വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ബലിപെരുന്നാള്‍ അവധി ദിനത്തില്‍ മാറ്റം; സംസ്ഥാനത്ത് അവധി ശനിയാഴ്ച, വെള്ളി പ്രവൃത്തിദിനം

സംസ്ഥാനത്തെ ബലിപെരുന്നാള്‍ അവധിയില്‍ മാറ്റം. ബലിപെരുന്നാള്‍ ദിവസമായ ശനിയാഴ്ചയായിരിക്കും അവധി. നേരത്തേ വെള്ളിയാഴ്ച തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ശനിയാഴ്ചയായതോടെയാണ് അവധിദിനം മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍.

കേരളം

'ഒരു തൈനടാം'ജനകീയ കാമ്പയിൻ; ജില്ലയിൽ ഏഴരലക്ഷംവൃക്ഷതൈകൾനടും

കോട്ടയം: ഹരിത കേരളംമിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ നടപ്പാക്കുന്ന 'ഒരുതൈനടാം' ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഏഴരലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കും. നാലുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷതൈകൾ നടും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.     ജില്ലയിൽ സാമൂഹ്യവനവൽക്കരണവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്നിവ ഒന്നരലക്ഷം വീതം തൈകൾ തയാറാക്കും. ഓരോ തദ്ദേശ സ്വയംഭരണവാർഡിൽനിന്നും കുറഞ്ഞത് 350 തൈകൾ ജനകീയ ഇടപെടലിലൂടെ പ്രാദേശികമായി തയാറാക്കും. സ്‌കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, തൊഴിലുറപ്പുതൊഴിലാളികൾ, ഹരിതകർമസേന, അധ്യാപക, സർവീസ് സംഘടനകൾ, സന്നദ്ധസംഘടനകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ തൈകൾ തയാറാക്കലും നടീലും നടത്തും. തൈകൾ വളർച്ച എത്തുംവരെ പരിചരണം ഉറപ്പാക്കാൻ പ്രാദേശികമായി പരിചരണ സമിതികൾ രൂപീകരിക്കും. ജൂൺ അഞ്ചിനു ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞചൊല്ലും. സ്‌കൂൾ വിദ്യാർഥികൾ തങ്ങളുടെ കൂട്ടുകാർക്കു വൃക്ഷത്തൈകൾ പരസ്പരം കൈമാറുന്ന 'ചങ്ങാതിക്കൊരുമരം' പരിപാടി ജൂൺ 25നു ടത്തും. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെ ഈപരിപാടിയിൽ പങ്കാളികളാക്കി രണ്ട് ലക്ഷം വൃക്ഷ തൈകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയിൽ നടും..  ഒരു തൈനടാം കാമ്പയനുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി റീൽസ് മത്സരം സംഘടിപ്പിക്കും. വൃക്ഷത്തൈ തയാറാക്കൽ, കൈമാറൽ, നടീൽ, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ടു കുട്ടി നടത്തിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി പരിസ്ഥിതി സംരക്ഷണം ഉൾക്കൊള്ളുന്നതാകണം റീൽസ്. പരമാവധി ദൈർഘ്യം 45 സെക്കന്റ്. മികച്ച റീൽസിനു ക്യാഷ്അവാർഡും പ്രശസ്തിപത്രവും നൽകും. കാലാവധി പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനപ്രതിനിധികൾ കാമ്പയിന്റെ ഭാഗമായി തങ്ങളുടെ സേവനകാലത്തിന്റെ സ്മരണ നിലനിർത്താൻ പ്രതിനിധാനം ചെയ്ത വാർഡിലെ പൊതുസ്ഥലങ്ങളിൽ മൂന്നു വൃക്ഷതൈകൾ വീതംവെച്ച് പിടിപ്പിക്കും. ജനപ്രതിനിധിയുടെ പേര്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വഹിച്ച ചുമതല, കാലയളവ് എന്നിവ ഉൾപ്പെടുത്തി അടയാളഫലകം സ്ഥാപിക്കും.

