എ റഹീം , മുഹമ്മദ് മുഹ്സിൻ, ഉമർ ഫൈസി മുക്കം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൾപ്പെടെ 16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നിലേശ്വരം മുനിസിപ്പാലിറ്റി ചെയർമാനായ മുഹമ്മദ് റാഫി പി.പി, താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ അക്ബർ പി.ടി, ഒഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കർ കോരാട്, അഡ്വ. മൊയ്തീൻകുട്ടി, ജാഫർ ഒ.വി, ഷംസൂദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ കെ, അനസ് എം.എസ്, കരമന ബായർ, അഡ്വ. എം.കെ സക്കീർ, മലപ്പുറം കലക്ടർ വി.ആർ വിനോദ് ഐഎഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കേരളം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം*

തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.  

കേരളം

സംസ്ഥാനത്ത് പലയിടങ്ങളിലും ആശങ്ക പരത്തി കവർച്ചക്കാരായ കുറുവ സംഘം.

സംസ്ഥാനത്ത് പലയിടങ്ങളിലും ആശങ്ക പരത്തി കവർച്ചക്കാരായ കുറുവ സംഘം. ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുട്ടികളുടെ കരയുന്നതുപോലെ ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്. അതിനാൽ രാത്രിയിൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.  

കേരളം

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി ഹൈക്കോടതി

കൊച്ചി : ആനകളുടെ എഴുന്നള്ളിപ്പിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി ഉത്തരവിട്ടു. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത്. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുത്. ആറു മണിക്കൂറിലധികം ആനയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണം. ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണമെന്നും കോടതി പറഞ്ഞു. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. 

കേരളം

റേഷൻ കാർഡിലെ പിശകുകൾ പരിഹരിക്കാം; തെളിമ 2024 പദ്ധതിയുമായി കേരള സർക്കാർ

റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം. കാർഡ് ഉടമകൾക്ക് ഇതിലൂടെ പണച്ചിലവ് ഇല്ലാതാകും. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.തെളിമ 2024 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ / എഎവൈ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. എൽപിജി, വൈദ്യുതി കണക്ഷൻ ചേർക്കാം. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.  

കേരളം

ട്രാഫിക് നിയമം ലംഘിച്ചോ? പിഴ അടയ്ക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല; മുന്നറിയിപ്പുമായി MVD

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ഒരിക്കലും വാട്‌സാപ്പിലൂടെ അയക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്‌മെന്റ് ലിങ്കോ വാട്‌സാപ്പില്‍ അയക്കില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.   എംവിഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:- "അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.  ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH  (Ministry of Road Transports & Highways)ന് ഇല്ല. ഇത്തരം message കൾ ഓപ്പൺ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ delete ചെയ്യുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട  

കേരളം

കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി 300 അടി താഴേക്ക് മറിഞ്ഞു. ഡ്രൈവർക്ക് ഗുരുതര പരിക്ക്

ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിൽ നിന്നും ലോറി താഴേക്ക് മറിഞ്ഞു. കൊടും വളവിൽ നിന്നും 300 അടി താഴ്ച്ചയിൽ റോഡിലേക്ക് തന്നെയാണ് ലോറി മറിഞ്ഞത്.  ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടുകൂടിയായിരുന്നു അപകടം. അപകടത്തിൽ രാജാക്കാട് സ്വദേശിയായ ബേസിലിന് ഗുരുതര പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. തമിഴ്നാട്ടിൽ നിന്നും ചണ ചാക്കുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം പൂർണമായും തകർന്നു.