കേരളം

സംസ്ഥാനത്ത് 519 പേർക്ക് കോവിഡ്, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്.പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം എന്ന് മന്ത്രി വ്യക്തമാക്കി.ലാബുകളിൽ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യപകമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കേരളം

കൊവിഡ്; സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ല, മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണം. രോഗ പ്രതിരോധ പ്രോട്ടോകോൾ ആശുപത്രിയിൽ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. അതേസമയം, കൊവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോര്‍ട്ട് ചെയ്തതില്‍ സാരമായ കേസുകള്‍ ഒന്നുമില്ല. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വര്‍ധനവോ കൊവിഡ് ലക്ഷണങ്ങള്‍ക്ക് സമാനമായ കേസുകളോ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിടക്കകള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളം

അവധി ചോദിച്ചയച്ച മെസേജിൽ അക്ഷരത്തെറ്റ് , പത്തനംതിട്ട ജില്ല കളക്ടറുടെ മറുപടി

പത്തനംതിട്ട:വീണ്ടും വൈറലായി ഒരു കളക്ടർ മഴ കാരണം അവധി ചോദിച്ച് ഒഴപ്പൻ : അക്ഷരത്തെറ്റ് കണ്ട് അന്തിച്ചു പോയി കളക്ടർ, പോയി മലയാളം പഠിച്ചിട്ട് അവധി ചോദിക്കട എന്ന് മറുപടി   പത്തനംതിട്ട കളക്ടർ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സ്റ്റോറി ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ജില്ലയിലെ മഴയുടെ പശ്ചാത്തലത്തിൽ ഒരു വിദ്യാർത്ഥി അവധി ചോദിച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആയി ഇട്ടിരിക്കുന്നത്. അക്ഷര തെറ്റിൽ അവധി ചോദിച്ചു കൊണ്ട് അയച്ച മെസ്സേജ് ആണ് കളക്ടർ സ്റ്റോറി ആക്കിയിരിക്കുന്നത്. ഇതിന് കളക്ടർ നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. അവധി ചോദിക്കുന്നതിനു പകരം സ്ഥിരമായി സ്കൂളിൽ പോവുക. പ്രത്യേകിച്ചും മലയാളം ക്ലാസിൽ കയറുക. ഇന്ന് അവധി ഇല്ല. നന്ദി - എന്നാണ് കളക്ടർ മറുപടി പറഞ്ഞത്. കളക്ടർ പങ്കുവച്ച സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

കേരളം

രണ്ടു ന്യൂനമർദം, മഴ കനക്കും; 29,30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് കലക്ടർമാർക്ക് നിർദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.അതിനിടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലായി മറ്റൊരു ന്യൂനമർദം സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. മഴയുടെ അളവും മൺസൂൺ കാറ്റിന്റെ ശക്തിയും വർധിക്കും. മേയ് 29, 30 തീയതികളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 586 വീടുകൾ ഭാഗികമായും 21 വീടുകൾ പൂർണമായും തകർന്നെന്നും മന്ത്രി അറിയിച്ചു.  

കേരളം

KSEBയുടെ സുരക്ഷ മുന്നറിയിപ്പ്; പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം

KSEB സുരക്ഷാ മുന്നറിയിപ്പ്🚨🚨 മഴയും കാറ്റും ഉള്ള ദിവസങ്ങളിൽ മരക്കൊമ്പ് വീണോ മറ്റോ വൈദ്യുതികമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞ് കിടക്കാനോ സാധ്യതയുണ്ട് പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസരപ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്ത് പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയും ചെയ്യരുത്. ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയിൽ പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കുക. ഓർക്കുക ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പർ ആണ്.

കേരളം

ഇന്നു മുതൽ മഴ കനക്കും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ 12 ജില്ലകളിൽ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ വടക്കൻ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.